X

മൂന്നാം മുന്നണിയിലേക്കില്ല; സഖ്യം കോണ്‍ഗ്രസുമായെന്ന് ഡി.എം.കെ

ചെന്നൈ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് എന്നീ കക്ഷികളുമായി ചേര്‍ന്ന് തന്നെയായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് ഡി.എം.കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ ദുരൈ മുരുകന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഡി.എം.കെയുമായി ചേര്‍ന്നായിരിക്കും മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് വസന്തകുമാറും പറഞ്ഞു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനായി നടത്തിയ പ്രക്ഷോഭത്തിന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഡി.എം.കെ കോണ്‍ഗ്രസ് മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

മൂന്നാം മുന്നണിയിലേക്ക് ഡി.എം.കെയെ ക്ഷണിക്കുന്നതിനായി ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര റാവു സ്റ്റാലിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ കോണ്‍ഗ്രസിന് പുറമെ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ്, വൈക്കോയുടെ എം.ഡി.എം.കെ, വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.എം, എം.എം.കെ എന്നീ പാര്‍ട്ടികളും ഉണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് തനിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഡി.എം.കെ തമിഴ്‌നാട്ടിലേയും പുതുച്ചേരിയിലേതുമുള്‍പ്പെടെ 40 മണ്ഡലങ്ങളിലും പരാജയപ്പെട്ടിരുന്നു.

chandrika: