Connect with us

Video Stories

ജനാധിപത്യ കേരളത്തിന് ഗുണകരമായ തീരുമാനം

Published

on

എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിനിന്ന കേരള കോണ്‍ഗ്രസ് (എം) അതേ മുന്നണിയിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിന് മുന്നോടിയായി ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങുന്ന ഒന്‍പതംഗ ഉപസമിതിയോഗം ഐകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നു. ഇടതുപക്ഷ-വര്‍ഗീയ ശക്തികള്‍ക്ക് വന്‍തിരിച്ചടിയാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. 2016ലെ യു.ഡി.എഫിന്റെ നേരിയ പരാജയം ഇക്കുറി തിരുത്തിക്കുറിക്കാനും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുമുള്ള ചെങ്ങന്നൂരിലെയും കേരളത്തിലെയും ജനതയുടെ ഇച്ഛാശക്തിക്ക് ഈ തീരുമാനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കെ.എം മാണിയുടെ പ്രഖ്യാപനംപോലെ ഇത് മതനിരപേക്ഷ ശക്തികളെ കൂടുതല്‍ ശാക്തീകരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയവുമില്ല.
നാലു പതിറ്റാണ്ടായി ഐക്യജനാധിപത്യമുന്നണിയുടെ നെടുംതൂണുകളിലൊന്നായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ്പാര്‍ട്ടിയുടെ അപ്രതീക്ഷിത വിഛേദനത്തിന് കാരണമായത് പാര്‍ട്ടി ലീഡര്‍ കെ.എം മാണിക്കുനേരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇല്ലാത്ത അഴിമതി ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു. മാണിയെ കരിവാരിത്തേക്കുന്നതിനും അതുവഴി യു.ഡി.എഫിനെ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു അത്. ഒരു ബാറുടമയാണ് താന്‍ കെ.എം മാണിക്ക് ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന് ഒരു ടി.വി ചാനലില്‍ കയറി തട്ടിവിട്ടത്. ഇതപ്പടി ഏറ്റുപിടിക്കാനും കേരളം കാണാത്ത രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണത്തിനും സി.പി.എമ്മും ഇതര ഇടതുപക്ഷ മുന്നണികക്ഷികളും മുന്നോട്ടുവന്നു. കേരള ഹൈക്കോടതിയുടെ പരോക്ഷമായ ഒരുപരാമര്‍ശത്തിന്റെ പേരില്‍ കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കാനും തയ്യാറായി. അതിനുശേഷവും കേസുമായി മുന്നോട്ടുപോകണമെന്ന പിടിവാശിയിലായിരുന്നു ഇടതുപക്ഷം, വിശിഷ്യാ സി.പി.എം. 2016ല്‍ അധികാരത്തിലേറിയതുമുതല്‍ ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലൊന്നും പക്ഷേ മാണിയെ പ്രതിയാക്കുന്നതിനോ ശിക്ഷിക്കുന്നതിനോ ആയ യാതൊരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മാണിയെ പാര്‍ട്ടി വേദികളില്‍ ക്ഷണിതാവാക്കി പാര്‍ട്ടിയെ ഏതുവിധേനയും മുന്നണിയിലെടുക്കാനായി പിന്നീടുള്ള സി.പി.എം ശ്രമം. ഇതിനെതിരെ സി.പി.ഐയും മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നത് സി.പി.എമ്മിലെ പിണറായി പക്ഷത്തിന്റെ മോഹങ്ങളുടെ ചിറകരിഞ്ഞു. പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരെ യു.ഡി.എഫുമായി യോജിക്കാന്‍ തയ്യാറാത്ത സി.പി.എം കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിച്ച് യു.ഡി.എഫ് ഭരണംഅട്ടിമറിക്കാന്‍ വരെ തയ്യാറായി. കേവലം നാലു ശതമാനംവരുന്ന മുന്നണികളുടെ വോട്ട് വ്യത്യാസത്തെ മാണിയുടെ പാര്‍ട്ടിയെ വിനിയോഗിച്ച് തങ്ങള്‍ക്കനുകൂലമാക്കാമെന്നും അതുവഴി തുടര്‍ഭരണം നേടാമെന്നുമുള്ള വ്യാമോഹമാണ് സി.പി.എമ്മിലെ പ്രബലവിഭാഗത്തെ പ്രേരിപ്പിച്ചത്. പക്ഷേ ഈകെണിയില്‍ വീഴാന്‍ മതേതര ജനാധിപത്യ സഖ്യത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമായിരുന്നില്ല. വിരലിലെണ്ണാവുന്ന കേരള കോണ്‍. നേതാക്കളുടെ ഇടതുമുന്നണി ചങ്ങാത്തം മുന്നണിപ്രവേശനത്തിലെത്തിയതുമില്ല.
