ഏപ്രില്‍ 23ന് നടന്ന ലോക്‌സഭാവോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തപാല്‍ ബാലറ്റുകള്‍ പൊലീസ് അസോസിയേഷനിലെ ചിലര്‍ കൂട്ടത്തോടെ ഏറ്റെടുത്ത് ഒരു മുന്നണിക്കുവേണ്ടി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭരണകൂടം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. പൊലീസു കള്ളന്മാരെ കയ്യോടെ പിടികൂടിയിട്ടും ഒരാളെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍-പൊലീസ് ഉന്നത തലത്തില്‍ പരിശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദേശിച്ചിട്ടും മതിയായ അന്വേഷണം നടത്താതെയും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഴുവന്‍ നടപടിയെടുക്കാതെയും സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് വേലിതന്നെ വിളവ് തിന്നുന്നതിന് തുല്യവും ജനങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ചുളള വിലയിടിയുന്നതിനു ഇടയാക്കുന്നതുമാണ്.
വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചാം ദിവസമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സി.പി.എമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള പ്രവര്‍ത്തകരുടേതായിരുന്നു ഇത്. തുടര്‍ന്ന് എതിര്‍ കക്ഷികള്‍ക്കെതിരെ സി.പി.എം ആരോപണവുമായി രംഗത്തുവരികയുണ്ടായി. എന്നാല്‍ അതിലൊക്കെ എത്രയോ ഏറെ ഗൗരവതരമായ കുറ്റമാണ് പൊലീസ് സേനക്കകത്ത് നടന്ന സംഘടിത കള്ളവോട്ട്. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് നഗ്നമായി കള്ളവോട്ട് ചെയ്തതായി വിവരം പുറത്തുവന്നത്. ഒരു പൊലീസ്ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പിലൂടെ നല്‍കിയ നിര്‍ദേശമാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. അതല്ലെങ്കില്‍ ഇത്രയും വലിയ പൊലീസ് കള്ളത്തരം പിടിക്കപ്പെടാതെ പോകുമായിരുന്നേനേ. സംസ്ഥാന പൊലീസ് സേനയില്‍ അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും തപാല്‍ ബാലറ്റാണ് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ കൂട്ടത്തോടെ കൈക്കലാക്കി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കൊണ്ടുപോയി അപേക്ഷകരറിയാതെ വോട്ട് രേഖപ്പെടുത്തിയത്. നഗ്നമായ ജനാധിപത്യ ലംഘനമല്ലാതെന്താണിത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ, ഐ.പി.എസിന് താഴെയുള്ള, തപാല്‍ ബാലറ്റ് ഏറ്റെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ ധൈര്യം എവിടുന്നായിരിക്കണം. ഇതിന് വലിയ തല പുകക്കലിന്റെ ആവശ്യമില്ല. പൊലീസുകാരുടെ ഏക സംഘടനയായ പൊലീസ് അസോസിയേഷന്‍ ഭരിക്കുന്നത് സി.പി.എം അനുകൂലികളായ നേതാക്കളാണ്. പല ജില്ലകളിലും സംസ്ഥാനതലത്തിലും സി.പി.എമ്മിനാണ് അസോസിയേഷന്റെ മേധാവിത്വം. പതിവുപോലെ ഇത്തവണയും ഈ സാഹചര്യം സമര്‍ത്ഥമായി മുതലാക്കിയാണ് ഇത്തരമൊരു കൂട്ടകള്ളവോട്ടിംഗ് നടന്നിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി പൊലീസുകാരുടെ തപാല്‍ബാലറ്റിന്റെ കണക്കെടുക്കാന്‍ നിര്‍ദേശിച്ചിടത്ത് തുടങ്ങുന്നു യഥാര്‍ത്ഥത്തില്‍ ഉന്നത തലത്തില്‍ നടന്ന ഇതുസംബന്ധിച്ച ഗൂഢാലോചന. എന്തിനായിരുന്നു ഇത്തരമൊരു അസാധാരണ ഉത്തരവ് സംസ്ഥാന ചരിത്രത്തിലാദ്യമായി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയത്. ബെഹ്‌റയുടെ പല നിലപാടുകളും സി.പി.എമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ക്ക് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന ്പലതവണ ആരോപണം ഉയര്‍ന്നിരുന്നതാണ്. അപ്പോള്‍ ഈ ഉത്തരവിനുപിന്നില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കക്ഷിക്കും നേതൃത്വത്തിനും പങ്കില്ലെന്ന് വിശ്വസിക്കാനാകുമോ. സാധാരണയായി ഫോഴ്‌സ് എന്ന നിലക്കുള്ള അച്ചടക്കം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിലുള്ള ഓരോ അംഗവും. ഇത് മുതലാക്കിയാണ് അവരുടെ തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ചിലര്‍ ചേര്‍ന്ന് കൈക്കലാക്കിയത്. തപാല്‍ ബാലറ്റുകള്‍ അയക്കാന്‍ പൊലീസ് അസോസിയേഷന്‍കാര്‍ പ്രത്യേക വിലാസം കൊടുക്കുകയാണ് ചെയ്തത്. ഇത് അനുസരിക്കുകയല്ലാതെ അവര്‍ക്ക് വഴിയുണ്ടായിരുന്നില്ല. തിരുവനന്തപുരം വട്ടപ്പാറയിലുള്‍പ്പെടെ പല തപാല്‍ ആപ്പീസുകളിലും ഇത്തരത്തില്‍ തപാല്‍ ബാലറ്റുകളെത്തിയതായി വിവരം ലഭിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയാണ് അന്വേഷണം നടത്തിയതും കുറ്റം നടന്നതായി തെളിവുകള്‍ സഹിതം കണ്ടെത്തിയതും. ഇതില്‍ വൈശാഖ് എന്ന ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പി വിനോദ് കുമാറാണ് കണ്ണൂരിലും തൃശൂരിലും മറ്റും അന്വേഷണം നടത്തുന്നത്. കാസര്‍കോട് ബേക്കല്‍ പൊലീസ്‌സ്റ്റേഷനിലെ 54 അപേക്ഷകരില്‍ പലര്‍ക്കും ബാലറ്റ് ലഭിച്ചില്ല. കുന്നംകുളത്ത് 22 അപേക്ഷകരില്‍ 13 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. ഇതൊക്കെ നടന്നത് കേരളത്തിലാണെന്നതുമാത്രമല്ല, നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ട ഒരു സുരക്ഷാസംവിധാനത്തിന്റെ മന്ദിരങ്ങളിലാണെന്നത് നാണക്കേടുകൊണ്ട് മറച്ചുപിടിച്ചതുകൊണ്ടായില്ല. ജനാധിപത്യ സംവിധാനം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനുകീഴില്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് തെരഞ്ഞെടുപ്പുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അത് നടപ്പാക്കാന്‍ കമ്മീഷന് പക്ഷേ സ്വന്തമായി സംവിധാനങ്ങളില്ല. കമ്മീഷന്‍ അതിന് ആശ്രയിക്കുന്നത് സംസ്ഥാന ഭരണകൂടത്തെയും പ്രത്യേകിച്ച് പൊലീസ് സേനയെയുമാണ്. ഇവിടെ തട്ടിപ്പും ക്രമക്കേടും കള്ളത്തരവും നിയമലംഘനവും നടത്തിയിരിക്കുന്നത് അതേ പൊലീസ് സംവിധാനം തന്നെയാണ് എന്നത് ഭരണാധികാരികളുടെ കരണത്തേല്‍ക്കുന്ന പ്രഹരമാണ്.
സംസ്ഥാനത്തെ പല ലോക്‌സഭാമണ്ഡലവും ചുരുങ്ങിയ ഭൂരിപക്ഷത്തിന് വിജയിക്കാറുള്ളപ്പോള്‍ അമ്പത്തയ്യായിരം പേരുടെ വോട്ടുകള്‍ ഒരേ ദിശയിലേക്ക് രേഖപ്പെടുത്തപ്പെട്ടു എന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന അതീവ ഗുതുരമായ പ്രക്രിയയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പ്രഹസനം ബോധ്യമായതുകാരണമാണ് വിഷയവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണി നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിലെ കുറ്റക്കാരായ ക്രിമിനലുകളെ അവര്‍ പൊലീസ് സേനയിലാണെന്നും മാര്‍ക്‌സിസ്റ്റ് അനുഭാവികളാണെന്നും കരുതി സംരക്ഷിക്കുന്നതിന് പകരം കയ്യോടെ പിടികൂടി കാക്കി ഊരിച്ച് ജയിലുകളിലേക്ക് അയക്കുകയാണ് വേണ്ടത്. ഇവരത്രെ നാട്ടിലെയും ജനങ്ങളുടെയും നിയമങ്ങളെയും നിയമലംഘനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കേണ്ടവര്‍. നാണക്കേടേ നിന്റെ പേരോ പിണറായി വിജയന്റെ പൊലീസ്‌സേനയും അദ്ദേഹത്തിന്റെ ഭരണകൂടവും? പുറത്ത് കാക്കിക്കുപ്പായവും അകത്ത് ചുകപ്പുനിക്കറും ഇട്ട് മാസാമാസം ജനങ്ങളുടെ നികുതിപ്പണം എണ്ണിവാങ്ങാന്‍ ഒരുത്തനെയും ഇനി അനുവദിക്കരുത്.