പൊലീസിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ദിനത്തിലും കേട്ടുകൊണ്ടിരിക്കുന്നത്. ക്രൂരതയുടെ ആഴം വര്‍ധിക്കുകയല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. നമ്മുടെ പൊലീസുകാരെന്താ മനുഷ്യന്മാരാകത്തത്? പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്നും ഒരു ഘട്ടത്തിലും അവര്‍ മാന്യത വിട്ട് പെരുമാറരുത് എന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞിട്ടു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. ഡി.ജി.പി ലോകനാഥ് ബെഹറയുടെ ഏകദിന നല്ലനടപ്പ് ആചരണവും സമംഗളം നടന്നു. നിര്‍ബന്ധിത പരിശീലന പരിപാടി വേറെയുമുണ്ട്. എന്നിട്ടും നിങ്ങളെന്താണ് പൊലീസേ നന്നാകാത്തത്?
കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞു എന്നാരോപിച്ചു പൊലീസ് അന്വേഷിച്ച ദലിത് യുവാവ് തൂങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസമാണുണ്ടായത്. പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് പള്ളത്തേരിയിലെ സന്തോഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസുകാര്‍ സന്തോഷിന്റെ വീട്ടിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് പൈശാചികയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ് പൊലീസ് വരാപ്പുഴയില്‍ ചെയ്തിരിക്കുന്നത്. വരാപ്പുഴ ദേവസ്വം പാടത്ത് ഒരു സംഘം വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് പിടികൂടിയ ആളാണ് മൂന്നാം മുറയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അതേസമയം അക്രമം നടക്കുമ്പോള്‍ ശ്രീജിത്ത് നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്ത് ആണെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ കേരള പൊലീസ് എന്തൊരു ദുരന്തമാണ് എന്ന യാഥാര്‍ഥ്യമാണ് വെളിപ്പെട്ടിരിക്കുന്നത്. വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നു എന്നാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സേന. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്താണ് സംഘത്തലവന്‍. അന്വേഷണത്തില്‍ ഇനി എന്തു സംഭവിക്കും എന്നു കൂടുതല്‍ പറയേണ്ടതില്ലല്ലോ? സ്വന്തം സേനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
സഹോദരന്‍ ശ്രീജിത്ത് നടത്തിയ സമരത്തിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പാറശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണവും ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസ്, മാരാരിക്കുളം സ്‌റ്റേഷനിലെ ജൂനിയര്‍ എസ്.ഐ ലൈജു എന്നിവര്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതും സമീപകാല സംഭവങ്ങളാണ്. മലപ്പുറത്ത് ഹൈവേ സര്‍വെയുടെ പേരില്‍ പൊലീസ് കാട്ടിക്കൂട്ടിയ പേക്കൂത്ത് സാക്ഷര കേരളത്തിന് അപമാനമാണ്. വീട്ടില്‍ കയറി സ്ത്രീകളെയും പെണ്‍കുട്ടികളെയുമുള്‍പെടെ ഭീഷണിപ്പെടുത്തുന്ന രംഗം ഓര്‍മ്മിപ്പിച്ചത് മൂന്നാംകിട ഗുണ്ടാ നേതാവിന്റെ ശൗര്യത്തെയാണ്. തൃശൂരിലെ വിനായകന്‍ എന്ന ദലിത് യുവാവിന് പൊലീസ് മര്‍ദ്ദനെത്തത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നു. മുടി വളര്‍ത്തിയതിനാണ് പൊലീസ് വിനായകനെ പിടിച്ച് കൊണ്ട് പോയത്. കോഴിക്കോട്ട് ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചതും ഇയ്യിടെയാണ്. ഇതുപോലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പൊലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവരുടെ എണ്ണം 1129 ആണെന്ന് വിവരാവകാശ രേഖ വഴിലഭിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ഇവരില്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. പരാതിക്കാരെ ഉപദ്രവിക്കല്‍, സ്ത്രീധന പീഡനം, കൈക്കൂലി, കസ്റ്റഡി മര്‍ദ്ദനം എന്നീ കേസുകളിലാണ് ഇവര്‍ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പത്ത് ഡിവൈ.എസ്.പിമാരും, 46 സി.ഐമാരും പട്ടികയിലുണ്ട്. കൂടാതെ എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പൊലീസുദ്യോഗസ്ഥരും ഇതിലുണ്ട്. പൊലീസ് വകുപ്പില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് പട്ടിക തയ്യാറാക്കാന്‍ 2011 ലാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ഈ കണക്ക് പുറത്തുവിടാന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിരുന്നില്ല. ഇവര്‍ക്കെതിരെ വ്യക്തമായ നിയമനടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടിലില്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍ സ്വഭാവവുമായി ഇവര്‍ പൊലീസില്‍ തുടരുന്നുവെന്നുവേണം അനുമാനിക്കാന്‍. ഉന്നത ഉദ്യോഗസ്ഥര്‍ പേരിന് മാത്രം അന്വേഷണവും ശാസനയും നല്‍കി ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാറാണ് പതിവ്.
ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ടവര്‍ അത് കൈയാളുന്നതും സമാധാന ജീവിതത്തിന് ഭീഷണിയാകുന്നതുമായ നിരവധി സംഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ഇത്തരം പ്രശ്‌നങ്ങളില്‍ അലസമനോഭാവം സ്വീകരിക്കുന്നത് പൊലീസിന് തേര്‍വാഴ്ച നടത്താനുള്ള അവസരമായി മാറിയിരിക്കുകയാണ്. കേരള പൊലീസില്‍ കാവിവത്കരണം നടക്കുന്നുവെന്ന ആക്ഷേപവും അടുത്തകാലത്ത് ശക്തമാണ്.
ലോകത്ത് വലിയൊരു സ്ഥാനമാണ് പൊലീസിനുള്ളത്. ഒരു കൂട്ടം സമൂഹത്തെ രക്ഷിക്കാനുള്ള അവകാശം. അതവര്‍ നേരായി വിനിയോഗിച്ചില്ലെങ്കില്‍ സമൂഹത്തിന്റെ തകര്‍ച്ചയായിരിക്കും ഫലം. സമൂഹമെന്നത് ഇവിടെ ഭരണകര്‍ത്താക്കള്‍ക്കപ്പുറമുള്ളതാണ്. വി ആര്‍ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന വാക്കോടെയാണ് ഭരണഘടന ആരംഭിക്കുന്നത്. എല്ലാ ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും മുകളിലാണ് ജനങ്ങള്‍. അതുകൊണ്ട് ഭരണാധികാരികളേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കുണ്ട്. ഭരണഘടനയനുസരിച്ച് ഭരിക്കേണ്ടത് എങ്ങിനെയെന്ന് നിര്‍ദ്ദേശിച്ച് കൊടുക്കുന്നത് സാധാരണക്കാരാണ്. ഭരണകര്‍ത്താക്കള്‍ ദേശീയ സദാചാരം കാക്കേണ്ടവരാണ്. ആ സദാചാരം അവനവന്‍ അല്‍പം കഷ്ടപ്പെട്ടാലും കഷ്ടപ്പെടുന്നവരെ രക്ഷിക്കുക എന്നതാണ്. ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ട സാധാരണ ജനങ്ങളുടെ ക്ഷേമമായിരിക്കണം പൊലീസിന്റെ ലക്ഷ്യം. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ പൊലീസ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതിരിക്കുക എന്നതാണ് സാധാരണക്കാരന്റെ പക്ഷം. അതിനാകട്ടെ കേരള പൊലീസിന്റെ ഇനിയുള്ള ശ്രമം.