ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദലിത് പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന ്ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിന്റെയും ആദിത്യനാഥ് ഭരണകൂടത്തിന്റെയും വീഴ്ചകളെക്കുറിച്ച് രാജ്യമൊന്നടങ്കം കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കവെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടികളെ നഖശിഖാന്തം എതിര്‍ക്കുന്നതിന് മുന്‍പന്തിയിലുള്ള കക്ഷികളിലൊന്നായ സി.പി.എം നാലര വര്‍ഷക്കാലമായി ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ സമാനരീതിയില്‍ രണ്ട് ബാലികമാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് മൂന്നര വര്‍ഷം പിന്നിടുന്നത്. കടുത്ത വിമര്‍ശനമുയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാരോ സി.പി.എം പാര്‍ട്ടിയോ തെല്ലുപോലും വാളയാര്‍ കാര്യത്തില്‍ തങ്ങളുടെ ഭരണഘടനാപരവും മനുഷ്യത്വപൂര്‍ണവുമായ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് ഇപ്പോഴത്തെ വാളയാര്‍ സമരാധ്യായം.

പാലക്കാട് ജില്ലയിലെ വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായി നിര്‍ധന കുടുംബത്തിലെ സഹോദരിമാരായ രണ്ട് ബാലികമാര്‍ ബന്ധുക്കളുടെയും അവരുടെ സഹപ്രവര്‍ത്തകരുടെയും ക്രൂര പീഡനത്തിനിരയായിട്ട് മൂന്നുവര്‍ഷം കഴിയുമ്പോഴും നീതി കിട്ടിയില്ലെന്ന് വിലപിക്കേണ്ടിവരുന്ന രക്ഷിതാക്കളെ എന്തുപറഞ്ഞാണ് നാം കേരളീയ സമൂഹം സമാധാനിപ്പിക്കുക. സംസ്ഥാന ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത രീതിയിലുള്ള കിരാത നടപടികളാണ് ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസിന്റെയും ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് സംഭവിച്ചിട്ടുള്ളത്. മുഖ്യമന്ത്രിപോലും തനിക്ക് തന്ന ഉറപ്പ് പാലിച്ചില്ലെന്ന് കുട്ടികളുടെ പറയുമ്പോള്‍ ലജ്ജിച്ചുതലതാഴ്ത്തുകയല്ലാതെന്തു നിവൃത്തി? കുട്ടികളുടെ മാതാവ് ഞായറാഴ്ച ആരംഭിച്ച വീട്ടുപടിക്കലെ സത്യഗ്രഹസമരം കേരളത്തിന്റെ മന:സാക്ഷിക്കുനേരെയാണ് നിശിതമായ ചോദ്യശരങ്ങള്‍ എയ്യുന്നത്.

‘അരിവാള്‍ പാര്‍ട്ടി’ക്കാരാണ് പീഡനത്തിന ്പിന്നിലെന്ന ് കേസിന്റെ നടപടികള്‍ വഴിവിട്ടുപോയപ്പോള്‍തന്നെ ആ വ്യഥിതഹൃദയായ അമ്മ പരസ്യമായി സമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടശേഷം കേസില്‍നിന്ന് രക്ഷപ്പെടാനായി കുട്ടികളെ കുടിലിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹാത്രസിലേതുപോലെ കുട്ടികളുടെ മൃതശരീരങ്ങള്‍ മാതാപിതാക്കള്‍ക്ക് കൈമാറാന്‍പോലും സംസ്ഥാന പൊലീസ് തയ്യാറായിരുന്നില്ല.

അര്‍ധരാത്രി രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിക്കാതെയായിരുന്നു ഹാത്രസിലെ ദലിത് പെണ്‍കുട്ടിയുടെ ഭൗതികശരീരവും പൊലീസ് മറവുചെയതത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തിലും കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടിനെ തുറന്നുകാണിക്കുകയാണ് കുട്ടികളുടെ മാതാവ് ഇപ്പോള്‍ തന്റെ സമരത്തിലൂടെ ചെയ്യുന്നത്. ഇനിയും നീതി ലഭിക്കാതെവന്നാല്‍ താന്‍ സ്വന്തം വീടിനുമുന്നില്‍ കിടന്ന ്മരിക്കാന്‍വരെ തയ്യാറാണെന്നാണ് ആ അമ്മ പറയുന്നത.് ഈ രോദനം കേള്‍ക്കാന്‍പോലും സംസ്ഥാന ഭരണകൂടം തയ്യാറല്ലെന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസം പ്രദേശത്ത് മദ്യദുരന്തവുമായി ബന്ധപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍പോലും സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന പട്ടിക വിഭാഗ ക്ഷേമ വകുപ്പുമന്ത്രിയും അതേ ജില്ലക്കാരനുമായ എ.കെ ബാലന്റെ നടപടി.

കേസില്‍ പ്രതികളെ പോക്‌സോ പ്രത്യേകകോടതി വെറുതെവിട്ടതിന്റെ ഒന്നാം വാര്‍ഷികദിനംകൂടിയാണ് ഒക്ടോബര്‍ 25. കഴിഞ്ഞവര്‍ഷം കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ട് വിധിപ്രസ്താവിച്ചത്. അതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന് സംഭവിച്ച ഗുരുതരമായ വീഴ്ചയായിരുന്നുവെന്ന ് കോടതിയുടെ ഉത്തരവില്‍നിന്നുതന്നെ വ്യക്തമാണ്. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ട് സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാരാണിത്. പ്രോസിക്യൂഷന് സ്വാഭാവികമായി ഉണ്ടാകുന്ന വീഴ്ചക്കപ്പുറമുള്ള രാഷ്ട്രീയമാനങ്ങളാണ ്‌വാളയാര്‍ കേസിന്റെ വിചാരണയിലുടനീളം നടന്നതെന്നത് സി.പി.എമ്മിനും സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നതാണ്. അതിനിടയാക്കിയത് പ്രതികള്‍ എല്ലാവരും സി.പി.എമ്മുകാരാണെന്നതും.
ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വാളയാറിലെ കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ദിവസം തന്നെയാണ ് കഴിഞ്ഞവര്‍ഷം കുട്ടികളുടെ മാതാവിനെയും പിതാവിനെയും സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ദലിത് നേതാവായി അറിയപ്പെടുന്ന വ്യക്തി മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കലേക്ക് കൊണ്ടുപോയത്.

അന്നുവരെ കോണ്‍ഗ്രസും മുസ്്‌ലിംലീഗ് അടക്കമുള്ള കക്ഷികളും നിരവധി സന്നദ്ധസംഘടനകളും വാളയാര്‍ കേസിലെ പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി കിട്ടണമെന്ന് വാദിച്ചുവരുന്നതാണ്. മുഖ്യമന്ത്രിയെ കണ്ടശേഷം കുട്ടികളുടെ മാതാവ് പറഞ്ഞത് തങ്ങള്‍ക്ക് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പൊലീസിനും പ്രോസിക്യൂഷനും പറ്റിയ വീഴ്ചക്ക് പരിഹാരം ഉണ്ടാകുമെന്നുമായിരുന്നു. എന്നാല്‍ അതിനുശേഷം വര്‍ഷമൊന്നുകഴിഞ്ഞിട്ടും സാധാരണ നിയമ നടപടികള്‍ക്കപ്പുറമുള്ള ആര്‍ജവമോ ആത്മാര്‍ത്ഥതയോ മുഖ്യമന്ത്രിയില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഇതുവരെയും ഉണ്ടായില്ല. തന്നെ മുഖ്യമന്ത്രി ചതിക്കുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. സര്‍ക്കാര്‍ ആകെ ചെയ്തത് കേസിന്റെ വീഴ്ചയെക്കുറിച്ചന്വേഷിക്കാന്‍ ജസ്റ്റിസ് ഹനീഫ കമ്മീഷനെ നിയോഗിച്ചുവെന്നതുമാത്രമാണ്. വരുന്ന നാളുകളില്‍ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് വീണ്ടും വരുമ്പോള്‍ ഗൗരവതരമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് മാതാപിതാക്കളോടൊപ്പം കേരളീയ സമൂഹത്തിന്റെയും ആശങ്ക. ഇക്കാര്യത്തില്‍ മന്ത്രി ബാലന്റെ അഭിപ്രായപ്രകടനം ഇരകള്‍ക്കോ കുടുംബത്തിനോ കേരളത്തിന്റെ മഹനീയ പാരമ്പര്യത്തിനോ നിരക്കുന്നതല്ല.

കേസില്‍നിന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന സോജന്‍ തന്നോട് ആവശ്യപ്പെട്ടതായ കുട്ടികളുടെ പിതാവിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ഞെട്ടിപ്പിക്കുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലത് സി.പി.എമ്മിനെതിരായ കറുത്ത പുള്ളിയാകുമെന്നതാണ് പിതാവിനോട് പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ കാരണമെന്നാണ് വിശ്വസിക്കേണ്ടത്. വിധി മുതല്‍ ചതിവരെ എന്നും തങ്ങള്‍ക്ക് നീതി തരൂ എന്നും പറയുന്ന ഒരു മാതാവിന് സംഭവത്തിന്റെ മൂന്നാം വര്‍ഷവും പട്ടിണിസമരം നടത്തേണ്ടിവന്നെങ്കിലതിന് കാരണം പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിച്ചതു കാരണമാണെന്ന് പറയുന്ന സര്‍ക്കാരിനും സി.പി.എമ്മിനും അവര്‍ ദലിതുകളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ ത്തില്‍ പുരപ്പുറത്തുകയറിപ്പാടുന്ന വാചാടോപങ്ങള്‍ക്കെന്തു പ്രസക്തിയാണുള്ളത്? താനാരെയും ചതിക്കില്ലെന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് വിളിച്ചുപറയുകയല്ല, ഭരണാധികാരിയുടെ സംസാരത്തേക്കാള്‍ ചെയ്തിയിലൂടെയാണ് ഭരണീയര്‍ അദ്ദേഹത്തെ വിലയിരുത്തുകയെന്ന് പിണറായി വിജയന്‍ ദയവായി മറക്കരുത്.