മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്‍ന്ന് സിനിമാമേഖലയിലേക്ക് എത്തുകയാണ്. മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസന്റെ മകന്‍ വിനീതുമൊക്കെ യുവനടന്‍മാരില്‍ തിളങ്ങുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് പ്രണവിന്റെ സിനിമാപ്രവേശനത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍തന്നെ രംഗത്തെത്തിയത്. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് നായകനാവുന്നത്. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ അഭിപ്രായം പ്രത്യക്ഷപ്പെട്ടിട്ടുള്ള്. പ്രണവ് മോഹന്‍ലാലിനെ താന്‍ വല്ലപ്പോഴുമേ കാണാറുള്ളൂവെന്ന് ദുല്‍ഖര്‍ പറഞ്ഞു. പ്രണവിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാവര്‍ക്കും അവരുടേതായ എന്തെങ്കിലും സംഭാവനകള്‍ കൊണ്ടുവരാനുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ സിനിമക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ചിത്രങ്ങളിലാണ് പ്രണവ് ബാലതാരമായി അിനയിച്ചിട്ടുള്ളത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍, മേജര്‍ രവി ഒരുക്കിയ പുനര്‍ജനി. ഇതില്‍ പുനര്‍ജനിയിലെ പ്രകടനത്തിന് 2002ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവിന് ലഭിച്ചു. ജിത്തുജോസഫിന്റെ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും.