ചരിത്രത്തില്‍ വിരളമായി മാത്രമേ വിവേകത്തിന്റെ ഭാഷ കേള്‍ക്കാറുള്ളൂ. കഴിഞ്ഞ ദിവസം ലോകം ഉണര്‍ന്നത് അത്യപൂര്‍വമായൊരു സന്തോഷ വാര്‍ത്തയുമായാണ്. നിരാലംബരായ ഫലസ്തീന്‍കാര്‍ക്ക് അനുകൂലമായ ഐക്യ രാഷ്ട്ര സഭാ പ്രമേയം വിജയിച്ചിരിക്കുന്നു. നീതിക്കുവേണ്ടി പോരാടി കുരിശിലേറേണ്ടിവന്ന ക്രിസ്തുവിന്റെ പിറന്നാളില്‍, ക്രിസ്തു പിറന്നുവീണ മണ്ണില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന അനീതിക്ക് പരിഹാരം വേണമെന്ന ലോക മന:സാക്ഷിയുടെ വിളിയാളം കേട്ടുണര്‍ന്നു ഇത്തവണത്തെ ക്രിസ്മസ്.

 

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ 15 അംഗ രാഷ്്ട്രങ്ങളില്‍ 14 ഉം ഇസ്രാഈലിന്റെ അധിനിവേശത്തെ അപലപിച്ചെന്നുമാത്രമല്ല, ആ ജൂത രാഷ്ട്രത്തിന്റെ കണ്ണില്‍ചോരയില്ലാത്ത ചെയ്തികളെ എന്നും അനുകൂലിച്ചുവന്ന അമേരിക്കന്‍ ഭരണകൂടം അവസരമുണ്ടായിട്ടും പ്രമേയത്തെ എതിര്‍ത്തില്ല എന്നതും മാനുഷികനന്മയെ പ്രചോദിപ്പിക്കുന്നതായിരിക്കുന്നു. സൈനികമുഷ്ടി കൊണ്ട് കയ്യേറിയ ഫലസ്തീനില്‍ ജൂതന്മാരെ കുടിയിരുത്താനായി 140 ഓളം അധിവാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞിരിക്കുകയാണിപ്പോള്‍ ഇസ്രാഈല്‍. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് രക്ഷാസമിതി പ്രമേയം കുറ്റപ്പെടുത്തുന്നു.

 

കിഴക്കന്‍ ജെറുസലേമിലേതടക്കമുള്ള എല്ലാതരം കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരമായ ഒരുവിധ സാധുതയുമില്ലെന്നും രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വലിയ തടസ്സമാണ് ഇതെന്നും കയ്യേറ്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തിരമായും നിര്‍ത്തിവെക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 1979നു ശേഷം നീണ്ട മൂന്നര പതിറ്റാണ്ടു കഴിഞ്ഞാണ് ഇസ്രാലിനെതിരായ ഒരു പ്രമേയം യു.എന്നില്‍ പാസാകുന്നത് എന്നത് ലോക സമാധാനം കാംക്ഷിക്കുന്നവരെ സംബന്ധിച്ച് അത്യന്തം പ്രതീക്ഷാനിര്‍ഭരമാണ്.

 

