Connect with us

Video Stories

മോദിയുടെ വഴിയേ പിണറായിയും

Published

on


കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് ഒരാഴ്ചമുമ്പ് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പൊലീസ്‌സേന പിടികൂടിയ കൗമാരം കടന്നിട്ടില്ലാത്ത രണ്ട് വിദ്യാര്‍ത്ഥികളെ മാവോവാദികളായി മുദ്രകുത്തിയും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവാ യു.എ.പി.എ നിയമം ചാര്‍ത്തിയും തുറുങ്കിലടച്ച സംഭവം സി.പി.എമ്മിന്റെ പുരോഗമനപുറംപൂച്ചിനെ പച്ചക്ക് പുറത്തുചാടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലായ ഇരുവരും. ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പൊലീസെന്ന് വിശേഷിപ്പിച്ച സ്വന്തം നേതാവ് കാള്‍മാര്‍ക്‌സിന്റെ നയമാണ് കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ സ്വന്തം അണികള്‍ക്കെതിരെ ഇപ്പോള്‍ അത്യാവേശത്തോടെ നടപ്പാക്കുന്നതെന്നതാണ് ഇതിലെ കൗതുകകരമായ വൈരുധ്യം. താഹഫസലും അലന്‍ ശുഹൈബും മാവോവാദികളാണെന്നും സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും പതാകയും പുസ്തകങ്ങളും ആക്രമണതന്ത്രങ്ങളുടെ വിവരങ്ങളും പ്രതികളുടെ പക്കല്‍നിന്ന് ലഭിച്ചതായും പൊലീസ്പറയുന്നു. മാധ്യമ പ്രവര്‍ത്തനവും നിയമവുമാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളെന്നിരിക്കെ, അവര്‍ക്ക് ഇത്തരം ലഘുലേഖകളും പുസ്തകങ്ങളും അനിവാര്യമാണ്. ഈ ഒരൊറ്റക്കാരണംകൊണ്ട് 20 വയസ്സിനു താഴെ മാത്രമുള്ള വിദ്യാര്‍ത്ഥികളെ കരിനിയമം ചുമത്തി സ്ഥിരമായി തുറുങ്കിലടക്കാനുള്ള തീരുമാനം പിണറായി സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് തുറന്നുകാട്ടുന്നത്.
നവംബര്‍ ഒന്നിനായിരുന്നു ഈ അറസ്റ്റെങ്കില്‍ അതിന് രണ്ടുദിവസം മുമ്പാണ് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊലപ്പെടുത്തിയത്. എന്നാല്‍ വ്യാജഏറ്റുമുട്ടലിലൂടെയാണ് കൂട്ടക്കൊലയെന്ന് ഭരണ ഘടകകക്ഷിയായ സി.പി.ഐ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ആണയിടുന്നു. കേരളത്തില്‍ മാവോവാദികള്‍ തഴച്ചുവളരുകയാണെന്നും അവരെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും വരുത്തുകയായിരുന്നു മഞ്ചക്കണ്ടി കൂട്ടക്കൊലയുടെ ഉദ്ദേശ്യമെങ്കില്‍ അതേ ലക്ഷ്യംതന്നെയാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഞായറാഴ്ച യോഗംചേര്‍ന്ന് കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും പൊലീസും കോടതിയില്‍ യു.എ.പി.എ ചുമത്തി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും പ്രോസിക്യൂഷന്‍ കോടതിയില്‍ അനുകൂലമായി സത്യവാങ്മൂലം നല്‍കിയതും പാര്‍ട്ടിയും സര്‍ക്കാരും വെവ്വേറെ വഴിക്കാണെന്നതിന്റെ തെളിവാണ്. മന്ത്രിമാരായ എ.കെ ബാലനും ജി. സുധാകരനും യു.എ.പി.എ ചുമത്തിയതിനെതിരെ രംഗത്തുവന്നു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പൊലീസിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. പ്രതികളെ നേരിട്ടറിയാവുന്ന പന്തീരാങ്കാവ് സി.പി.എം പ്രാദേശിക കമ്മിറ്റി പൊലിസ് നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് പൊലീസിനെ പിന്തുണക്കുന്നതാണ്. മാവോവാദികളെ ആട്ടിന്‍കുട്ടികളായി കാണരുതെന്നും അവര്‍ക്ക് ‘നല്ല പരിവേഷം’ ചാര്‍ത്തരുതെന്നുമാണ് പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. പൊലീസിനും ആഭ്യന്തര വകുപ്പിനും കുലുക്കമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്. തങ്ങളെ അധികാരത്തിലേക്ക് അയച്ച പാര്‍ട്ടിക്കാരോടും മുന്നണിയോടും പൊതുജനങ്ങളോടുമുള്ള പ്രതികാരമാണിത്.
