ദുബൈ: എമിറേറ്റിന്റെ മുഖച്ഛായ മാറ്റുന്ന ദുബൈ കനാല്‍ പദ്ധതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം തുറന്നു വിട്ടു. മൂന്നു വര്‍ഷമായി തുടരുന്ന പ്രവര്‍ത്തികള്‍ക്കിടെ ആദ്യമായാണ് വെള്ളം തുറന്നുവിടുന്നത്. രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി അടുത്ത മാസം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കനാലില്‍ ഇപ്പോള്‍ ആറു മീറ്റര്‍ വെള്ളമില്ലെങ്കിലും ക്രമേണ അതിലേക്കെത്തിക്കുമെന്നാണ് കരുതുന്നത്. രണ്ടാഴചക്കകം ജലനിരപ്പ് ക്രമീകരിക്കും.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തടസ്സങ്ങളില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്. നടപ്പാലത്തിന്റെ ജോലികള്‍ ഒരേ സമയം രണ്ടിടങ്ങളില്‍ പുരോഗമിക്കുന്നു. കൂടാതെ പാലത്തിന്റെ ഭാരം താങ്ങുന്ന ആര്‍ച്ച് രൂപവും അന്തിമ ഘട്ടത്തിലാണ്. ദുബൈ കനാല്‍ പദ്ധതി ശരിയായ പാതയിലാണെന്നും മുന്‍നിശ്ചയിച്ച പ്രകാരം ജോലികള്‍ തീരുമെന്നും ആര്‍.ടി.എ മേധാവിയുടെ ഓഫീസിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ലൈല അല്‍ ഫറൈദൂന്‍ പറഞ്ഞു. ഈ വര്‍ഷം എമിറേറ്റില്‍ പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ പദ്ധതിയാണ് ദുബൈ കനാല്‍. തിങ്കളാഴ്ച നടന്ന ദുബൈ ഇന്റര്‍നാഷണള്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഫോറത്തില്‍ പദ്ധതി ചര്‍ച്ചയായിരുന്നു.

ബിസിനസ് ബേ കനാലിനെ അറേബ്യന്‍ ഗള്‍ഫുമായി ബന്ധിപ്പിക്കുന്നതാണ് ദുബൈ കനാല്‍ പദ്ധതി. ഇതുവഴി ബുര്‍ദുബൈ, സബീല്‍, അല്‍ കറാമ, ഊദ്‌മെത്ത, അല്‍ സത്‌വ മേഖലകളടങ്ങുന്ന പഴയ ദുബൈ ഒരു ദ്വീപായി രൂപാന്തരപ്പെടുന്നുണ്ട്.ബുര്‍ദുബൈയിലെ അല്‍ ഷിന്ദഗയില്‍ നിന്നും തുടങ്ങുന്ന ദുബൈ ക്രീക്ക് 14 കിലോമീറ്റര്‍ പിന്നിട്ട് റാസല്‍ഖോര്‍ വന്യജീവി കേന്ദ്രത്തിലാണ് സമാപിക്കുന്നത്. കൂടാതെ അല്‍ഖൈല്‍ റോഡ് ഇന്റര്‍സെക്ഷന്‍, ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് (ബിസിനസ് ബേയുടെ തുടക്കം) എന്നിവിടങ്ങളിലേക്കും ക്രീക്കിന് തുടര്‍ച്ചയുണ്ട്. ജുമൈറയുടെ ചില ഭാഗങ്ങള്‍, അല്‍ സഫ മേഖല, ബിസിനസ് ബേ, ഡൗണ്‍ ടൗണ്‍ ദുബൈ, അല്‍ ജദ്ദാഫ്, ഊദ് മെത്ത എന്നിവിടങ്ങളും വന്‍ ദ്വീപിന്റെ ഭാഗമാണ്. ദുബൈയുടെ ജലഗതാഗത രംഗത്തും കനാല്‍ കാതലായ മാറ്റങ്ങളുണ്ടാക്കും. 18 മറൈന്‍ സ്റ്റേഷനുകളാണ് ദുബൈവാട്ടര്‍വേയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ ദേര, ബുര്‍ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ജുമൈറയിലെത്തുക എളുപ്പമാകും.