ഈ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടാനുള്ള തീവ്ര വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരിശ്രമം. മുന്‍കേന്ദ്രമന്ത്രി പി.സി തോമസിനെ ഉപയോഗിച്ചായിരുന്നു അമിത്ഷാ-കുമ്മനാദികളുടെ ചാക്കിടീല്‍. ഇതിലും കൊത്താന്‍ ശക്തമായ മതേതര പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പായിരുന്നു. ഇതിനിടയിലും യു.ഡി.എഫിലെ മുസ്്‌ലിംലീഗ് പോലുള്ള കക്ഷികളുമായും നേതാക്കളുമായും അരക്കിട്ടുറപ്പിച്ചിരുന്ന ബന്ധം തുടരാനും മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗിനെ പിന്തുണക്കാനും കേരളകോണ്‍ഗ്രസ് സന്നദ്ധമായി. ഇത് യുഡി.എഫ് അണികളില്‍ വലിയ പ്രതീക്ഷക്ക് വകനല്‍കി. അഭിപ്രായ ഭിന്നതയും ചില്ലറ പരിഭവങ്ങളും മുന്നണിബന്ധത്തില്‍ സ്വാഭാവികമാണെന്നിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പിന്‍മാറ്റത്തെ താല്‍കാലിക പ്രതിഭാസമായിത്തന്നെയാണ് കേരള ജനത ഒന്നടങ്കം വീക്ഷിച്ചതും അവരില്‍ തുടര്‍ന്നും പ്രതീക്ഷവെച്ചതും. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉള്‍പ്പെടെ മുന്നണിയുടെ ഭാവി മുന്നില്‍കണ്ട് വിട്ടുവീഴ്ചാമനോഭാവത്തിലൂടെ മാണിയെ നേരില്‍ സമീപിക്കാനും ബന്ധം പൂര്‍വാധികം സുദൃഢമാക്കാനും സന്നദ്ധമായി. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ മാണിയുടെ വസതിയിലെ സംയുക്ത സന്ദര്‍ശനം മഞ്ഞുരുക്കിയെന്നുതന്നെയാണ് ചൊവ്വാഴ്ചത്തെ ഉപസമിതി തീരുമാനം വ്യക്തമാക്കുന്നത്. രാജ്യവും കേരളവും അഭൂതപൂര്‍വമായ നെരിപ്പോടിലൂടെ കടന്നുപോകുമ്പോള്‍ മതേതര ജനാധിപത്യചേരി ശക്തിപ്പെടുക എന്ന കോണ്‍ഗ്രസ്-മുസ്്‌ലിംലീഗാദി കക്ഷികളുടെയും നേതൃത്വങ്ങളുടെയും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകളാണ് ഈ പുനര്‍കൂടിച്ചേരലിന്റെ മറ്റൊരു പ്രേരകശക്തി. കര്‍ണാടകയും ഗോവയും ബീഹാറുമൊക്കെ നമുക്ക് തരുന്ന സന്ദേശം മതേതര ജനാധിപത്യശക്തികളുടെ അണിമുറിയാത്ത യോജിപ്പാണ്. അത്തരുണത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ തീരുമാനത്തിന് കാലവും നാടും വലിയ പ്രസക്തിയാണ് ഉദ്യുക്തമാക്കുന്നത്.
കേരള സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പൊലീസ്-പാര്‍ട്ടി രാജ് ഉള്‍പ്പെടെയുള്ള ജനദ്രോഹഭരണവും മോദി സര്‍ക്കാരിന്റെ ജനങ്ങള്‍ക്കെതിരായ സകല മേഖലയിലുമുള്ള അരാജകത്വവുമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. യു.ഡി.എഫിന്റെ മിന്നുന്ന വിജയം അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെയും വിശിഷ്യാ കെ.എം മാണിയുടെയും പി.ജെ ജോസഫിന്റെയും മറ്റും ഭാഗത്തുനിന്നുള്ള സുചിന്തിതമായ നീക്കം സ്വാഗതാര്‍ഹവും മലയാളികള്‍ക്കാകെ പ്രതീക്ഷാനിര്‍ഭരവുമായിരിക്കുന്നു. കാര്‍ഷികം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ക്ഷേമമാണ് കെ.എം മാണിയെപോലുള്ള നേതാക്കളുടെ എക്കാലത്തെയും ലക്ഷ്യം. അതിനും ഈ തീരുമാനം ഉപകരിക്കുമെന്ന്് പ്രത്യാശിക്കാം. യു.ഡി.എഫിന്റെ നിലനില്‍പിന് ഉതകുന്നതും ജനതക്ക് പ്രയോജനപ്രദവുമായ നിരവധി തീരുമാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന-പാര്‍ലമെന്ററി രംഗത്ത് അര നൂറ്റാണ്ട് സേവിച്ച, ധനകാര്യ വിദഗ്ധന്‍കൂടിയായ കെ.എം മാണിയുടെ സേവന സപര്യ തുടര്‍ന്നും ഐക്യജനാധിപത്യമുന്നണിക്കും കേരളത്തിന്റെ സാമ്പത്തിക രംഗത്തിനും മുതല്‍കൂട്ടാകുമെന്നത് നിസ്സംശയം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ, കേരളകോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ തുടര്‍ന്നും സി.പി.എമ്മും ഇടതുമുന്നണിയും രംഗത്തെത്തും. അതിനുള്ള ആഘാത ചികില്‍സ കൂടിയാകണം ചെങ്ങന്നൂര്‍.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending