ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. സത്യം വിളിച്ചുപറയുകയും അനീതിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ അധര്‍മകാരികള്‍ എക്കാലവും ഭയന്നിട്ടുണ്ട്. ജനങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കാനും മുഖംനോക്കാതെ വിമര്‍ശിക്കാനുമുള്ള ജനാധിപത്യ സംവിധാനമാണത്. സ്വേച്ഛാധിപതികള്‍ വാര്‍ത്തകളെ തമസ്‌കരിക്കാനും സത്യത്തെ കുഴിച്ചുമൂടാനും ആഗ്രഹിക്കുന്നവരാണ്. കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളെ പൊതുസമൂഹത്തിന് മുമ്പാകെ കൊണ്ടുവന്ന് ജനകീയ വിചാരണക്ക് വിധേയമാക്കുന്നതിനുള്ള സുപ്രധാന വേദിയാണ് മാധ്യമങ്ങള്‍. അഴിമതിയും അക്രമങ്ങളും വിവേചനങ്ങളും നിറഞ്ഞ ലോകത്ത് നീതിനിര്‍വ്വഹണം സാധ്യമാകുന്നത് മാധ്യമങ്ങളുള്ളതുകൊണ്ട് മാത്രമാണ്. പക്ഷേ, മാധ്യമങ്ങളില്ലാത്ത കാലം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന ഒരാളുണ്ട് കേരളത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പെരുമാറ്റരീതികള്‍ കാണുമ്പോള്‍ മാധ്യമങ്ങളെ ഇത്രയേറെ അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരാളുണ്ടോ എന്ന് സംശയിച്ചുപോകുന്നു.

പിണറായി മാധ്യമങ്ങളെ എന്നും ശത്രുപക്ഷത്ത് നിര്‍ത്തിയ ചരിത്രമാണുള്ളത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെയും ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പത്രക്കാരോടുള്ള അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. ചോദ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കുരച്ചുചാടുകയും ചെയ്യുന്നു. വിവാദക്കൊടുങ്കാറ്റില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കെ, കഴിഞ്ഞ ദിവസവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ക്ഷുഭിതനായാണ് പെരുമാറിയത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ മൈക്ക് മറ്റൊരാള്‍ക്ക് കൈമാറാന്‍ ആജ്ഞാപിച്ച് പിണറായി ഏകാധിപത്യ മനസ്സ് പുറത്തെടുത്തു. ലൈഫ് മിഷന്‍ ക്രമക്കേടിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തിന് രസിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടുള്ള അഴിമതി ആയതുകൊണ്ട് വിജിലന്‍സ് ചോദ്യംചെയ്യുമോ എന്ന ചോദ്യത്തിന് ആ പൂതി മനസ്സില്‍ വെച്ചാല്‍ മതിയെന്നായിരുന്നു ഭീഷണി സ്വരത്തില്‍ പിണറായിയുടെ മറുപടി. ഇരിക്കുന്ന കസേരയുടെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തം. മുഖ്യമന്ത്രിയായിട്ടും പഴയ ചട്ടമ്പി മനസ്സിന് മാറ്റമുണ്ടായിട്ടില്ല. തുടരേയുള്ള ആരോപണങ്ങളില്‍ സമനില നഷ്ടപ്പെട്ട മുഖ്യമന്ത്രി എന്താണ് പറയുന്നതെന്ന് അറിയാതെ പുലമ്പുകയാണ്.

