Video Stories
സ്ത്രീകളെ അവഹേളിച്ച മന്ത്രി മാപ്പുപറയണം
ജനാധിപത്യത്തില്‍ അധികാരത്തിലേറുന്നവര്‍ രാജ്യത്തെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ആ കസേരകളിലെത്തുന്നത്. ആരോടും പ്രത്യേകവിരോധമോ വിധേയത്വമോ ഭയമോ വിദ്വേഷമോ കൂടാതെ എല്ലാവരോടും ഒരുപോലെ പെരുമാറുമെന്നാണ് ജനപ്രതിനിധികളുടെ പ്രതിജ്ഞ. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ സംസ്ഥാനത്തെ പ്രമുഖയായ പൊതുപ്രവര്‍ത്തകയോട് കഴിഞ്ഞദിവസം നടത്തിയത് മേല്പറഞ്ഞ ഭരണഘടനാമൂല്യങ്ങളോടും സത്യപ്രതിജ്ഞയോടുമുള്ള ഒടുങ്ങാത്ത വിരോധപ്രകടനമാണ്. അരൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിദ്വേഷപരവും പ്രകോപനപരവും അതീവനിന്ദാപരവുമായ പരാമര്‍ശമുണ്ടായത്. സ്ത്രീകളോട് പ്രത്യേകമായ പരിഗണനയൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും അവരിലൊരാള്‍ക്കെതിരെ പ്രത്യേകിച്ചും പ്രതിപക്ഷത്തിന്റെ വനിതാസ്ഥാനാര്‍ത്ഥിക്കെതിരെ മന്ത്രിക്ക് ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അമ്പരന്നിരിക്കുകയാണ് കേരളം. മുതലക്കണ്ണീര് ഒഴുക്കിയും കള്ളംപറഞ്ഞുമാണ് യു.ഡി.എഫ് വോട്ടുപിടിക്കുന്നതെന്നും ‘പൂതന’മാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂര്‍ എന്നുമായിരുന്നു മന്ത്രിയുടെ വീണ്‍വാക്കുകള്‍. ശ്രീകൃഷ്ണനെ വധിക്കാന്‍ ചെന്ന രാക്ഷസിയെയാണ് ‘പൂതന’കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെതിരെ സമാനഭാഷയിലല്ല, ഗാന്ധിയന്‍ ഉപവാസം നടത്തിയാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്.
രാഷ്ട്രീയ എതിരാളികളെ അവരുടെ നയങ്ങളെയും പരിപാടികളെയും അടിസ്ഥാനമാക്കി വിമര്‍ശിക്കാനുള്ള അവകാശം പൊതുപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനും യഥേഷ്ടം ഇന്ത്യയില്‍ ഉണ്ടെന്നുള്ളതു ശരിതന്നെ. എന്നാല്‍ ഒരു മഹിളാപൊതുപ്രവര്‍ത്തകയെ അധിക്ഷേപിക്കാന്‍ എന്ത് അധികാരാവകാശമാണ് മന്ത്രിക്ക് ഭരണഘടന അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ പ്രതിനിധിയാണ് ഈ മന്ത്രിയെന്നത് ആലോചിക്കുമ്പോള്‍ ആ പാര്‍ട്ടിയെക്കുറിച്ചുള്ള മതിപ്പുകൂടിയാണ് ഇവിടെ ഇല്ലാതാകുന്നത്. സി.പി.എമ്മിന്റെ പ്രതിനിധിയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം മന്ത്രിക്ക് ഉണ്ടായിരിക്കാം. എന്നാല്‍ അതിന് എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്തിന്റെ പേരിലാണ് ? ഇതിനെ പക്ഷേ ന്യായീകരിക്കാനാണ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ കിണഞ്ഞുപരിശ്രമിക്കുന്നത്. അങ്ങനെയല്ല താന്‍ പറഞ്ഞതെന്നും കവിയായ മന്ത്രിക്ക് അങ്ങനെയൊക്കെ പറയാമെന്നുമുള്ള ധ്വനിയിലാണ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ സംസാരിക്കുന്നത്. അക്കിടി പറ്റിയെന്ന് വ്യക്തമായാല്‍ നേരം കളയാതെ അത് തിരിച്ചറിയുകയും പ്രസ്തുത വ്യക്തിയോടും ജനങ്ങളോടും മാപ്പപേക്ഷിക്കുകയുമാണ് സാധാരണയായി ഒരു പൊതുപ്രവര്ത്തകന് ചെയ്യേണ്ടത്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ശബരിമല സീസണില്‍ സ്ത്രീകള്‍ക്ക് മാത്രമായി കേരളം മുഴുക്കെ നവോത്ഥാന സംഗമം സംഘടിപ്പിക്കുകയും സ്ത്രീകളുടെ മിശിഹയായി സ്വയം വാഴ്ത്തുകയും ചെയ്തവരാണ് സി.പി.എമ്മിന്റെ തലപ്പത്തുള്ളവര്‍ തൊട്ട് താഴേക്കിടയില്‍ ഉള്ളവര്‍വരെ. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28ലെ വിധിയായിരുന്നു ഇതിന് അവര്‍ക്ക് പ്രേരകമായിരുന്നത്. എന്നാല്‍ സ്ത്രീകളെ അതിനുശേഷവും മുമ്പും വല്ലാതെ അധിക്ഷേപിക്കുന്ന പുരുഷ മേധാവിത്വനിലപാടാണ് സി.പി.എമ്മിനുള്ളതെന്ന് പൊതുജനം തിരിച്ചറിഞ്ഞിരുന്നു. മന്ത്രി തന്നെ സ്വന്തം പാര്‍ട്ടിക്കാരിയെ പൊതുയോഗത്തില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചതിനെതിരെ അവര്‍ നല്കിയ പരാതിയില്‍ കേസ് നടന്നുവരികയാണ്. ഇതേ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗം തോട്ടം തൊഴിലാളികളായ പാവപ്പെട്ട വനിതകളെ കൂലിക്കുവേണ്ടി സമരം നടത്തിയതിന് തോട്ടത്തില്‍ ‘മറ്റേ പണി’ നടത്തിയെന്ന് ലൈംഗികമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഒരു അധ്യാപികയെയും ഇദ്ദേഹം ഇത്തരത്തില്‍ പൊതുയോഗത്തില്‍ അധിക്ഷേപിക്കുകയുണ്ടായി. ഇടതുമുന്നണിയുടെ തലപ്പത്തുള്ളയാളും സി.പി.എമ്മിന്റെ ഉന്നത സമിതി അംഗവുമായ മുന്‍ എം.പി കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫിന്റെ ആലത്തൂര്‍ വനിതാസ്ഥാനാര്‍ത്ഥിയെയും സമാനരീതിയില്‍ ലൈംഗികച്ചുവയോടെ ആക്ഷേപിക്കുകയുണ്ടായി. സത്യത്തില്‍ സി.പി.എമ്മും ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരും സമൂഹത്തിലെ ദുര്‍ബലരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരോട് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നതിന് തെളിവുകളാണിവയെല്ലാം.
സംസ്ഥാനത്തെ അഞ്ചു നിയമസഭാസീറ്റുകളിലേക്ക് വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അധിക്ഷേപം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്് കേള്‍ക്കേണ്ടിവന്നത്. അവരുടെ പേരെടുത്ത് പറഞ്ഞിട്ടായിരുന്നില്ലെങ്കിലും ആരെയാണ് മന്ത്രി ഉദ്ദേശിച്ചതെന്ന് മണ്ഡലത്തിലെ വനിതാസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ശരിതന്നെയാണ്. ജനവിരോധം മറയ്ക്കാന്‍ എങ്ങനെ കുട്ടിക്കരണം മറിഞ്ഞാലും വിജയിക്കുന്ന അവസ്ഥയിലല്ല സി.പി.എമ്മും മന്ത്രിയും. മന്ത്രിയും അദ്ദേഹത്തെ നിയന്ത്രിക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും മന്ത്രിയോട് ഈ വൈകിയ വേളയിലെങ്കിലും സ്ഥാനാര്‍ത്ഥിയോടും സ്ത്രീ സമൂഹത്തോടും മാപ്പുപറയാന്‍ ഉപദേശിക്കാനുള്ള വിശാലമനസ്കത കാണിക്കണം. കേരളത്തിലെ സ്ത്രീസമൂഹം അല്ലെങ്കില്‍ ഈ അധിക്ഷേപങ്ങള്‍ക്കെല്ലാം ശക്തമായ ഭാഷയില്‍ വോട്ടിലൂടെ മറുപടി തരിക തന്നെചെയ്യും. അതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ന് സി.പി.എം നേതൃത്വം മറന്നുപോകരുത്. കിട്ടിയ അധികാരം ജനങ്ങളെയും പ്രതിപക്ഷത്തെയും ഉത്തമ വിശ്വാസത്തിലെടുത്ത് നിര്‍വഹിക്കുകയാണ് ഓരോ ഭരണാധികാരിയുടെയും അടിസ്ഥാനചുമതല. വിദ്യാഭ്യാസ-സാമൂഹിക-അധികാര മേഖലകളിലെല്ലാം കേരള സ്ത്രീ ഉത്തരോത്തരം ഉയരത്തിലേക്ക് കുതിക്കുകയാണിന്ന്. മുമ്പ് സ്വന്തം നേതാവ് കെ.ആര് ഗൗരിയമ്മയോട് ചെയ്തതുപോലെ ഫ്യൂഡല്‍കാല അധികാര പ്രമത്തതയുമായി സ്ത്രീകളടക്കമുള്ള സമൂഹത്തിലെ ദുര്‍ബലരെ മുഴുവന്‍ അവഹേളിച്ചും അധിക്ഷേപിച്ചും അരികുവല്‍കരിച്ചും ശിഷ്ടകാലം വാഴാമെന്ന് ആരു കരുതിയാലും അതിനി നടക്കാന്‍ പോകുന്നില്ല.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health21 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news21 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news21 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

