Video Stories
ഇസ്രാഈല്‍: മാറുന്ന പ്രതിഷ്ഠകളും മാറാത്ത ആചാരങ്ങളും
ഉബൈദുറഹിമാന്‍ ചെറുവറ്റ
സങ്കുചിത ദേശീയത, തീവ്ര വംശീയത, കടുത്ത അറബ് വിദ്വേഷം എന്ന് വേണ്ട, ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രചാരണ ആയുധങ്ങളായി അവസരത്തിലും അനവസരത്തിലും യഥേഷ്ടമെടുത്ത് ഉപയോഗിച്ചെങ്കിലും, ഇസ്രാഈലി രാഷ്ട്രീയത്തിലെ ‘മാന്ത്രികന്’ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രിയാവുക എന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കടമ്പകളേറെ ഉണ്ടെന്നാണ് ഇസ്രാഈല്‍ ഇടക്കാല തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്കുന്ന സൂചനകള്‍. നെതന്യാഹു നേതൃത്വം കൊടുക്കുന്ന തീവ്ര വലതുപക്ഷ സ്വഭാവമുള്ള ലിക്കുഡ് പാര്‍ട്ടിക്ക് നെസ്സറ്റിലെ (ഇസ്രാഈല്‍ പാര്‍ലമെന്റ്) കേവല ഭൂരിപക്ഷ മാന്ത്രിക സംഖ്യയായ 61ന് അടുത്തുപോലും എത്താനായിട്ടില്ല. അനായാസേന പ്രധാനമന്ത്രി പദത്തിലെത്താമെന്ന നെതന്യാഹുവിന്റെ വ്യാമോഹത്തിനാണ് ജ്യൂത ഭൂരിപക്ഷ വോട്ടര്‍മാര്‍തന്നെ വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണം അസാധ്യമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇസ്രാഈല്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നമ്മുടെ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തീരാദുരിതം മാത്രം സമ്മാനിച്ച അതേ സര്‍ക്കാറിനെതന്നെ വീണ്ടും അധികാരമേറാന്‍ സഹായിച്ച ഇന്ത്യക്കാരായ നമുക്കുമുണ്ട് ഇസ്രാഈല്‍ ജനതയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍.
തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് മുഴുവനായി തന്നെ പുറത്ത്വന്നതോടെ ഇസ്രാഈലിലെ രാഷ്ട്രീയ ചിത്രത്തിന്റെ അവ്യക്തത കൂടുതല്‍ വ്യക്തമായി വരികയാണ്. ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ പാര്‍ട്ടികളെ വലത്, ഇടത് ചേരികളായി വേര്‍തിരിക്കപ്പെടുന്നതും നിര്‍വചിക്കപ്പെടുന്നതും മുഖ്യമായി രാഷ്ട്രവും മതവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്ന ഓരോ രാഷ്ട്രീയ കക്ഷിയുടെയും നിലപാടിന്റെയും വളരെ കുറഞ്ഞ അളവില്‍ ന്യൂനപക്ഷാവകാശങ്ങളോടും ഇസ്രാഈലിലധിവസിക്കുന്ന ഫലസ്തീനികളോട് അവര്‍ സ്വീകരിക്കുന്ന സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഈനിലക്ക് നോക്കുമ്പോള്‍ ഇസ്രാഈല്‍ രാഷ്ട്രീയത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം കൊടുക്കുന്ന ലിക്കുഡ് പാര്‍ട്ടിയും അദ്ദേഹത്തിന്റെ മുന്‍ സൈനിക മേധാവിയും ഇടക്കാലത്ത് അദ്ദേഹവുമായി വഴിപിരിഞ്ഞ ബെനി ഗാന്ന്റ്സ് നയിക്കുന്ന ബ്ല്യൂ ആന്റ് വൈറ്റ് സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിയുമാണ് യഥാക്രമം മിത വലത് ഇടത്പക്ഷ ചായ്വുള്ള രണ്ട് പ്രബല കക്ഷികളെന്ന് പൊതുവായി പറയാം. തീവ്ര യാഥാസ്തിക കക്ഷികളായ ‘ഷാസ്’, ‘യുണൈറ്റഡ് തോറാ ജുഡേയിസം’, വെസ്റ്റ്ബാങ്ക് സെറ്റില്‍മെന്റിനെ അനുകൂലിക്കുന്ന ‘യാമിന’ എന്നീ കക്ഷികളാണ് ലിക്കുഡിന് പുറമേ വലതുപക്ഷ സ്വഭാവം വെച്ച്പുലര്‍ത്തുന്ന മറ്റ് കക്ഷികളെങ്കില്‍, ‘ലേബര്‍ പാര്‍ട്ടി’, ‘ഡെമോക്രാറ്റിക് യൂണിയന്’, അറബ് ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ‘ജോയിന്റ് ലിസ്റ്റ്’ എന്നീ പാര്‍ട്ടികള്‍ ഇടത്ചേരിയില്‍ നിലയുറപ്പിക്കുന്നു. പ്രബലരായ ഈ രണ്ട് മിത ഇടതു വലതു ചേരികളെ കൂടാതെ വെസ്റ്റ്ബാങ്ക്, ഫലസ്തീന് വിഷയങ്ങളില്‍ അതി തീവ്ര നിലപാട് വച്ച്പുലര്‍ത്തുന്ന മുന്‍ ഇസ്രാഈല്‍ വിദേശകാര്യമന്ത്രി ലീബര്‍മാന്റെ പാര്‍ട്ടി ‘യിസ്രായീല് ബൈത്തേനു’ (ഞങ്ങളുടെ ഭവനമാണ് ഇസ്രാഈല്‍)യും സാന്നിധ്യനമുറപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കിംഗ് മേക്കറായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും ലീബര്മാനെതന്നെയാണ്.
വേട്ടെണ്ണല്‍ അതിന്റെ പരിസമാപ്തിയിലെത്തുമ്പോള്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി, ലിക്കുഡ് പാര്‍ട്ടി, അറബ് ന്യൂനപക്ഷ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റ് എന്നീ കക്ഷികള്‍ യഥാക്രമം 33, 31, 13 സീറ്റുകള്‍ നേടി നെസ്സറ്റില്‍ ഒന്ന് രണ്ട് മൂന്ന് കക്ഷികളായി മാറുകയാണ്. ഏറെക്കുറെ ഏപ്രിലില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായ സപ്തംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഇസ്രാഈലിനെ വീണ്ടും രാഷ്ട്രീയ സങ്കീര്‍ണതയിലാണ് ആഴ്ത്തിയിരിക്കുന്നത്. മാന്ത്രിക അക്കമായ 61 തികയ്ക്കാന്‍ നിലവിലെ അവസ്ഥയില്‍ സഖ്യകക്ഷി സര്‍ക്കാരല്ലാതെ പാര്‍ട്ടികളുടെ മുമ്പില്‍ മറ്റു പോംവഴികളൊന്നുമില്ല. ഈ വര്‍ഷം തന്നെ മൂന്നാമതൊരു തെരഞ്ഞടുപ്പുകൂടി നടക്കുന്നതൊഴിവാക്കാന്‍ സഖ്യ സര്‍ക്കാര്‍ എന്ത് വിലകൊടുത്തും രൂപീകരിച്ചേ തീരൂ എന്ന നിലപാടിലാണ് ഇസ്രാഈല്‍ പ്രസിഡണ്ട് റൂവന്‍ റിവ്ലിന്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകളുമായി മുന്നോട്ട്പോകാന്‍ രാഷ്ട്രീയ പാര്ട്ടികളോടദ്ദേഹം ആഹ്വാനം ചെയ്തുകഴിഞ്ഞു. ഇസ്രാഈലിലെ ഇടതുപക്ഷാഭിമുഖ്യമുള്ള ഹാരെസ് ദിനപത്രം അഭിപ്രായപ്പെട്ടതുപോലെ ഇസ്രാഈലിന്റെ ചരിത്രത്തില്‍ തന്നെ മറ്റൊരു പ്രസിഡണ്ടും അഭിമുഖീകരിക്കാത്ത വെല്ലുവിളിയാണ് റൂവന്‍ റിവ്ലിന് നേരിടുന്നത്.
