കഴിഞ്ഞ നവംബര്‍ 21ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ദേഹാത് ജില്ലയിലെ പൊഖ്‌റാനയില്‍ ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് ട്രെയിനിന്റെ പതിനാല് കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞ് 149 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഇന്ത്യയുടെ തീവണ്ടിയപകടങ്ങളുടെ പട്ടികയില്‍ ഏറ്റവും വലുതുകളിലൊന്നും രാജ്യത്തെ ഞെട്ടിപ്പിച്ചതുമായിരുന്നു. പാളത്തിലുണ്ടായിരുന്ന വിള്ളലാണ് അപകടത്തിന് കാരണമെന്നായിരുന്നു റെയില്‍ മന്ത്രാലയത്തിന്റെയും പൊലീസിന്റെയും കഴിഞ്ഞ ദിവസം വരെയുണ്ടായിരുന്ന നിഗമനം.

 

എന്നാല്‍ ബീഹാര്‍ പൊലീസ് പിടികൂടിയ മോട്ടി പാസ്വാന്‍ എന്നയാള്‍ നല്‍കുന്ന മൊഴി രാജ്യത്തെ അത്യന്തം അലോസരപ്പെടുത്തുന്നതായിരിക്കുന്നു. പാക്കിസ്താന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ആണ് ഈ വന്‍ ദുരന്തത്തിന്റെ ആസൂത്രകരെന്നാണ് പാസ്വാന്റെ വെളിപ്പെടുത്തലിലെ സൂചനകള്‍. ഐ.എസ്.ഐ പണം നല്‍കി നേപ്പാള്‍ വഴി ഓപറേഷന്‍ നടത്തിയെന്നാണ് വിവരമെന്ന് ബീഹാര്‍ പൊലീസ് മേധാവി ജിതേന്ദ്ര റാണയാണ് വെളിപ്പെടുത്തിയത്. പാളത്തില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചുവെന്നാണ് വിവരം. ഇതിന് കൂട്ടുനിന്നത് ഇന്ത്യക്കാരന്‍ തന്നെയാണെന്നതും നമ്മെ ലജ്ജിപ്പിക്കുന്നു.

 

പാക് സൈന്യത്തിന്റെ ഭീകര തന്ത്രങ്ങള്‍ ഇന്ത്യക്ക് തലവേദനയായിട്ട് പതിറ്റാണ്ടുകളായി. മൂന്നു തവണ നേരിട്ട് പട്ടാളങ്ങള്‍ തമ്മിലുണ്ടായ യുദ്ധങ്ങള്‍ അവര്‍ക്ക് ഇന്ത്യയുടെ സൈനിക ശക്തിയോട് നേരിട്ടേറ്റുമുട്ടി വിജയം വരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതാണ്. റഹീല്‍ ശരീഫ് മാറി ഖമര്‍ജാവേദ് ബാജ്‌വ നവംബറില്‍ ചുമതലയേറ്റതോടെ പാക് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറുമെന്നാണ് പൊതുവെ വീക്ഷിക്കപ്പെടുന്നത്. വ്യക്തമായ തെളിവുകള്‍ വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും സൂചനകള്‍ വെച്ച് പാക്കിസ്താന്‍ ഇന്ത്യക്കെതിരെ നടത്തിവരുന്ന ഭീകര പ്രവര്‍ത്തനത്തിന് പുതിയ രൂപം കൈവരിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

 

ഭീകരരെ പരിശീലനം നല്‍കി ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു ഇതുവരെയുള്ള പാക് രീതി. സൈനിക കേന്ദ്രങ്ങളില്‍ നേരിട്ടു കടന്നുചെന്ന് ആക്രമണം നടത്തുന്ന രീതി അടുത്തിടെയാണ് നാം അനുഭവിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിനു നേര്‍ക്ക് 2016ലെ പുതുവര്‍ഷ ദിനത്തിലാണ് പാക് ഭീകരര്‍ ആക്രമണം നടത്തിയത്. പിന്നീട് കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലും സംസ്ഥാനത്തെ തന്നെ നഗ്രോട്ട സൈനിക കേന്ദ്രത്തിലും പുലര്‍ച്ചെ നുഴഞ്ഞു കയറി ഭീകരര്‍ നിരവധി ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊല്ലുകയുണ്ടായി. ഇന്ത്യന്‍ സിവിലയന്മാര്‍ക്കു നേരെ ഏകപക്ഷീയ ആക്രമണം നടത്തുക എന്നതും പാക്കിസ്താന്റെ തന്ത്രങ്ങളിലൊന്നാണ്.

 

2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതും 2008ലെ മുംബൈ താജ് ഹോട്ടല്‍ ആക്രമണവും മറക്കാനാകില്ല. എന്നാല്‍ ഇതുവരെയും ട്രെയിന്‍ മറിച്ചിട്ട് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന കൊടും പാതകം ആ രാജ്യം ചെയ്തതിന് തെളിവുണ്ടായിരുന്നില്ല. സൈനിക നീക്കങ്ങള്‍ പരാജയപ്പെടുമ്പോള്‍ കുറഞ്ഞ നഷ്ടത്തില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്ന പാക് തന്ത്രമാണ് കാണ്‍പൂര്‍ സംഭവം നമ്മെ പഠിപ്പിക്കുന്നത്.

 

സൈനിക കേന്ദ്രങ്ങളിലേക്കുള്ള നിരന്തരമായ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം നമ്മുടെ അമ്പതോളം സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനെതിരെ രാജ്യത്താകമാനം വന്‍ പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നു. തുടര്‍ന്നാണ് സെപ്തംബര്‍ 29ന് അര്‍ധരാത്രി പാക് അതിര്‍ത്തിയിലേക്ക് കടന്നു കയറി സൈനിക ഭാഷയിലുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇന്ത്യന്‍ സൈന്യം നടത്തിയത്. ഇതിനെ വലിയ നേട്ടമായി കൊട്ടിഘോഷിച്ച കേന്ദ്രത്തിലെ സര്‍ക്കാരും ബി.ജെ.പിയും രാജ്യ സുരക്ഷയുടെ അപ്പോസ്തലന്മാരായി വാഴ്ത്തുകയായിരുന്നു സ്വയം.

എന്നാല്‍ പാക് അതിര്‍ത്തിക്കകത്തേക്ക് കടന്ന് ആരും ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പാക്കിസ്താന്റെ നിഷേധം. 35 ഓളം പാക് സൈനികരെയും ഭീകരരെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ അനൗദ്യോഗിക വാദം. സര്‍ജിക്കല്‍ സ്‌ട്രൈക്ക്മൂലം പാക്കിസ്താന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സൈനികമായി ഏറെ പ്രതിരോധത്തിലാവുകയും നാണക്കേട് കൊണ്ടുള്ള വീരവാദത്തിലുമായിരുന്നു. ഇതിനുള്ള മറുപടിയായി വേണം ട്രെയിന്‍ അട്ടിമറിയെ സംശയിക്കാന്‍.

 

സൈനികര്‍ തമ്മിലുള്ള അതിര്‍ത്തിയിലെ നിരന്തര സംഘര്‍ഷങ്ങള്‍ കൊണ്ട് വന്‍ ആള്‍ നാശവും ധന നഷ്ടവുമാണ് ഇരു രാജ്യങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണക്കാരായ നിരപരാധികളെ ഈ വിഷയത്തില്‍ ഇരകളാക്കുന്നത് തീര്‍ത്തു പറഞ്ഞാല്‍ ഭീരുത്വമാണ്. ഭീകരവാദത്തിന്റെ തലസ്ഥാനമായാണ് പാക്കിസ്താന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭീകരതക്കെതിരെ ഒരു വാക്ക് മിണ്ടാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ് ആ രാജ്യം.

 

ജനാധിപത്യ സര്‍ക്കാരുകള്‍ക്കും ഭരണാധികാരികള്‍ക്കും അവിടെ സൈന്യത്തില്‍ മേല്‍ക്കൈയില്ലെന്നിരിക്കെ സൈന്യത്തിന്റെയും ചാര സംഘടനയുടെയും ഓപറേഷനുകള്‍ക്ക് ഒപ്പുവെക്കുക മാത്രമാണ് നവാസ് ഷരീഫ് ഭരണ കൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ വിട്ടു കിട്ടണമെന്ന ആവശ്യം പാക്കിസ്താന്‍ നിരന്തരമായി നിരാകരിക്കുകയാണ്. ചൈനയുടെ പിന്തുണയും ഇക്കാര്യത്തില്‍ അവര്‍ക്കുണ്ട്. അല്‍ഖ്വയ്ദ തലവന്‍ ഉസാമബിന്‍ ലാദന് ഒളിത്താവളം നല്‍കിയതും ഈ മണ്ണിലായിരുന്നു. നിരവധി ഭീകരസംഘടനകളാണ് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്നത്.

 

ഇന്ത്യക്കും അഫ്ഗാനിസ്താനും നിരന്തര ശല്യമാണ് ഇവ. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ കൂട്ടക്കൊല നടത്തിയ നിരപരാധികളുടെ എണ്ണം പതിനായിരക്കണക്കിനാണ്. ഐ.എസ്.ഐയും ആ വഴിക്കാണെന്നാണ് കാണ്‍പൂര്‍ സംഭവം വെളിപ്പെടുത്തുന്നത്. എങ്കില്‍ ഇതേ നാണയത്തില്‍ ഇന്ത്യയും തിരിച്ചടിച്ചാലുള്ള സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാനാകുമോ.

 

കശ്മീരിന്റെ പേരിലാണ് ഇതൊക്കെയെങ്കില്‍ വിഷയത്തിലേക്ക് കടക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീര്‍ യുവാക്കള്‍ വന്‍പ്രക്ഷോഭത്തിന് തയ്യാറായത് നാം ഓര്‍ക്കണം. പ്രശ്‌നത്തെക്കുറിച്ച് പഠിച്ച യശ്വന്ത് സിന്‍ഹ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയും വിഘടനവാദികളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തീരുമാനം അവര്‍ക്ക് വിട്ടുകൊടുക്കുക. കശ്മീര്‍ ജനതയുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വേവലാതിപ്പെടുന്ന പാക്കിസ്താന്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളെ കൊന്നൊടുക്കിയുള്ള തീക്കളി ഉടന്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.