തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിന് യോഗ്യരായ പഠനവൈകല്യമുള്ള കുട്ടികളുടെ പ്രവേശനനടപടി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് കേസെടുത്തു. ഡിസ്ലെക്‌സിയ പോലെ പഠന വൈകല്യമുള്ള കുട്ടികളുടെ പ്രവേശനമാണ് സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി തടസ്സപ്പെട്ടിരിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളാണ് സാങ്കേതിക തടസ്സത്തില്‍ ഉപരിപഠനം മുടങ്ങിയതിന്റെ പേരില്‍ പരാതി സമര്‍പ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ സാധുതയുള്ള സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലയിലെ പ്രവേശന കൗണ്‍സലിംഗിന് ഹാജരായപ്പോള്‍ സാങ്കേതിക കാരണം ഉന്നയിച്ച് അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് പരാതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഈ വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ കാരണം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, സാങ്കേതിക കാരണങ്ങളുടെ പേരില്‍ പഠനവൈകല്യമുള്ള കുട്ടിക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിയമവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടികളുടെ പഠിക്കാനുള്ള അവകാശം തടയുന്നതുപോലുള്ള സംഭവങ്ങളെ ഗുരുതരമായി കണക്കാക്കും. അതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നം അടിയന്തരമായി പരിഹരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം.