സംസ്ഥാന ഗതാഗതവകുപ്പുമന്ത്രി തോമസ്ചാണ്ടി തന്റെ സര്‍ക്കാരിന്റെതന്നെ ഭാഗമായ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിന് അതിശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്. കായല്‍, നെല്‍വയല്‍ കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി ഉടമസ്ഥനായ കമ്പനിക്കെതിരെ ആലപ്പുഴ ജില്ലാകലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഇരുപത്തിരണ്ടു ദിവസത്തോളം അടയിരിക്കുകയും കോടതിയില്‍ അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിനാകെയുള്ള കനത്ത പ്രഹരമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇന്നലത്തെ വിധി.

തോമസ്ചാണ്ടിയുടെ ഹര്‍ജിയില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടമായിരിക്കുന്നതെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ വിധിപ്രസ്താവം മന്ത്രിക്കു മാത്രമല്ല, ഈ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. മന്ത്രി ചാണ്ടി കഴിഞ്ഞ നാലു മാസത്തോളമായി അധികാരത്തിലിരുന്ന് നടത്തിക്കൊണ്ടിരുന്ന ഔദ്യോഗികവും നിയമപരവുമായ നടപടികളെയും അതിന് കൂട്ടുനിന്ന മന്ത്രിസഭയെയും അപ്പാടെ തള്ളിക്കളയുകയാണ് മന്ത്രിയുടെ ഹര്‍ജി തള്ളിയതിലൂടെ ഹൈക്കോടതി ഇന്നലെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലെ ഒരു കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച മന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന വിധിയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കാവുന്നതാണ്. ഇതൊക്കെയായിട്ടും കോടതിവിധി വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മന്ത്രി ചാണ്ടി സ്വയം സ്ഥാനമൊഴിയുകയോ ഭരണഘടനാദത്ത അധികാരമുപയോഗപ്പെടുത്തി മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതിരിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള തികഞ്ഞ അവഹേളനമാണ്. അതിലുമെത്രയോ വലുതാണ് മന്ത്രിയും ഈ സര്‍ക്കാരും ജനത്തിനുനേരെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊഞ്ഞനം കുത്തല്‍.

തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍കൂടിയായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചത് ചാണ്ടിക്കുവേണ്ടിയായിരുന്നു. ചാണ്ടിയുടെ മധ്യപ്രദേശില്‍ നിന്നെത്തിയ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ വാദത്തിന്റെ ചുവടുപിടിച്ച് ചാണ്ടി നിയമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജില്ലാകലക്ടറുടെ അഥവാ തന്റെ തന്നെ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും തീരുമാനത്തിനെതിരെ ഒരു മന്ത്രി ഹര്‍ജിയുമായി രംഗത്തുവന്നത് അയോഗ്യനാക്കാവുന്ന കുറ്റമാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും പരാമര്‍ശിച്ച കോടതി ഉച്ചക്ക് ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ നല്‍കിയ അവസരം പോലും ഉപയോഗപ്പെടുത്താതെ സ്വയം വടികൊടുത്ത് അടിവാങ്ങുകയായിരുന്നു ചാണ്ടിയും പരോക്ഷമായി സര്‍ക്കാരും. കോടതിയുടെ ശാസന വന്നതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് മാറ്റിയെങ്കിലും, മന്ത്രിയുടെ ഹര്‍ജി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന വിധിയിലെ വാചകം സത്യത്തില്‍ ഈ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമില്ലായ്മയെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭരണഘടനാലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയ ഒരു മന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കുന്നതും നിയമലംഘനമാണ്.

ആലപ്പുഴ കുട്ടനാട്ടെ വേമ്പനാട്ടുകായല്‍ തീരത്ത് പ്രവര്‍ത്തിച്ചുവരുന്ന ലേക് പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി മുന്‍ മാനേജിങ്ഡയറക്ടറും ഇപ്പോള്‍ ഡയറക്ടറുമായ തോമസ്ചാണ്ടി കായലും സമീപത്തെ നെല്‍വയലുകളും കയ്യേറി പാതയും പാര്‍ക്കിങ്ഗ്രൗണ്ടും നിര്‍മിക്കുകയും കായലില്‍ ബോയ കെട്ടി കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. മൂന്നു തവണ നിയമസഭാസാമാജിനും ഇപ്പോള്‍ മന്ത്രിയുമായ ചാണ്ടി തനിക്ക് കൈവന്ന ഔദ്യോഗികാധികാരങ്ങള്‍ തന്റെ സ്വാര്‍ഥമതിത്വം നിറഞ്ഞ കൊള്ളലാഭത്തിനും അഴിമതിക്കും ഇരയാക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്മേല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടയിലായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 22ന് ജില്ലാകലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂസെക്രട്ടറി പി.ജെ കുര്യന് സമര്‍പ്പിക്കപ്പെട്ടത്. റവന്യൂമന്ത്രിയുടെ നടപടി ശിപാര്‍ശയോടെ പിറ്റേന്നുതന്നെ മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശത്തിന്റെ പേരുപറഞ്ഞ് മന്ത്രിയെയും നിയമലംഘനങ്ങളെയും സംരക്ഷിക്കുകയായിരുന്നു തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും. ടൂറിസത്തിന്റെ മറവില്‍ കുട്ടനാട്ടെ പണച്ചാക്ക് എന്ന പ്രാമാണ്യത്തില്‍ എം.പിമാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സ്വാധീനിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെടുക്കുകയും പരിസ്ഥിതി, നെല്‍വയല്‍-നീര്‍ത്തട നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തുവെന്നതിന്റെ ജീവിക്കുന്ന തെളിവാണ് യുവ ഐ.എ.എസ്സുകാരി ടി.വി അനുപമയുടെ റിപ്പോര്‍ട്ട്.

