kerala

പാലക്കാട് ബിജെപിയിൽ ഭിന്നത; നഗരസഭാ ഭരണം നഷ്ടപ്പെടാൻ സാധ്യത, രാജിക്കൊരുങ്ങി കൗൺസിലർമാർ

By webdesk14

January 26, 2025

പാലക്കാട്: പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഈ നീക്കത്തിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഇവർ രാജി വെച്ചേക്കുമെന്നാണ് സൂചന.

നിലവിൽ യാക്കരയിൽ ബിജെപി കൗൺസിലർമാരുടെ യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കൗൺസിലർമാർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കിൽ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.