മസ്‌കറ്റ് ഹോട്ടലില്‍ ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചക്കെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചത് കേരളം മറന്നിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കാതെ മുണ്ടിട്ട് നടക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവിനെയും സംസ്ഥാനത്ത് കാണാനാവില്ല. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം മാധ്യമങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്തി. അപൂര്‍വ്വമായേ വാര്‍ത്താസമ്മേളനങ്ങളില്‍ വന്നിരുന്നുള്ളൂ. അപ്പോഴെല്ലാം തനിക്കിഷ്ടപ്പെട്ട വിഷയത്തില്‍ മാത്രം സംസാരിച്ച് ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ മുങ്ങുകയായിരുന്നു പതിവ്. കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ മുഖ്യമന്ത്രിയിലെ ഏകാധിപതി വീണ്ടും ഉണര്‍ന്നു. ആരോഗ്യ മന്ത്രിയെ മാറ്റിനിര്‍ത്തി സ്ഥിരമായി പത്രസമ്മേളനങ്ങളില്‍ വന്നു തുടങ്ങി. കോവിഡ് കണക്കുകള്‍ പറഞ്ഞ് എഴുന്നേറ്റ് പോയിരുന്ന പിണറായിയെ പിന്നീട് അതിനും കണ്ടില്ല. സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഉയര്‍ന്നുവന്നപ്പോള്‍ അനിഷ്ടകരമായ ചോദ്യങ്ങളെ മുന്‍കൂട്ടി കണ്ട് തടിയെടുക്കുകയായിരുന്നു.
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ ധിക്കാരത്തോടെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്നിരുന്നത്. ചോദ്യശരങ്ങളില്‍ പുളഞ്ഞുകൊണ്ടിരുന്ന ഒരുവേളയില്‍, ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്നായിരുന്നു’ പ്രതികരണം. പാര്‍ട്ടിയെക്കുറിച്ച് തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നും മാധ്യമങ്ങളും സ്വന്തം അണികള്‍ പോലും അക്കാര്യത്തില്‍ അജ്ഞരാണെന്നുമുള്ള സന്ദേശമാണ് അതിലൂടെ നല്‍കിയത്. രഹസ്യങ്ങള്‍ പരസ്യപ്പെടുത്താതെ കൊണ്ടുനടക്കുന്നവരാണ് ഉത്തമരായ പാര്‍ട്ടി കുഞ്ഞാടുകളെന്ന പഴയ തെറ്റിദ്ധാരണയും പേറിയാണ് പിണറായി ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ടായിരിക്കാം ജനകീയ വിഷയങ്ങളില്‍ പോലും ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴേക്ക് കലിയിളകുന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി ചില അടിസ്ഥാന വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് ഭരണസംബന്ധമായ കാര്യങ്ങളാണ്. ജനങ്ങളുടെ സ്വാഭാവികമായ ആശങ്കകളും സംശയങ്ങളുമാണ് വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യങ്ങളായിവരുന്നത്. അതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഭരണ പരാജയം ഉണ്ടെങ്കിലും മാന്യമായി പെരുമാറാനെങ്കിലും അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭാഷയും ശൈലിയും നന്നാക്കിയതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്ന് മുഖ്യമന്ത്രി അറിയണം. കണ്ടതിനും കേട്ടതിനും കയര്‍ത്ത് സംസാരിച്ച് സ്വന്തം വിലയും നിലയും കളയരുത്. പരാതികളെയും ചോദ്യങ്ങളെയും വ്യക്തിപരമായ ആക്രമണങ്ങളായി കാണുന്നതാണ് അപകടം. മാധ്യമങ്ങളില്‍ വിശകലനം ചെയ്യപ്പെടുന്നതും ചോദ്യങ്ങളായി രൂപപ്പെടുന്നതും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതിനെ വ്യക്തി വിമര്‍ശനങ്ങളായി കാണേണ്ടതില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കെ ജാള്യത മറച്ചുവെക്കാനാണ് പിണറായി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്നത്. ഭരണകാര്യങ്ങള്‍ പിണറായിയുടെയും മന്ത്രിമാരുടെയും വീട്ടുകാര്യമല്ല. അതേക്കുറിച്ച് ചോദിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ സാധിക്കാത്തവരാണ് മാധ്യമങ്ങളെ ശത്രുതയോടെ കാണുന്നത്.

പിണറായി നയിക്കുന്ന സി.പി.എമ്മും മാധ്യമങ്ങളുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. പത്രങ്ങളും ചാനലുകളും തങ്ങളെ ശത്രുക്കളായി കാണുന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രധാന ആക്ഷേപം. മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊരു പേരും അവര്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഉള്ളറയിലുള്ള കാര്യങ്ങള്‍, പ്രധാനമായും വിഭാഗീയത കണ്ടെത്തി പുറത്തുകൊണ്ടുവരുന്നതിലുള്ള അസഹിഷ്ണുതയാണ് മാധ്യമ സിന്‍ഡിക്കേറ്റെന്ന കണ്ടെത്തലിലേക്ക് സി.പി.എമ്മിനെ നയിച്ചത്. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍നിന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുക്തമല്ല. അവയെ സഹിഷ്ണുതയോടെ കാണുകയും ക്രിയാത്മക വിമര്‍ശനമായി പരിഗണിക്കുകയുമാണ് മറ്റു പാര്‍ട്ടികള്‍ ചെയ്തത്. ഉത്തരങ്ങളില്ലാത്തവര്‍ ചോദ്യങ്ങളെ വെറുക്കുന്നു. ചോദ്യകര്‍ത്താക്കളെ അവര്‍ ശത്രുപക്ഷത്ത് നിര്‍ത്തും. ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം താന്‍ തന്നെ തീരുമാനിക്കുമെന്നാണ് പിണറായിയുടെ നിലപാട്. ഉത്തരങ്ങള്‍ കേട്ടാല്‍ മതിയെന്നാണ് ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ശാഠ്യം. ഭരണകൂടം വിളമ്പുന്നത് അപ്പടി വിഴുങ്ങുകയും വായനക്കാര്‍ക്കു മുന്നില്‍ നിരത്തുകയും ചെയ്യണമെന്ന് വാശി പിടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. പിണറായിയുടെ മനസ്സ് സ്വേച്ഛാധിപതിയുടേതാണ്. പക്ഷെ, കേരളത്തില്‍ ചോദ്യംചെയ്യപ്പെടാത്ത രാജാവായി വാഴാമെന്ന പൂതി പിണറായിക്ക് വേണ്ട.