പിറന്നുവീണ ഭൂമിയില്‍നിന്ന് നിഷ്‌കാസിതമായി, ഇത്രയധികം കയ്യേറ്റവും അന്യതാബോധവും ഗ്രസിച്ചിരിക്കുന്ന മറ്റൊരു ജനത പശ്ചിമേഷ്യയിലെന്നല്ല ഫലസ്തീന്‍കാരെ പോലെ ഭൂഗോളത്തില്‍ വേറെയില്ല. 1988ല്‍ സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും ഇസ്രാഈലിന്റെ ഉടക്കുകള്‍ മൂലം 2012ലാണ്് ഐക്യ രാഷ്ട്ര സഭയിലെ 136 രാജ്യങ്ങള്‍ ഒരു പരമാധികാര രാഷ്ട്രമായി ഫലസ്തീനെ അംഗീകരിച്ചത്. വെസ്റ്റ് ബാങ്കും ഗസ്സയും കിഴക്കന്‍ ജെറുസലേമും അടങ്ങുന്നതാണ് ഫലസ്തീന്‍ രാഷ്ട്രം. മക്കയിലെ ഹറാം പള്ളിയും മദീനയിലെ പ്രവാചക പള്ളിയും കഴിഞ്ഞാല്‍ മുസ്്‌ലിംകളുടെ വിശുദ്ധ ഗേഹമായ ബൈത്തുല്‍ മുഖദ്ദസ് പള്ളി ഇവിടെയാണ്.

 

1967നുശേഷം നാലു പതിറ്റാണ്ടുകളായി ഇസ്രാഈലിന്റെ തേര്‍വാഴ്ചയാണ് ഈ ഇത്തിരിപ്പോന്ന (2402 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയും 45 ലക്ഷം ജനസംഖ്യയും) രാഷ്ട്രത്തിനുമേല്‍ നടമാടുന്നത്. ജനതയിലെ മിക്കവരും ജീവന്‍ നിലനിര്‍ത്താനായി മുപ്പതോളം അന്യ രാജ്യങ്ങളിലായി കഴിയുന്നു. ഏകച്ഛത്രാധിപതികളായ ഭരണാധികാരികളുടെ പേക്കൂത്തില്‍ ഒരു ജനത എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, സൈനിക ബലത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയില്ലാതെ ഓരോ നിമിഷവും ഫലസ്തീനി സ്ത്രീകളും ബാലന്മാരും യുവാക്കളും പിടഞ്ഞുവീണ് മരിക്കുന്നത് ലോകത്തിന്റെ നോവുന്ന കാഴ്ചയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 45 പ്രമേയങ്ങളാണ് 2006നു ശേഷം യു.എന്നില്‍ തന്നെ അവതരിപ്പിക്കപ്പെട്ടത്.

 
രക്ഷാസിമിതിയിലെ സെനഗല്‍, വെനസ്വേല, മലേഷ്യ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. അയല്‍രാജ്യമായ ഈജിപ്ത് പ്രമേയത്തെ ആദ്യം അവതരിപ്പിക്കാനിരുന്നെങ്കിലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെതുടര്‍ന്ന് പിന്‍മാറുകയായിരുന്നു. എങ്കിലും ഇവരടക്കം 14 രാജ്യങ്ങളും ഇസ്രാഈല്‍ വിരുദ്ധ പ്രമേയത്തെ അനുകൂലിച്ചിരിക്കുന്നു.

 

അമേരിക്കയടക്കം അഞ്ച് സ്ഥിരാംഗ രാജ്യത്തിനും ഒറ്റ വോട്ടുകൊണ്ട് പ്രമേയം പാസാകാതിരിക്കാതിരിക്കാനുള്ള വീറ്റോ അധികാരം ഉണ്ടെങ്കിലും ബറാക് ഹുസൈന്‍ ഒബാമയുടെ രാജ്യം ആ അവകാശം വിനിയോഗിച്ചില്ല എന്നത് തീര്‍ത്തും ഗൗരവമര്‍ഹിക്കുന്നു. സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരം. പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ആറു വര്‍ഷത്തിനുശേഷം ജനുവരി 20ന് സ്ഥാനമൊഴിയാനിരിക്കുന്ന കറുത്ത വര്‍ഗക്കാരനായ ഒബാമയാണ് ഈ അത്യപൂര്‍വ നീക്കത്തിന് പിന്നില്‍. ട്രംപ് പല വിധത്തിലും പ്രമേയത്തെ പരാജയപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും ‘ഒരു സമയം ഒരു പ്രസിഡണ്ട് മതി’ എന്ന ചുട്ട മറുപടിയാണ് വൈറ്റ് ഹൗസ് കൊടുത്തത്.

 
യു.എന്‍ പ്രമേയം കൊണ്ട് ഉടന്‍ തന്നെ ദുഷ്ട ശക്തികള്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുമന്ന് പിഞ്ചുകുട്ടി പോലും പ്രതീക്ഷിക്കില്ല; പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ പ്രമേയം അംഗീകരിക്കില്ലെന്നും അതുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞ നിലക്ക് പ്രത്യേകിച്ചും. ചൂടറിയിച്ച് ഇതിനകം തന്നെ ന്യൂസീലാന്‍ഡിലെയും സെനഗലിലെയും പ്രതിനിധികളെ ഇസ്രാഈല്‍ തിരിച്ചുവിളിച്ചു. ഈജിപ്തും വെനസ്വേലയുമായി നിലവില്‍ അവര്‍ക്ക് നയതന്ത്ര ബന്ധമില്ല. ഇവര്‍ക്കെതിരെ തിരിയാന്‍ ഇസ്രാഈല്‍ മെനക്കെടില്ല. 1967ല്‍ നടന്ന ഇസ്രാഈല്‍-അറബ് യുദ്ധത്തിനു ശേഷം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ പണിത കെട്ടിടങ്ങളില്‍ അഞ്ചു ലക്ഷത്തോളം ജൂതരെ കുടിയിരുത്താനും അതിന് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കാനുമാണ് ശ്രമം.

 

2009ല്‍ ഇസ്രാഈലിനെതിരെ പ്രസ്താവന നടത്തിയ ഒബാമക്കെതിരെ ഇസ്രാഈല്‍ രംഗത്തുവന്നിരുന്നു. പിന്നീടാണ് ഒബാമ പിന്നാക്കം പോയത്. സ്വന്തം മന:സാക്ഷിയോടുള്ള നീതി കൂടിയാണ് ഈ പാതി ആഫ്രിക്കന്‍-മുസ്്‌ലിം ഇപ്പോള്‍ പാലിച്ചതെന്ന് അനുമാനിക്കാം.
അറബ് മേഖലയില്‍ നിന്നുള്ള ഏക അംഗ രാജ്യമായ ഈജിപ്തിനെ പ്രമേയാവതരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായെങ്കിലും ട്രംപിന് കാര്യം ശുഭകരമായില്ല എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. അതേ വഷളത്തമാണ് ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറച്ചുനിന്നിട്ടും അറബുഭാഗത്തുള്ള ഈജിപ്ത് ട്രംപിന് വഴങ്ങി എന്നതും. ജനുവരി 20 കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഇതുപോലെയാവില്ലെന്നാണ് ട്രംപിന്റെ ഭീഷണി.

 

പിറന്ന നാട്ടില്‍ ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമാണ്. ഫലസ്തീന്‍ ജനതക്ക് സ്വന്തം ഭൂമിയില്‍ ജീവിക്കാനാവശ്യമായ സ്വതന്ത്രാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള വഴിയായിരിക്കണം ഡിസംബര്‍ 24ലെ യു.എന്‍ പ്രമേയം. ലോക സമൂഹം ഇസ്രാഈല്‍ ക്രൂരതക്കെതിരെ ഇനിയും ഉണരേണ്ടതുണ്ട്. അധിനിവേശ പ്രദേശത്തുനിന്നുമാറി അന്താരാഷ്ട്ര അതിര്‍ത്തി അംഗീകരിക്കാനും സേനയെ പിന്‍വലിപ്പിക്കാനും ആ രാജ്യത്തിനുമേല്‍ സമ്മര്‍ദം വര്‍ധിക്കണം. നേരിട്ടേറ്റുമുട്ടുന്ന ശത്രുവിനേക്കാള്‍ അനീതിയാണ് നിസ്സംഗനായ സുഹൃത്തിന്റേത് എന്നാണല്ലോ ധര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.