ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ മധ്യവയസ്‌ക്കന്റെ അശ്ലീല പ്രദര്‍ശനം. ദക്ഷിണ ഡല്‍ഹിയിലാണ് 23 വയസുള്ള പെണ്‍കുട്ടിയെ അപമാനിക്കാനുള്ള ശ്രമം നടന്നത്. ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം വസന്ത് വിഹാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്ഞാതനായ മധ്യവയസ്‌കനെ പൊലീസ് തെരയുന്നു.

വിദ്യാര്‍ഥിനിയുടെ അരികെയിരുന്നാണ് തുടര്‍ച്ചയായി പ്രതി അശ്ലീല പ്രദര്‍ശനം നടത്തിയത്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒച്ചവെച്ചെങ്കിലും ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ മാസം 7ാം തിയ്യതി വൈകീട്ട് 3 മണിയോടെയാണ് സംഭവം ഉണ്ടായത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.

‘ഞാന്‍ ബസിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്ന് സീറ്റ് വിറയ്ക്കുന്നത് പോലെ തോന്നി. എന്റെ അടുത്തിരുന്ന മനുഷ്യന്‍ അരുതാത്തത് എന്തോ ചെയ്യുകയായിരുന്നുവെന്ന് എനിക്ക് മനസിലായി. അയാള്‍ കൈമുട്ട് എന്റെ അരക്കെട്ടില്‍ സ്പര്‍ശിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു. ഞാന്‍ ഇതിന്റെ ദൃശ്യങ്ങള്‍ എന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷമാണ് ഒച്ച വെച്ചത്.’ ദുരനുഭവം നേരിട്ട പെണ്‍കുട്ടി പറയുന്നു.

സംഭവത്തിന്റെ മുഴുനീള ദൃശ്യം പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പരാതിക്ക് ബലം നല്‍കാനാണ് താന്‍ വീഡിയോ പകര്‍ത്തിയെതെന്നും കുറ്റക്കാരനെ നാണംകെടുത്താനാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.