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവ കാലത്താണ് ഇടതുപക്ഷം എന്ന പദം ഉല്‍ഭവംകൊള്ളുന്നത്. സ്ഥിതിസമത്വത്തിനും നീതിക്കുംവേണ്ടി വാദിക്കുന്നവരായിരുന്നു അന്ന് ഫ്രഞ്ച് പാര്‍ലമെന്റിലെ ഇടതു പക്ഷത്തിരുന്നവര്‍. എന്നാല്‍ ഇത്തരം മഹനീയ ചിന്തകള്‍ക്ക് അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഊടും പാവും നല്‍കിയവരായിരുന്നു പിന്നീടുവന്ന കമ്യൂണിസ്റ്റുകള്‍. സമൂഹമാറ്റത്തിന് ക്ഷമയുടെയും ശാന്തിയുടെയും സഹനത്തിന്റെയും ജനാധിപത്യത്തിന്റെയും മാര്‍ഗമല്ല, സായുധ കലാപമാണ് വേണ്ടതെന്നായിരുന്നു ഇക്കൂട്ടരുടെ കാഴ്ചപ്പാട്. ഇതിന്റെ പതിപ്പാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. 1946-48 കാലത്ത് കേരളത്തിലെ പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തെലുങ്കാനയിലും ഭരണകൂടത്തിനും ജന്മിത്വത്തിനുമെതിരെ സായുധ കലാപം നടത്തിയവരുടെ പിന്‍മുറക്കാര്‍ പക്ഷേ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ജനാധിപത്യരീതി പിന്തുടര്‍ന്നുകൊണ്ട് പല തവണയായി രാജ്യത്ത് അധികാരത്തില്‍വന്നു. ജനകീയ ജനാധിപത്യ വിപ്ലവം എന്ന ഓമനപ്പേരിലായിരുന്നു ഇത്. ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെതുങിന്റെയും സോവിയറ്റ് യൂണിയനിലെ വിപ്ലവ നായകന്‍ വ്‌ളാഡിമിര്‍ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും പോരാട്ട രീതികള്‍ പ്രയോഗവത്കരിക്കുന്ന നക്‌സലൈറ്റുകളും മാവോവാദികളുമാണ് കമ്യൂണിസ്റ്റുകളുടെതന്നെ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് ഇപ്പോള്‍ ഇരയാകേണ്ടിവന്നിരിക്കുന്നതെന്നത് ഏറെ വൈരുധ്യാത്മകമായിരിക്കുന്നു.
ആഗസ്തില്‍ പതിനേഴാം ലോക്‌സഭയുടെ ഒന്നാം സമ്മേളനത്തിലാണ് യു.എ.പി.എ ഭേദഗതിയുള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്ന ഇരുപതിലധികം ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷമുപയോഗിച്ച് അപ്പംപോലെ പാസാക്കിയെടുത്തത്. ഇതില്‍ യു.എ.പി.എ ഭേദഗതിക്കെതിരെ വോട്ടു ചെയ്യാനുണ്ടായത് കേരളത്തില്‍നിന്ന് മുസ്‌ലിംലീഗിന്റെ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു. സി.പി.എം അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കരിനിയമമെന്ന് ആക്ഷേപിക്കുകയും അതേസമയം അധികാരത്തിലിരുന്നുകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അത് പ്രയോഗിക്കുകയും ചെയ്യുന്ന സി.പി.എം നിലപാട് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് സമാനമാണ്. ബി.ജെ.പി ഭരിക്കുമ്പോള്‍ രാജ്യത്ത് യു.എ.പി.എ മൂലം അറസ്റ്റിലാക്കപ്പെട്ട് വിചാരണപോലും നേരിടാതെ ജയിലുകളില്‍ കഴിയുന്നവര്‍ നൂറുകണക്കിനാണ്. മുസ്‌ലിംകള്‍ അധികമുള്ള ജമ്മുകശ്മീര്‍, അസം എന്നിവിടങ്ങളിലാണ് ഇതിലധികവും. ഇതിന് സമാനമാണ് ഭേദഗതിക്കുശേഷമുള്ള കേരളത്തിലെ ആദ്യഅറസ്റ്റ്. കൂട്ടക്കൊലയെയും അറസ്റ്റിനെയും പിന്തുണക്കാന്‍ ബി.ജെ.പി രംഗത്തുണ്ടെന്നതുമതി മോദിയുടെ അതേവഴിയേയാണ് പിണറായി സര്‍ക്കാരും ചലിക്കുന്നതെന്ന് തിരിച്ചറിയാന്‍. ഒന്നുകില്‍ അണികളെ യഥാര്‍ത്ഥ കമ്യൂണിസത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ജനാധിപത്യാശയങ്ങളോട് അവരില്‍ താല്‍പര്യം ജനിപ്പിക്കുക. രണ്ടുമില്ലാതെ ബി.ജെ.പി തെളിക്കുന്ന വഴിയേ മുസ്്‌ലിംകളാദി പൗരന്മാരെ തോക്കുകൊണ്ടും കല്ലറകള്‍കൊണ്ടും നാമാവശേഷമാക്കിക്കളയാമെന്ന് ധരിക്കുന്നത് കടന്നകൈയാണ്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending