സംസ്ഥാനത്ത് നിത്യോപയോഗ വസ്തുക്കളുടെ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്നും എല്ലാം ശരിയാക്കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ നേരിടാനാവാതെ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ വയറു നിറക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. വരള്‍ച്ചയും അന്യ സംസ്ഥാനങ്ങളിലെ കാര്‍ഷികത്തകര്‍ച്ചയും റേഷനരി വെട്ടിക്കുറച്ചതുമാണ് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തുന്ന അഴകൊഴമ്പന്‍ വാദമുഖങ്ങള്‍. ജനങ്ങള്‍ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ കെണിയിലകപ്പെട്ടിരിക്കയാണെന്ന് തിരിച്ചറിയണമെന്ന് ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. നിയമസഭയില്‍ ഇന്നലെ യു.ഡി.എഫിലെ മുസ്്‌ലിംലീഗ് അംഗം എം. ഉമ്മര്‍ അവതരിപ്പിച്ച വിലക്കയറ്റം സംബന്ധിച്ച അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുത്തെങ്കിലും സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ വിലക്കയറ്റത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന തോന്നലാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടത്. അരി വില 21 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ സമ്മതിക്കുകയുണ്ടായെന്നത് ശരിതന്നെ. പക്ഷേ ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ ഈ കണക്ക് തൊണ്ടതൊടാതെ വിഴുങ്ങാന്‍ സര്‍ക്കാരിനെങ്ങനെയായി. കൂനിന്മേല്‍കുരുവെന്ന പോലെ ഇന്നലെ പാചക വാതത്തിന് കേന്ദ്രം വരുത്തിയ കുത്തനെയുള്ള വിലവര്‍ധനവും ജനത്തിന്റെ നടുവൊടിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കേരളത്തിലെ പൊതുവിപണിയില്‍ അരിയുടെ വില ഉയര്‍ന്നത് അമ്പതു ശതമാനത്തിലധികമാണ്. തെക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ജയയുടെയും മട്ടയുടെയും വിലയാണ് 33 രൂപയില്‍ നിന്ന് 48 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നത്. വടക്കന്‍ കേരളത്തിലെ കുറുവ അരിക്കും വന്‍ വിലവര്‍ധനയുണ്ട്. ഇതിനുപുറമെയാണ് പച്ചക്കറിയുടെ വിലയിലുണ്ടായ വര്‍ധന. മാധ്യമങ്ങള്‍ വിലക്കയറ്റം പെരുപ്പിച്ചുകാണിക്കുന്നുവെന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ തന്നെ ഇന്നലത്തെ നിയമസഭാപ്രസംഗം. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി രാജിവെച്ച് ആ പദവി മറ്റൊരാള്‍ക്ക് നല്‍കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമുള്ള 50 ലക്ഷം ടണ്‍ അരിയുടെ ആറു ശതമാനത്തോളം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്നും റേഷനും അയല്‍ സംസ്ഥാനങ്ങള്‍ എന്നിവ വഴിയുള്ള അരി വിതരണവുമാണ് ഈ വിടവ് നികത്തുന്നതെന്നും അറിയാത്തവരാവില്ല കേരളത്തിലെ ഭരണകക്ഷിക്കാര്‍. മാത്രമല്ല, നൂറ്റാണ്ടിലെ വലിയ വരള്‍ച്ച കേരളത്തില്‍ വരാനിരിക്കുന്നുവെന്നും അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി ഉല്‍പാദനം കുത്തനെ ഇടിഞ്ഞുവെന്നും മുന്‍കൂട്ടിത്തന്നെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാന്‍ കൃഷി വകുപ്പ് പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാത്തിനെയും വൃഥാവിലാക്കിയാണ് അരിയുടെയും മറ്റും വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായത്. ഈ നിലതുടര്‍ന്നാല്‍ ഇനിയും വിലയുയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരുന്ന മൂന്നുമാസം കൊടും വരള്‍ച്ചയുടെ നാളുകളുമാണ്.
16 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്ന സ്ഥാനത്ത് റേഷന്‍ കടകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ രണ്ടുലക്ഷം ടണ്‍ അരി വെട്ടിക്കുറച്ചതും റേഷന്‍ ധാന്യക്കടത്തിന് തൊഴിലാളികളും കരാറുകാരും കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. എന്നിട്ടും പൊതുവിപണിയില്‍ കാര്യമായി ഇടപെടുന്നതിന് സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ തയ്യാറായില്ല. പകരം പൊലീസ് ഭരണവും വിദ്യാര്‍ഥി പ്രക്ഷോഭവും പറഞ്ഞ് പരസ്പരം പച്ചയിറച്ചി കടിച്ചുതിന്നുകയായിരുന്നു ഭരണപക്ഷത്തെ രണ്ടു പ്രധാനപ്പെട്ട കക്ഷികള്‍. പൊലീസിനെ കുറ്റപ്പെടുത്തുന്ന സി.പി.ഐക്ക് സി.പി.എം ഇട്ടുകൊടുത്ത പന്താണ് ഈ വിലക്കയറ്റം. ഇന്നലെ പ്രതിപക്ഷം ഒറ്റക്കെട്ടായി വിലക്കയറ്റത്തിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത് ഈ ചക്കളത്തിപ്പോര് കാരണമാണ്.
