ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ഉര്‍വ്വശി. സിനിമാമേഖലയില്‍ നിന്നുള്ള വിവാഹവും പിന്നീട് വേര്‍പിരിയലും ഒക്കെയായി വളരെയേറെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന നടി. വേര്‍പിരിയലിന് ശേഷവും സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം മകളുടെ സിനിമാപ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ മലയാളം റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടില്ലെന്ന് ഉര്‍വ്വശി പറഞ്ഞത്.

സിനിമ ഇഷ്ടപ്പെട്ടുകൊണ്ടല്ല താന്‍ സിനിമയില്‍ വന്നത്. അതുകൊണ്ടുതന്നെ മകള്‍ വരുന്നതിനോടും താല്‍പ്പര്യമില്ല. കിട്ടിയ റോളുകള്‍ സൂപ്പര്‍ഹിറ്റുകളായത് തന്റെ മാത്രം കഴിവുകൊണ്ടുമാത്രമല്ല. ഓരോ സിനിമ കഴിയുമ്പോഴും പറയുമായിരുന്നു ഇതു കഴിഞ്ഞു കോളേജില്‍ പോകും, ഇനി താന്‍ അഭിനയിക്കില്ല, എന്നൊക്കെ. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും ഉര്‍വ്വശി പറയുന്നു.

ജീവിതത്തില്‍ സംഭവിച്ച വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരിക്കല്‍ തുറന്നെഴുതുമെന്നും, ആത്മകഥയില്‍ ഉണ്ടായിരിക്കുമെന്നും താരം വ്യക്തമാക്കി. നടന്‍ മനോജ് കെ ജയനായിരുന്നു ഉര്‍വ്വശിയുടെ ആദ്യഭര്‍ത്താവ്.