കണ്ണൂര്‍: വിശ്വപൗരന്റെ ദേഹവിയോഗം നഗരങ്ങളെയും ഗ്രാമങ്ങളെയും മൂകതയുടെ മൂടുപടമണിയിച്ചു. നഗരങ്ങളും നിരത്തുകളും വിജനമായിരുന്നു. ജനനായകനോടുള്ള ആദരം നെഞ്ചേറ്റി സ്വമേധയാ ജനങ്ങള്‍ ഹര്‍ത്താലില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹര്‍ത്താലില്‍ പങ്കുചേരണമെന്ന നിബന്ധന എങ്ങുമുണ്ടായിരുന്നില്ല. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ പ്രധാന പട്ടണങ്ങളിലെയും മലയോര മേഖലയിലെയും കടകളെല്ലാം തന്നെ അടഞ്ഞു കിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തി. പ്രിയനേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനങ്ങള്‍ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി കണ്ണൂരിലേക്ക് ഒഴുകിയെത്തി.ആസ്പത്രികളും ഫാര്‍മസികളും പതിവുപോലെ പ്രവര്‍ത്തിച്ചു. ആദരസൂചകമായി ജില്ലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധിയായിരുന്നു. ഭൂരിഭാഗം ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ആസ്പത്രി, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവയോട് ചേര്‍ന്നുള്ള ചെറു ഹോട്ടലുകള്‍ തുറന്നിരുന്നു. നഗരത്തിലെ കവലകളിലെല്ലാം നേതാവിന് ആദരമര്‍പ്പിച്ച് പോസ്റ്ററുകളും കറുപ്പ് പതാകകളും ഉയര്‍ന്നു.