കണ്ണൂര്‍: അഹമ്മദിന്റെ വിയോഗം തളര്‍ത്തിയത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീനെ. പതിറ്റാണ്ടുകളായി തുടരുന്ന വ്യക്തി ബന്ധത്തിന്റെ കണ്ണിയറ്റു പോയപ്പോള്‍ ഒട്ടും താങ്ങാനായില്ല ഈ തമിഴ്‌നാട്ടുകാരന്. ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തിലാണ് ഖാദര്‍ മൊയ്തീന്‍ വിതുമ്പിയത്.

അനുശോചന പ്രസംഗത്തില്‍ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടയില്‍ വാക്കുകള്‍ മുറിഞ്ഞു. വിതുമ്പലിനിടയില്‍ വാക്കൂകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി അദ്ദേഹത്തെ ഇരിപ്പിടത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ വേദിയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് നേതാക്കളും കണ്ടു നിന്ന പ്രവര്‍ത്തകരുടെയും കണ്ണു നിറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ശബ്ദമായ അഹമ്മദ് പടുത്തുയര്‍ത്തിയ സ്ഥാപന അങ്കണത്തില്‍ നടന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടത്തു.