കൊല്‍ക്കത്ത: ഐ-ലീഗില്‍ മോശം ഫോമിലുള്ള ഗോകുലം എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം ജയിച്ചു കയറിയത്. ജയത്തോടെ ഗോകുലം ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ ബഗാന്റെ കിരീട പ്രതീക്ഷകള്‍ക്ക് ഇത് വന്‍ തിരിച്ചടിയായി.

76-ാം മിനുട്ടില്‍ ബഹ്‌റൈനി സ്‌ട്രൈക്കര്‍ മഹ്മൂദ് അല്‍ അജ്മിയാണ് ബഗാന് ആദ്യത്തെ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. എന്നാല്‍ രണ്ടു മിനുട്ടുകള്‍ക്കുള്ളില്‍ ദിപാന്ദ ഡിക്കയിലൂടെ ആതിഥേയര്‍ ഒപ്പമെത്തി. 90-ാം മിനുട്ടില്‍ ഉഗാണ്ട താരം ഹെന്റി കിസേക്കയാണ് എവേ ഗ്രൗണ്ടില്‍ വിലപ്പെട്ട മൂന്നു പോയിന്റ് ഗോകുലത്തിന് നേടിക്കൊടുത്തത്.

14 മത്സരങ്ങളില്‍ 21 പോയിന്റുള്ള ബഗാന്‍ നിലവില്‍ നാലാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി മിനര്‍വ പഞ്ചാബ് ആണ് ലീഡ് ചെയ്യുന്നത്. നെറോക്ക (28), ഈസ്റ്റ് ബംഗാള്‍ (23) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സീസണിലെ നാലാം ജയം കണ്ടെത്തിയ ഗോകുലം അവസാന സ്ഥാനത്തു ന ിന്ന് രക്ഷപ്പെട്ട് ഒമ്പതിലേക്ക് മുന്നേറി. ചെന്നൈ സിറ്റിയാണ് അവസാന സ്ഥാനത്ത്.