കെ.മൊയ്തീന്‍കോയ
ഇന്ത്യയുടെ മികച്ച നയതന്ത്രജ്ഞന്‍ എന്ന വിശേഷണത്തില്‍ ഇ. അഹമ്മദ് സാഹിബ് എല്ലാ അര്‍ത്ഥത്തിലും കഴിവ് തെളിയിച്ചു. എട്ട് വര്‍ഷക്കാലം രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ അഹമ്മദ് സാഹിബിന്റെ സേവനം നിസ്തുലമാണ്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലെ പ്രമുഖാംഗം എന്ന നിലയില്‍ നേരത്തെയുള്ള പരിചയസമ്പന്നതയാണ് മുസ്‌ലിംലീഗ് നേതാവിന് രാജ്യാന്തര നയതന്ത്രരംഗത്ത് മികച്ച ഇന്ത്യക്കാരന്‍ എന്ന ഖ്യാതി നേടിക്കൊടുത്തത്.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ അരുമശിഷ്യന്‍ എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് കടന്നുവന്നത്. ഒന്നാം യു.പി.എ സര്‍ക്കാറില്‍ അംഗത്വം നേടിയതിലൂടെ രാജ്യങ്ങളും ‘അഹമ്മദ്ജി’ എന്നറിയപ്പെട്ടു. ബി.ജെ.പി നേതാവ് അടല്‍ബിഹാരി വാജ്‌പേയ്, ചരണ്‍സിംഗ്, ഐ.കെ ഗുജറാല്‍ തുടങ്ങിയവരുടെ മന്ത്രിസഭയിലേക്ക് ക്ഷണിക്കപ്പെട്ടു എങ്കിലും മുസ്‌ലിംലീഗ് സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ ആശയാദര്‍ശം വിട്ടു സ്ഥാനം സ്വീകരിക്കാന്‍ അഹമ്മദ് സാഹിബും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയാറായില്ല. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക നിരത്തി എന്‍.ഡി.എ സര്‍ക്കാര്‍ സമീപിച്ചുവെങ്കിലും ലീഗും അഹമ്മദ് സാഹിബും അവയൊക്കെ തട്ടിമാറ്റി.
കേരളത്തില്‍ യു.ഡി.എഫ് ഭരണത്തില്‍ നിന്ന് പുറത്തായ സന്ദര്‍ഭത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാറില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ലീഗ് പ്രതിനിധിക്ക് അംഗത്വം ലഭിച്ചപ്പോള്‍ കേരളത്തില്‍ ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിനുണ്ടായ അംഗീകാരവും പ്രവര്‍ത്തകരിലുണ്ടാക്കിയ പുത്തനുണര്‍വും ചരിത്രത്തില്‍ ഇടംപിടിച്ചു. വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് അറബ്-മുസ്‌ലിം രാഷ്ട്രങ്ങളുമായി ഉണ്ടായ അകല്‍ച്ച മാറ്റിയെടുക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അഹമ്മദ് സാഹിബിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. നട്‌വര്‍സിംഗ് ആയിരുന്നു അന്ന് ക്യാബിനറ്റ് മന്ത്രി. അഹമ്മദ് സാഹിബിന് സര്‍വ പിന്തുണയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും വിദേശമന്ത്രിയും നല്‍കിയത് പ്രവര്‍ത്തന വിജയത്തിന് മുതല്‍ക്കൂട്ടായി. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായുള്ള അടുത്ത സൗഹൃദം അഹമ്മദ് സാഹിബിന് വലിയ പിന്തുണയുമായി. അറബ്- മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢമാക്കിയത് ഇ. അഹമ്മദ് സാഹിബിന്റെ നയതന്ത്രജ്ഞതയുടെ വിജയമാണ്. സ്വാതന്ത്ര്യദിനത്തില്‍ സഊദി രാജാവ് അബ്ദുല്ല ന്യൂഡല്‍ഹിയില്‍ എത്തുന്നത് വരെ സൗഹൃദം ഊഷ്മളമായി. അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യക്ക് നിരീക്ഷക രാഷ്ട്രപദവി നല്‍കിയതും അഹമ്മദ് സാഹിബിന്റെ ദൗത്യവിജയമായി. ഇസ്‌ലാമിക രാഷ്ട്ര സമ്മേളനത്തിലേക്കും ഇന്ത്യയുടെ സൗഹൃദ പ്രതിനിധിക്ക് ഇരിപ്പിടം ലഭിച്ചു. മൊറോക്കോവിലെ റബാത്ത് നടന്ന ഉച്ചകോടിയില്‍ നിന്ന് അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സ്വരണ്‍സിംഗിന് പുറത്തുപോകേണ്ടിവന്ന അവസ്ഥയില്‍ നിന്നാണ് ഈ ദൃശമാറ്റം. അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യക്കുള്ള ആദരവ് പാക്കിസ്താന് ലഭിച്ചില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ സമൂഹത്തോടൊപ്പമാണ് ഇന്ത്യയെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായി ഇ. അഹമ്മദ് സാഹിബിന്റെ ഫലസ്തീന്‍ സന്ദര്‍ശനം. വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഇടുങ്ങിയ മുറിയില്‍ ഇസ്രാഈലി ഉപരോധത്താല്‍ ശ്വാസംമുട്ടിക്കഴിഞ്ഞ ഫലസ്തീന്‍ ഇതിഹാസം യാസര്‍ അറഫാത്തിനെ നേരിട്ട് എത്തി ആശ്വസിപ്പിച്ച ഇന്ത്യന്‍ വിദേശമന്ത്രിയായിരുന്നു അഹമ്മദ് സാഹിബ്. ഇസ്രാഈലിന്റെ തീ തൂപ്പുന്ന തോക്കുകള്‍ അവഗണിച്ച് ഇന്ത്യന്‍ സഹായവുമായി നെഞ്ച് വിരിച്ച് എത്തിയ അഹമ്മദ് സാഹിബിനെ, ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് യാസര്‍ അറഫാത്ത് ആശ്ലേഷിച്ചത്. റാമല്ലയിലെ പള്ളിയില്‍ ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്ത സന്ദര്‍ഭം അഹമ്മദ് സാഹിബ് പലതവണ സ്മരിക്കാറുണ്ട്.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ ഇന്ത്യന്‍ പ്രതിനിധിയായി അഞ്ച് തവണ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചു. അറബ് മേഖലയില്‍ തീവ്രവാദികളുടെ വലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുവാന്‍ അഹമ്മദ് സാഹിബ് നടത്തിയ നയതന്ത്രനീക്കം എല്ലാവരുടെയും പ്രശംസക്ക് അര്‍ഹത നേടി. യു.പി.എ സര്‍ക്കാറിന്റെ വിദേശനയം സമ്പന്നമാക്കുന്നതില്‍ കനത്ത സംഭാവനകളര്‍പ്പിച്ച നേതാവിന് വിദേശ രാഷ്ട്രത്തലവന്മാരുമായുണ്ടായ സൗഹൃദം ഇന്ത്യക്കു നേട്ടമായി. സഊദി രാജാവുമായുള്ള സൗഹൃദം ഉപയോഗിച്ചാണ് 1.10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മാത്രം ഉണ്ടായിരുന്ന ഹജ്ജ് യാത്രാനുമതി 1.70 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ സഹായകമായത്. രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ ശത്രക്കള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്ന ശബ്ദം ഉത്തമ മാതൃകയാണ്.
Be the first to write a comment.