സിവില്‍ സപ്ലൈസ്, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ഫെഡ്, പച്ചക്കറിച്ചന്തകള്‍ മുഖേന പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കിയെങ്കില്‍ ഇത്രയുംവലിയ വിലവര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. പകരം ഇരട്ടച്ചങ്കുള്ളതെന്ന് അണികള്‍ വീരസ്യം മുഴക്കുന്ന സര്‍ക്കാര്‍ തലവന്‍ മംഗലാപുരത്ത് പോയി രാഷ്ട്രീയപ്രസംഗം നടത്താനാണ് സമയം കണ്ടെത്തിയത്. പകരം ഇത് ഡല്‍ഹിയില്‍ നരേന്ദ്രമോദിയുടെ മുന്നിലേക്കായിരുന്നെങ്കില്‍ കുറച്ചെങ്കിലും അരി വാങ്ങിച്ചെടുക്കാന്‍ കഴിയുമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോഴി കൂവിയതിനുപോലും വഴിതടയുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് സംസ്ഥാനത്തെ റെക്കോര്‍ഡ് വിലക്കയറ്റത്തെക്കുറിച്ച് ഒരുവിധ വേവലാതിയും ഇപ്പോഴില്ല. ബംഗാളില്‍നിന്ന് കുറഞ്ഞ വിലക്ക് അരിയെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഗുണനിവാരത്തെക്കുറിച്ചുള്ള ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സബ്‌സിഡി അരി വാങ്ങിക്കഴിച്ചവര്‍ അസുഖ ബാധിതരായി ചികില്‍സ തേടേണ്ട അവസ്ഥയുണ്ടായത് ഭക്ഷ്യ-ആരോഗ്യ വകുപ്പുകളുടെ ശ്രദ്ധക്കുറവുകൊണ്ടാണ്. ഇത് ബംഗാള്‍ അരിയുടെ കാര്യത്തിലുണ്ടാവരുത്. മാത്രമല്ല. വില കൂടിയതോടെ ആന്ധ്ര ജയയുടെ പേരില്‍ വന്‍ തോതില്‍ വ്യാജനും വിപണിയിലെത്തിയതായി വാര്‍ത്തകളുണ്ട്. ഇതുശ്രദ്ധിക്കാനും സര്‍ക്കാരിന് കഴിയണം.
സഹകരണ സംഘങ്ങളുടെ കീഴില്‍ രണ്ടായിരം നീതിസ്റ്റോറുകള്‍ തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇരുട്ടുകൊണ്ട് ഓട്ടയടക്കലാകരുത്. ഇവ നേരത്തെതന്നെ ആരംഭിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നോ. അരിക്കട എന്ന പേരില്‍ അരിക്കു മാത്രമായി തുടങ്ങുമെന്ന പ്രഖ്യാപിച്ച പൊതുവിപണിയും പേരിനു മാത്രമായി ഒതുങ്ങി. ധനകാര്യവകുപ്പിന്റെ കൂടി സഹകരണമുണ്ടായാല്‍ ഈ വേനലില്‍ ഇനിയും വില ഉയരാതെ പൊതു വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയും. റേഷന്‍ ധാന്യങ്ങള്‍ കൂടുതലായി എത്തിച്ചാലും വിലക്കയറ്റം നിയന്ത്രിക്കാനാവും. ഇപ്പോള്‍ പകുതിയോളം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ കടകളെ കയ്യൊഴിഞ്ഞ അവസ്ഥയാണ്. ഇവരെയും സര്‍ക്കാര്‍ വിപണിയിലേക്ക് ആകര്‍ഷിക്കാനായാല്‍ വിലക്കയറ്റമെന്ന അശ്വത്തെ പിടിച്ചുകെട്ടാനാവും. കച്ചവടക്കാരുടെ ഭാഗത്തുനിന്ന് പൂഴ്ത്തിവെപ്പ് ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. പാവപ്പെട്ടവരും അഗതികളുമായ കുടുംബങ്ങളാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അധികം പേറേണ്ടിവരിക. ഹോട്ടലുകളിലും മറ്റും വിലകയറുന്നതോടെ ഇതിലൂടെ പൊതുരംഗത്താകെ അസ്വാസ്ഥ്യം പടരുകയായിരിക്കും ഫലം. അതിന് വാചകമടിയല്ല കേരളത്തിനിപ്പോള്‍ വേണ്ടത്.