മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിക്ക് തിരിച്ചടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സുശാന്ത് സിങിനെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തില്‍ പി.എം.നരേന്ദ്ര മോദി ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങിനെ ലക്ഷ്യംവച്ചാണ് ശിവസേനയുടെ തിരിച്ചടി.

സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാറിനെതിരേയും ആദിത്യ താക്കറെക്കെതിരെരേയും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിന് തിരിച്ചടിയായാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടി. സുശാന്ത് സിങിന്റെ മരണംതന്നെ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബിജെപി, മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ചിരുന്നു. മയക്കുമരുന്ന് ആരോപണത്തില്‍ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. എന്നാല്‍, ഇതിന് പിന്നാലെയാണ് സന്ദീപ് സിങിനെതിരെയുള്ള നീക്കം മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമാക്കിയത്.

ചലച്ചിത്ര നിര്‍മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സന്ദീപ് സിങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത്. അതുപോലെ ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കാന്‍ പോകുകയാണ്. തങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ സിബിഐക്ക് കൈമാറുമെന്നും അനില്‍ ദേശ്മുഖ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം.നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സന്ദീപ് സിങ്.

സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ സന്ദീപ് സിങിനെതിരെ സിബിഐ അന്വേഷിക്കാന്‍ പോകുകയാണെന്ന് കോണ്‍ഗ്രസ് വാക്താവ് സച്ചിന്‍ സാവന്തും പറഞ്ഞു.