X

അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിതരണം ചെയ്യാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എം.എസ്.എഫ്

മുടങ്ങിക്കിടക്കുന്ന പത്ത് കോടിയോളം വരുന്ന എട്ട് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി. ന്യൂനപക്ഷ സകോളര്‍ഷിപ്പുകളോടുള്ള പിണറായി സര്‍ക്കാറിന്റെ അവഗണനക്ക് തെളിവാണ് ഇതെന്നും കമ്മിറ്റി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കില്ല എന്ന് വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആശ്രയ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പുകളാണ്.

കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.

എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് , മദര്‍തരേസ സ്‌കോളര്‍ഷിപ്പ് , ഉറുദു സകോളര്‍ഷിപ്പ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സകോളര്‍ഷിപ്പുകളടക്കം സര്‍ക്കാര്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.

കേരളത്തിലെ െ്രെപമറി വിഭാഗത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളും താറുമാറായ അസ്ഥയാണ്. 2020-21,2021-22 അക്കാദമിക വര്‍ഷങ്ങളിലെ പരീക്ഷകള്‍ കൊവിഡ് കാരണം അക്കാദമിക വര്‍ഷവും കഴിഞ്ഞതിന് ശേഷമാണ് നടന്നത്. കൊവിഡിന് ശേഷം അക്കാദമിക വര്‍ഷം പൂര്‍വ്വ സ്ഥിതിയിലായെങ്കിലും ഈ വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ വിജ്ഞാപനം സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. സാദാരണഗതിയില്‍ ഫെബ്രുവരി അവസാന വാരമാകുമ്പോഴേക്ക് പരീക്ഷ നടക്കാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷവും സമയബന്ധിതമായി നടന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമങ്ങളെ തിരിച്ചറിയണമെന്നും കമ്മിറ്റി ഉന്നയിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസത്തോളം സമയം പിന്നിട്ടതിന് ശേഷവും സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോളേജ് യൂണിയന്‍ ഇലക്ഷനില്‍ എം.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ക്ക് കൂടുതല്‍ യു.യു.സിമാരെ ലഭിച്ചത് കൊണ്ട് തന്നെ സര്‍വകലാശാലയുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ സര്‍വകലാശാലാ ഭരണം പിടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 15 ദിവസത്തിനുള്ളില്‍ യു.യു.സിമാര്‍ ഡീന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വിരുദ്ധമായി ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ യു.യു.സിമാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം നീട്ടി നല്‍കിക്കൊണ്ട് ഒരു നോട്ടീസ് ഇറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന അന്വേഷണത്തിനും ഡീന്‍ ഓഫീസിന് മറുപടിയില്ല. സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി.

യു.യു.സിമാരെ കുറിച്ചുള്ള മുഴുവന്‍ ഡോക്യൂമെന്റുകളും എം.എസ്.എഫ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം അയോഗ്യരാക്കാനുള്ള രീതിയിലുള്ള ഒരു പരാതി പോലും സര്‍വകലാശാലക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ എസ്.എഫ്.ഐ ക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. വിഷയത്തില്‍ പ്രതിഷേധിച്ച് ആറാം തിയ്യതി ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടിയും എട്ടാം തിയ്യതി ഡീന്‍ ഓഫീസ് ഉപരോധവും നടത്തും.

പത്ര സമ്മേളനത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പുകോട്ടൂര്‍,വി എ വഹാബ്, പി എ ജവാദ്, എന്നിവര്‍ പങ്കെടുത്തു

webdesk13: