Connect with us

Video Stories

ശ്രേഷ്ഠ ചെട്ടിയാര്‍

Published

on


ശ്രേഷ്ഠന്‍ ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌വാദ്രയെ ഭൂമിക്കേസില്‍ പിടിച്ചകത്തിട്ടത് അടുത്തിടെയാണ്. സോണിയയെും രാഹുലിനെയും മറ്റൊരുകേസില്‍ കോടതികളില്‍ കയറ്റിയിറക്കിയതും മോദി തന്നെ. ഇപ്പോള്‍ മോദിയുടെ സി.ബി.ഐയും ഇ.ഡിയും ചെന്നിരിക്കുന്നത് മുന്‍കേന്ദ്രധനമന്ത്രികൂടിയായ പി.ചിദംബരത്തിനുനേരെയാണെന്നുമാത്രം. മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേകേസില്‍ കുരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ ഡല്‍ഹിയിലെ വസതിയില്‍ചെന്ന് തികച്ചും നാടകീയമായി അറസ്റ്റ്‌ചെയ്തത്. അടിയന്തിരാവസ്ഥാകാലത്തും മറ്റും പ്രതിപക്ഷനേതാക്കളെ കേന്ദ്രഅന്വേഷണഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തിട്ടുണ്ടെങ്കിലും വീടിന്റെ ചുറ്റുമതില്‍ ചാടിക്കയറി അറസ്റ്റുചെയ്യുന്നത് ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കല്‍പിച്ചാല്‍ എന്തുംചെയ്യുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും.
എയര്‍സെല്‍ മാക്‌സിസ്-ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് ചിദംബരത്തിന്റെ ചരിത്രപരമായ അറസ്റ്റ് നടന്നിരിക്കുന്നത്. ബദ്ധവൈരിയായ സുബ്രഹ്മണ്യന്‍സ്വാമിയാണ് 2006ല്‍ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. എന്നാല്‍ താനോ തന്റെ കുടുംബമോ ഒരുതരത്തിലും സംഭവവുമായി ഇടപെടുകയോ അവിഹിതമായി എന്തെങ്കിലും നേടുകയോ ചെയ്യാതിരുന്നിട്ടും കേന്ദ്രഏജന്‍സികള്‍ എന്തിനാണ് ഈ അറസ്റ്റ് നടത്തിയതെന്നാണ് ചിദംബരത്തിന്റെ ചോദ്യം. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുനിന്ന് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ വസ്തുതകളും കണക്കുകളുംവെച്ച് സംസാരിക്കുന്നുവെന്നതായിരിക്കാം മോദിയുടെ അനിഷ്ടത്തിന് കാരണം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞതോടെ റോബര്‍ട്ട്‌വാദ്രയില്‍നിന്ന് ചിദംബരത്തിലേക്കായി മോദിയുടെ നോട്ടം. സി.ബി.ഐയും സാമ്പത്തികകുറ്റാന്വേഷണ ഏജന്‍സിയും എന്തിനും കീഴിലുള്ളപ്പോള്‍ എന്തും നടത്താം. മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബീഹാര്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, ബി.ജെ.പി അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍, കരുണാനിധി, എ.രാജ, കനിമൊഴി, ബി.എസ് യെദിയൂരപ്പ എന്നിവരാണ് രാജ്യത്ത് അറസ്റ്റുചെയ്യപ്പെട്ട പ്രമുഖര്‍. ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സി.ബി.ഐയുടെ പൊടുന്നനെയുള്ള അറസ്റ്റ്‌നാടകം.
വ്യാജകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ച് 50.45 ലക്ഷം ഡോളര്‍ ( 40 കോടിയോളം രൂപ) കാര്‍ത്തി ചിദംബരവും കൂട്ടരും പിതാവ് ധനമന്ത്രിയായിരിക്കെ അവിഹിതമായി നേടി എന്നാണ് അന്വേഷണഏജന്‍സികളുടെ വാദം. കാര്‍ത്തിക്കും മറ്റും മുമ്പ് ജാമ്യം ലഭിച്ചിരിക്കെ ചിദംബരത്തെ മാത്രം കസ്റ്റഡിയില്‍വിട്ടതിനെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍സിബല്‍ ചോദ്യംചെയ്യുന്നു. ഏതായാലും ബുധനാഴ്ച ഒരുപകല്‍ മുഴുവന്‍ അജ്ഞാതവാസത്തിലായിരുന്ന ചിദംബരം രാത്രിഎട്ടിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ജൂണില്‍ സി.ബി.ഐ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നതാണ്. അന്നൊന്നും തന്നോട് ഇത്രവലിയ തുകയെപ്പറ്റി ചോദിച്ചിരുന്നില്ലെന്ന് ചിദംബരം പറയുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും നിഴല്‍ ഇതിനുപിന്നില്‍ മിന്നിമറയുന്നു. ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സി.ബി.ഐ മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം എന്നത് ഷായെ സംബന്ധിച്ചിടത്തോളം ഇന്ന് കിട്ടിയഅവസരം മുതലെടുക്കലാണ്. 2010ലായിരുന്നു ഷായുടെ അറസ്റ്റും ജയില്‍വാസവും. നീണ്ട ഒന്‍പതുകൊല്ലത്തിനുശേഷം വിധി കറങ്ങിവന്നിരിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയയുടന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിനുമുമ്പുതന്നെ ജോര്‍ബാഗിലെ ചിദംബരത്തിന്റെ വീട്ടിന്റെ മതിലില്‍ സി.ബി.ഐയും ഇ.ഡി.യും നോട്ടീസ് പതിച്ചത് പ്രതിപക്ഷത്തെ പ്രമുഖനേതാവിനെതിരായ അവഹേളനമായി. ക്രിമിനലിനെപോലെയായിരുന്നു രാത്രി മുന്‍ധമന്ത്രിയെ കാറില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ മോദിസര്‍ക്കാരിനെതിരെ ട്വീറ്റ്‌ചെയ്ത് പിറ്റേദിവസമാണ് ചിദംബരത്തെ അകത്താക്കിയത്. രാജ്യസഭാംഗത്തിന് നല്‍കേണ്ട പരിഗണനപോലും ചിദംബരത്തിന് നല്‍കിയില്ല.
2004 മുതല്‍ 2014 വരെ ഡോ. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുതവണയാണ് പി. ചിദംബരം ധനമന്ത്രിയായത്. നവസാമ്പത്തികനയം നടപ്പാക്കലായിരുന്നു മുഖ്യജോലി. ആഭ്യന്തരവകുപ്പും ഇടക്ക് കയ്യാളി.മുമ്പ് രാജീവ്ഗാന്ധി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. 1984 മുതല്‍ പാര്‍ലമെന്റംഗം. വിവാദങ്ങള്‍ക്കെല്ലാം പുറന്തിരിഞ്ഞ് നില്‍പ്പ്്. യൗവനകാലത്ത് ഇടതുപക്ഷഭ്രമം പിടികൂടിയെങ്കിലും 1969ല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. ഇപ്പോഴും സുപ്രീംകോടതിയിലും വിവിധഹൈക്കോടതികളിലും പ്രാക്ടീസുണ്ട്. ബി.എസ്.സിയും നിയമബിരുദവുംനേടിയെങ്കിലും പ്രിയം സാമ്പത്തികശാസ്ത്രത്തോട്. കുലീനമായ ഭാഷയും പെരുമാറ്റവുംകൊണ്ട് രാഷ്ട്രീയക്കാരിലെ മാന്യനായി അറിയപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും തരിമ്പുംവഴങ്ങാത്തത് സ്വാഭാവികം. 1996ല്‍ കോണ്‍ഗ്രസ്‌വിട്ട് തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും വൈകാതെ തിരിച്ചുവന്നു. 2009ല്‍ ശിവഗംഗയില്‍നിന്ന് വെറും 3354 വോട്ടിന് വിജയിച്ചതിനെതുടര്‍ന്നാണ് വീണ്ടും ധനമന്ത്രിയായത്. എഴുപത്തഞ്ചാംവയസ്സില്‍ ആദ്യമായി ജയിലില്‍ കിടക്കേണ്ടിവന്നതും തികഞ്ഞ നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെ.