സാധാരണഗതിയില്‍ ഇത്തരമൊരു നിയമലംഘനം നടന്നെന്ന് തെളിഞ്ഞാലുടന്‍ ജില്ലാകലക്ടര്‍ക്ക് തന്നെ സ്വയം തന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് പ്രതിക്കെതിരെ നിയമ-പ്രോസിക്യൂഷന്‍ നടപടി എടുക്കാമായിരുന്നിട്ടും സര്‍ക്കാരും മന്ത്രിസഭയും ഇതിന് അനുവദിക്കാതെ എ.ജിയുടെയും മറ്റും ഉപദേശത്തിന് കാത്തുകിടക്കുകയായിരുന്നു. മന്ത്രിയെ രക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഇതിനുപിന്നിലെന്നു വ്യക്തം. സ്വാഭാവികമായും ഇത് സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും തോമസ്ചാണ്ടിയുമായുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ചുള്ള സൂചനകള്‍ ഉയര്‍ത്തി. ഏറെ പ്രതികരണങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഞായറാഴ്ച ചേര്‍ന്നഇടതുമുന്നണി നേതൃയോഗമാണ് പ്രശ്‌നം മുഖ്യമന്ത്രിയുടെ പരിഗണനക്കായി കൈമാറിയത്. സാധാരണഗതിയില്‍ സി.പി.എം സര്‍ക്കാരുകളെയും മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നത് അവരുടെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നിരിക്കെ തികച്ചും ഭിന്നമായ രീതിയാണ് ചാണ്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം അവലംബിച്ചത്. പിണറായി വിജയന്റെ അപ്രമാദിത്തത്തെക്കുറിച്ചും ഇതില്‍ സൂചനകളുണ്ട്.

കോടതികളില്‍നിന്ന് അടിക്കടി അടിവാങ്ങി ഒരുവിധ ജാള്യതയുമില്ലാതെ പിന്നെയും അതേ തെറ്റുകള്‍തന്നെ ചെയ്യുന്ന ഒരു സര്‍ക്കാരാണ് ഒന്നര കൊല്ലം മുമ്പ് മാത്രം അധികാരമേറ്റ കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇതിനകം രണ്ടുപേരെ മന്ത്രിക്കസേരകളില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു. സംസ്ഥാന പൊലീസ്‌മേധാവി ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ അധികാരത്തില്‍ വന്നയുടന്‍ രായ്ക്കുരാമാനം സ്ഥലംമാറ്റിയതിന് ഉന്നത നീതിപീഠത്തിന്റെ ശാസനകളും പിഴയും ഏറ്റുവാങ്ങേണ്ടിവന്ന സര്‍ക്കാരിന് വിജിലന്‍സിന്റെ പേരില്‍ കേള്‍ക്കേണ്ടിവന്ന കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവയെല്ലാം അലങ്കാരമായി കൊണ്ടുനടക്കുന്ന സര്‍ക്കാരിനും അതിന്റെ മേലാളന്മാര്‍ക്കും ആത്മവിശ്വാസത്തിലുപരി അഹങ്കാരത്തിന്റെ മെഗ്ലോമാനിയയാണ് പിടിപെട്ടിരിക്കുന്നത്. ഇനിയും നെല്‍വയലുകള്‍ നികത്തുമെന്ന് പറയുന്ന തോമസ്ചാണ്ടിയിലൂടെയും മാധ്യമ പ്രവര്‍ത്തകരോട് മുഖംതിരിക്കുന്ന മുഖ്യമന്ത്രിയിലൂടെയും അത് തെളിഞ്ഞുകാണുന്നുണ്ട്. ചാണ്ടിയുടെ ജില്ലക്കാരനായ ഇതേമന്ത്രിസഭയിലെ മറ്റൊരാള്‍ വിശേഷിപ്പിച്ചതുപോലെ ഈ വിഴുപ്പുഭാണ്ഡത്തെ എന്തിനാണ് ഇനിയും കേരളം ചുമക്കുന്നത്?