ഇസ്രാഈല്‍ പ്രസിഡണ്ടിന്റെ അഭിപ്രായം മാനിച്ച് പരസ്പര വൈരികളായ ബെനി ഗാന്‍ന്റ്സും നെതന്യഹുവും തമ്മില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും സര്‍ക്കാറിന് ആര് നേതൃത്വം കൊടുക്കുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. മൂന്ന് വന്‍ അഴിമതി കേസില്‍ ഈ മാസം കുറ്റവിചാരണ നേരിടാന്‍ പോകുന്ന നെതന്യാഹുവിന്റെ നേതൃത്വത്തെ ബെന്നി ഗ്യാന്‍ന്റ്സ് അംഗീകരിക്കാനുള്ള സാധ്യത തുലോം വിരളമാണ്. അദ്ദേഹത്തിന്റെ കൈക്കൂലിയും അഴിമതിയും പ്രചാരണ ആയുധമാക്കിയായിരുന്നു ബെന്നി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത്. നെതന്യാഹുവിനാകട്ടെ, പ്രധാനമന്ത്രി പദത്തില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവുമില്ല. താന്‍ നേരിടുന്ന മൂന്ന് വന്‍ അഴിമതിയാരോപണങ്ങളില്‍നിന്നും തുടര്‍ന്ന് വന്നേക്കാവുന്ന ജയില്‍ ശിക്ഷയില്‍ നിന്നും പ്രതിരോധം തീര്‍ക്കാന്‍ അദേഹത്തിന്ന് മുമ്പിലുള്ള ഏക മാര്‍ഗം പ്രധാനമന്ത്രിമാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുക്കുക എന്നതാണ്. ഇത് സാധ്യമാകണമെങ്കില്‍ പ്രധാനമന്ത്രിപദം ഏത്വിധേനയെങ്കിലും എത്തിപിടിച്ചേ മതിയാവൂ. എന്നാല്‍ ഇതേകാരണംകൊണ്ട്തന്നെയാണ് ബെനി ഗ്യാന്‍ന്റ്സ് ലിക്കുഡ് പാര്‍ട്ടിയുമായി സഖ്യത്തിന് തയാറായാല്‍പോലും നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതും. നെതന്യാഹു പ്രധാനമന്ത്രി പദവി മോഹം ഉപേക്ഷിച്ച് വിട്ടുവീഴ്ചക്ക് തയാറാകാത്തപക്ഷം ഇസ്രാഈലിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തല്ക്കാലത്തേക്കൊന്നും പരിഹാരമുണ്ടാവാനിടയില്ല.
ഇസ്രാഈല്‍ തെരഞ്ഞെടുപ്പ് കാര്യമായ മറ്റു ഫലങ്ങളൊന്നും സൃഷ്ടിക്കില്ലെങ്കിലും തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം നടത്തിവരുന്ന നെതന്യാഹു എന്ന ഉന്നത നേതാവിനെ അഴിമതി ആരോപണങ്ങളില്‍ കുരുക്കി പ്രധാനമന്ത്രി പദവിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്നത്തന്നെ വലിയ കാര്യമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു സവിശേഷത ഇസ്രാഈല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം (ഏകദേശം 19 ലക്ഷം)വരുന്ന പാര്ശ്വവല്കൃത അറബ് ഫലസ്തീന് വംശജരെ പ്രതിനിധാനം ചെയ്യുന്ന ജോയിന്റ് ലിസ്റ്റ് നേടിയെടുത്ത തകര്‍പ്പന്‍ വിജയമാണ്. പതിമൂന്ന് മെമ്പര്‍മാരുമായി അവര്‍ നെസ്സറ്റിലെ മൂന്നാമത്തെ വലിയ കക്ഷിയാവുന്നത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. വിശേഷിച്ചും അറബ് മുസ്ലിം ഇറാന് വിദ്വേഷം പ്രസരിപ്പിക്കാന്‍ നെതന്യാഹു കൊണ്ട്പിടിച്ച് നടത്തിയ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍. നെതന്യാഹുവിന്റെ അറബ് വിദ്വേഷ പ്രചാരണങ്ങളായിരുന്നു വലിയ അളവ്വരെ ചെറുകഷ്ണങ്ങളായി ചിന്നി ചിതറി കിടന്നിരുന്ന അറബ് സമൂഹത്തെ ഏകോപിപ്പിക്കാന്‍ സഹായിച്ച ഉല്പ്രേരകമെന്നത് വേറെ കാര്യം. ജൂത വോട്ടുകള്‍ മുഴുവന്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പേജില്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ ഫലസ്തീന് പതാക പാറിപ്പറക്കുന്ന ചിത്രവും അടിക്കുറിപ്പായി ‘ഇങ്ങനെയായിരിക്കും കാര്യങ്ങള്‍ പര്യവസാനിക്കുക’ എന്ന വാചകവും പോസ്റ്റ് ചെയ്തതിനെ ജൂത വിഭാഗങ്ങളടക്കം വീക്ഷിച്ചത് പ്രധാനമന്ത്രിയുടെ നിലവാര തകര്ച്ചയായായിരുന്നു. ഇസ്രാഈല്‍ ഭരിച്ച ഒരു പ്രധാനമന്ത്രിയുംതന്നെ നെതന്യാഹുവിനോളം തരംതാണിട്ടുണ്ടാവില്ല എന്നാണ് ജെ.എല്‍ നേതാവ് അയ്മന് ഔധ് അഭിപ്രായപ്പെട്ടത്.
ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളുമായുള്ള ബന്ധം തനിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കും എന്ന് കണക്കുകൂട്ടിയായിരുന്നു ഇതര രാജ്യ നേതാക്കളോടൊപ്പമുള്ള കൂറ്റന്‍ കട്ടൗട്ടുകള്‍ ടെല്‍അവീവിലും ജറുസലേമിലുമെല്ലാം നെതന്യാഹു പ്രചാരണ വേളയില്‍ സ്ഥാപിച്ചിരുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇസ്രാഈലില്‍ ആര് പ്രധാനമന്ത്രിയാകും എന്നതിനേക്കാളേറെ 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എങ്ങിനെ തനിക്ക് വിജയം നിലനിര്‍ത്താമെന്ന ചിന്തക്കാണ് മുന്‍ഗണന. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റിയതും ഗോലാന്‍കുന്നുകള്‍ ഇസ്രാഈലിന്റെ ഭാഗമാക്കിയ നടപടിയും ഇസ്രാഈല്‍ ഫാലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈലിന്റെ ഏകപക്ഷീയ പ്രശ്നപരിഹാര ഫോര്‍മുലയെ വൈറ്റ്ഹൗസ് അംഗീകരിച്ചതുമെല്ലാം തന്നെ ലിക്കുഡ് പാര്‍ട്ടിയുടെയോ നെത ന്യാഹുവിന്റെയോ വിജയം ഉറപ്പാക്കാനായിരുന്നില്ല, മറിച്ച് ആസന്നമായ അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജൂത വംശജരുടെ വോട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി നിര്‍ത്താനായിരുന്നു.
ഇസ്രാഈല്‍ ഭരണതലപ്പത്ത് ആര് പ്രതിഷ്ഠിക്കപ്പെട്ടാലും വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറുസലം, ഗോലാന്‍ കുന്നുകള്‍ തുടങ്ങി കാതലായ വിഷയങ്ങളില്‍ നയംമാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഫലസ്തീന് രാഷ്ട്രത്തിന്റെ ഭൂപ്രദേശമാവേണ്ട ഈ മേഖലകളില്‍ ഇതിനകംതന്നെ 132 കുടിയേറ്റ പ്രദേശങ്ങളിലും 113 അനധികൃത കുടിയേറ്റ (ീൗ േുീേെ)െ പ്രദേശങ്ങളിലുമായി 6.5 ലക്ഷത്തോളം ഇസ്രാഈലി പൗരന്മാരാണ് സ്ഥിരവാസമുറപ്പിച്ചിരിക്കുന്നത്. ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നത് പോകട്ടെ, അവിടങ്ങളില്‍ അവശേഷിക്കുന്ന ഫലസ്തീന്‍കാരെ ആട്ടിയോടിക്കണമെന്ന പക്ഷക്കാരാണ് ഇടതു വലതു ഭേദമന്യെ ഇസ്രാഈല്‍ നേതാക്കളെല്ലാം. നെതന്യാഹുവിന്റെ മുഖ്യ എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിക്കും ഈ വിഷയങ്ങളില്‍ തീവ്ര വലതുപക്ഷ അജണ്ടകള്‍ തന്നെയാണുള്ളത്. 2014 ല്‍ നെതന്യാഹുവിന്റെ കീഴില്‍ ഇസ്രാഈല്‍ പട്ടാള മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന കാലയളവിലായിരുന്നു ബെന്നി ഗാന്റ്സ് ഗസ്സ അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് ഓര്‍ക്കുക. ജോര്‍ദാന്‍ താഴ്വാര വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായി ബെന്നി ഗാന്റ്സ് കഴിഞ്ഞമാസം വിളിച്ച്കൂട്ടിയ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. കിംഗ് മേക്കറാവാന്‍ പോകുന്ന അവിഗ്ഡര്‍ ലീബര്മാനാവട്ടെ അവസാനത്തെ ഫലസ്തീന്‍കാരനെയും ഇസ്രാഈല്‍ മണ്ണില്‍നിന്നും എങ്ങിനെ കെട്ട്കെട്ടിക്കാം എന്നാസൂത്രണം ചെയ്യുന്ന തിരക്കിലാണ്. അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിക്കുന്ന സര്‍ക്കാര്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala8 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

