ന്യൂഡല്‍ഹി: രാജ്യത്തിന്റെ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് കാലത്തിനും മുന്നേ സര്‍ക്കാറിന് മുന്നില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ജിഡിപി 24% കുറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാജ്യം കൊറോണ വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള മുന്നറിയിപ്പുകളുമായി ജനുവരി മുതല്‍ തന്നെ നിരവധി ട്വീറ്റുകളാണ് രാഹുല്‍ പങ്കുവെച്ചിരുന്നത്. നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.

ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം, പിന്നീട് മാസങ്ങള്‍ മുന്നിലുണ്ടായിട്ടും പ്രതിരോധ പദ്ധതികളൊന്നും നടപ്പാക്കാത്ത മോദി സര്‍ക്കാരിനെ അന്ന് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വ്യക്തമായ മുന്നൊരുക്കുങ്ങളില്ലാത്തെ കേന്ദ്രത്തിന്റെ ലോക്ഡൗണെതിരേയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. 21 ദിവസത്തെ ആദ്യ ഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സാമ്പത്തിക പദ്ധതികള്‍ വരാത്തത് നിരാശാജനകമായാണ് പാര്‍ട്ടി കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

കോവിഡ് -19 വ്യാപിച്ച് 84 ദിവസത്തിന് ശേഷം മാര്‍ച്ച് 24 ന് മാത്രമാണ് വെന്റിലേറ്ററുകള്‍, ശ്വസന ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിക്കെടുക്കാത്തതിന് തെളിവാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കി തുടങ്ങിയ മാര്‍ച്ചില്‍ തന്നെ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

2019 പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി നടപ്പിലാക്കുക എന്നതാണ് ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വൈറസുമായുള്ള ഈ യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യംമെന്നും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഉപായത്തിലെ രണ്ടാം ഘടകം ഐസൊലേഷന്‍, പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണമാണെന്നും, രാജ്യം നേരിടാന്‍ പോകുന്ന കൊറോണ സുനാമിയെ സംബന്ധിച്ച് ഫെബ്രുവരി 12 മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുകള്‍ നല്‍കിയ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞങ്ങളുടെ തന്ത്രത്തിന് 2 ഘടകങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയുന്നതിനും ബിസിനസ്സ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുന്നതിനും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. ദരിദ്രര്‍ക്ക് മിനിമം വരുമാന ഗ്യാരന്റി പദ്ധതി (ന്യായ്)നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

”വൈറസിനെ ഐസൊലേന്‍ വഴി ഒറ്റപ്പെടുത്തി അതിന്റെ പ്രചരണ വഴികള്‍ തടയുക. രോഗബാധിതരെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിക്കുക. രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് പൂര്‍ണ്ണമായ ഐ.സി.യു ശേഷിയുള്ള വന്‍തോതിലുള്ള എമര്‍ജന്‍സി ഫീല്‍ഡ് ആസ്പത്രികള്‍ സൃഷ്ടിക്കുക,” തുടങ്ങിയതാണ് രണ്ടാം ഘടകമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ദിവസക്കൂലക്കാരായ ആളുകള്‍ക്കായി നിര്‍ബന്ധമായും നേരിട്ട് പണം എത്തിച്ചുനല്‍കല്‍ സൗജന്യ റേഷന്‍ തുടങ്ങിയ പദ്ധതികളുമായി ഉടനടി സഹായം ലഭ്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു.. ”ഇത് വൈകുന്നത് വ്യാപകമായ നാശത്തിനും കുഴപ്പത്തിനും ഇടയാക്കുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കി.

ഇതിനായി 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത മിനിമം വരുമാന ഗ്യാരണ്ടി പദ്ധതി (ന്യായ്) നടപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ 20% ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണ് ന്യായ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബിസിനസ്സ് ഉടമകള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പാക്കണം. നിരവധി വ്യവസായങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും നികുതിയിളവിലൂടെയും മറ്റും വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയാനാകുമെന്നും സാമ്പത്തിക സഹായത്തിലൂടെയും അവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.