തിരുവനന്തപുരം: വരള്‍ച്ചയും റേഷന്‍ ക്ഷാമവും രൂക്ഷമായിരിക്കെ പരിഹാരം തേടി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്നും വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 991.54 കോടി രൂപ അധികസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം ഡല്‍ഹിക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റേതാണ് തീരുമാനം.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിന് ലഭിച്ചിരുന്ന അരിവിഹിതത്തില്‍ രണ്ടുലക്ഷത്തോളം മെട്രിക് ടണ്‍ കുറവുണ്ട്. നേരത്തെ 16 ലക്ഷം മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 14.2 മെട്രിക് ടണ്‍ ആണ് നല്‍കുന്നത്. ലഭിച്ചുകൊണ്ടിരുന്ന അരിവിഹിതം തുടരണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുന്നതോടെ കേരളത്തില്‍ ഉണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ഫലത്തില്‍ ഇല്ലാതായ അവസ്ഥയാണെന്നും നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ഗണനാ ലിസ്റ്റില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ചുവരികയാണെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലിസ്റ്റില്‍ എണ്ണം നിശ്ചയിച്ചിട്ടുള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പട്ടിക അന്തിമമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. ഇതോടൊപ്പം റേഷന്‍ മൊത്ത വ്യാപാരം സര്‍ക്കാരിന്റെ ചുമതലയില്‍ നിര്‍വഹിക്കും. റേഷന്‍ കടകളിലും നിയമം നടപ്പാക്കുന്നതിനായി ക്രമീകരണങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരള്‍ച്ച നേരിടാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കും. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. പുതുതായി കുടിവെള്ള കിയോസ്‌കുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഒരു കിയോസ്‌ക് കൊണ്ടുമാത്രം ഒരു പ്രദേശത്തെ പ്രശ്‌നം തീര്‍ക്കാനാവില്ല. അതിനാല്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം കുടിവെള്ളം ടാങ്കറില്‍ എത്തിക്കുന്ന സംവിധാനമൊരുക്കും.
കുഴല്‍ക്കിണറുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കും. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജലവിതരണത്തിന് കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം നടപടി അനുവദിക്കില്ല – മുഖ്യമന്ത്രി അറിയിച്ചു.