kerala

ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം; കൂടിയത് 400 രൂപ

ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്

Published

on

കൊച്ചി: ധനമന്ത്രിയുടെ കേന്ദ്രബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 400 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്. രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

ഗ്രാമിന് രാവിലെ 25 രൂപ വര്‍ധിച്ച് 5275 രൂപയും ഉച്ചക്ക് 25 രൂപകൂടി 5300 രൂപയുമായി. ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22% ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.

Continue Reading

Video Stories

വൈലിത്തറ ; അറിവിന്റെ നിലാവെളിച്ചം

ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു.

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പുലരുവോളം നീളുന്ന പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനിനൊപ്പം ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും വേദികളില്‍ നിറഞ്ഞൊഴുകും. ഇലയനക്കത്തിന്റെ ശബ്ദത്തിന് പോലും ഇടം നല്‍കാതെ സദസ്യര്‍ അറിവിന്റെ നിലാമഴയില്‍ ലയിച്ചു കഴിഞ്ഞിരിക്കും ആരാത്രിയില്‍. ഇടയ്ക്ക് ബര്‍ണാട്ഷായുടെ കവിതകള്‍ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ഉദ്ദരിച്ച് ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. കേരളത്തിന്റെ പ്രഭാഷണ രംഗത്തെ കുലപതിയായി വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാണിരുന്ന കാലത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം.
വൈലിത്തറ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന തന്റെ പ്രഭാഷണ പരമ്പരയെ കുറിച്ച് 1960-80 കാലഘട്ടത്തില്‍ ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട് അദ്ദേഹത്തെ ഒരു ജനത എത്രമാത്രമാണ് നെഞ്ചേറ്റിയെന്നതിന്റെ തെളിവ്. ആ പ്രഭാഷണ പരമ്പരകളിലൂടെ ഉയര്‍ന്ന് പൊങ്ങിയ പള്ളിമിനാരങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
തിരുവിതാംകൂറിന്റെ മലയാളത്തനിമയില്‍ പ്രഗല്‍ഭര്‍ വാണിരുന്ന മലബാറിന്റെ പ്രഭാഷണ വേദികളെ വേറിട്ട ശൈലികൊണ്ട് കീഴടക്കിയ മഹാപ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മദ്ഹബുകളും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ലളിതമായ ഭാഷയില്‍ കേള്‍വിക്കാര്‍ക്ക് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും തിരക്കുള്ള പ്രഭാഷകനായി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. നാട്ടിലേക്ക് ലീവിനെത്തുന്ന പ്രവാസികള്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി കൊണ്ടുവന്നിരുന്നത് വൈലിത്തറയുടെ പ്രഭാഷണ കാസറ്റുകളായിരുന്നു എന്നതിലുണ്ട് നാട്ടിലും ഗല്‍ഫിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത. അറിവായിരുന്നു മുഖമുദ്ര. മരണപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹം വായനയ്ക്കായി ജീവിതം മാറ്റിവെച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ആരില്‍ നിന്നും പുതിയ അറിവുകള്‍ തേടുന്നതിനായി അദ്ദേഹം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാഷണ പരമ്പരകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പും ദിവസങ്ങള്‍ നീണ്ട പഠനം നടത്തും. വിഷയത്തില്‍ നിന്നും വഴുതി മാറാതെ ശ്രോതാക്കളെ പിടിച്ചിരുത്തുകയെന്നത് ഏറെ അധ്വാനമുള്ള പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസ്ലിയാര്‍, വേണാട് ഹൈദ്രോസ് മുസ്ലിയാര്‍, ആലി മുസ്ലിയാര്‍, വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. കുട്ടനാട് തകഴി കുന്നുമ്മ പള്ളിയിലായിരുന്നു ദറസ് പഠനം ആരംഭിച്ചത്. പാപ്പിനപ്പള്ളി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് മുദരിസ്. തുടര്‍ന്ന് സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസിലും ചേര്‍ന്ന് ദറസ് പഠനം നടത്തി. ദറസ് പഠനകാലത്ത് തന്നെ പ്രഭാഷണ രംഗത്ത് കഴിവ് തെളിച്ച അദ്ദേഹത്തിന് 18-ാം വയസില്‍ ജന്മാനാടായ തൃക്കുന്നപ്പുഴയിലെ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ആദ്യ പൊതുപ്രഭാഷണ വേദിയായി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ അഭിനന്ദനം വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയത് അഭിമാനത്തോടെ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു തുടക്കമായിരുന്നു, കേരളത്തിലൂടനീളമുള്ള പ്രഭാഷണ വേദികള്‍ കീഴടക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെന്ന യുവ പ്രഭാഷകന്റെ പിറവി. തുടര്‍ന്ന് സമീപ പ്രദേശമായ താമല്ലാക്കല്‍ പ്രഭാഷണ പരമ്പര തന്നെ നടത്തി. ഹരിപ്പാടിനും ആലപ്പുഴയുടെയും പുറത്തേക്ക് യുവ പ്രഭാഷകന്റെ ഖ്യാതി പടര്‍ന്നത് വളരെ വേഗത്തിലായിരുന്നു. പിന്നീട് മലബാര്‍ അദ്ദേഹത്തെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പര എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെടുന്ന വൈലത്തറ ആഴ്ചകള്‍ക്ക് ശേഷവും വീട്ടില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തി. പരമ്പരയ്ക്ക് അനുവദിച്ച ദിവസം കഴിഞ്ഞിട്ടും പലനാടും അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കാത്ത സഹചര്യം വരെ സംജാതമായി. മലബാറിന്റെ ഹൃദയം കീഴടക്കിയ മുന്നേറിയ അദ്ദേഹം അവിടത്തെ ആത്മീയ രാഷട്രീയ രംഗത്തെ പ്രമുഖരുമായി വേഗത്തില്‍ അടുക്കുകയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങി കാലയവനികയിലേക്ക് മറഞ്ഞ മഹാരതന്മാരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയുരുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളെ ഉറക്കെ പറയുമ്പോഴും ഇതര മതവിശ്വാസികളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. അതിനാല്‍ തന്നെ പ്രഭാഷണ വേദികളില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഇതര മതസ്ഥര്‍ ഒഴുകിയെത്തുമായിരുന്നു. തൃക്കുന്നപ്പുഴയിലെ എസ്.എന്‍.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം പെരുന്നാള്‍ ദിവസം ഇതര മതസ്ഥര്‍ക്കായി വീട്ടില്‍ തന്നെ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

 

Continue Reading

Video Stories

വയനാട് സ്കൂളിൽ 86 കുട്ടികൾക്ക് ഛർദിയും വയറുവേദനയും: ഭക്ഷ്യവിഷബാധയെന്ന് സംശയം

ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടു.
കുട്ടികളെ എല്ലാവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending