ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു തൊട്ടു പിന്നാലെ നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചതിനു നിര്‍ണായക തെളിവ്. അന്വേഷണസംഘം ആരോപിച്ചതു പോലെ 20 ദിവസം വൈകിയല്ല ദിലീപ് ഡിജിപിയെ വിളിച്ചതെന്നാണ് വിവരം. ഇതിന് തെളിവേകുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നു. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് ആരോപിച്ച് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഫോണ്‍വിളി രേഖകള്‍ പുറത്തുവന്നത്. ഡിജിപിക്ക് വാട്‌സ്ആപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ സുനിയുടെ ഫോണ്‍ വന്ന ദിവസം തന്നെ ഡിജിപിയെ വിളിച്ചിട്ടുണ്ടെന്നാണ് പുതിയ തെളിവ് സൂചിപ്പിക്കുന്നത്.
മാര്‍ച്ച് 28നാണ് പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത്. ദിലീപ് പൊലീസില്‍ പരാതി നല്‍കിയത് ഏപ്രില്‍ 22നും. പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.