ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദലിതനെ നിയോഗിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സേവാഗ്രാമത്തിലുണ്ടായിരുന്ന ആന്ധ്രയിലെ ദലിത് നേതാവ് ചക്രയ്യ ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞത് അദ്ദേഹത്തിന്റെ ഓര്‍മ ദിവസം. ഗാന്ധിജിയുടെ പ്രസ്ഥാനം തുടര്‍ച്ചയായി അധികാരത്തിലുണ്ടായിട്ടും 1997ല്‍ മാത്രമാണ് ഒരു ദലിതന് ഏറ്റവും വലിയ ഭരണഘടനാ തസ്തികയില്‍ ഇരിക്കാന്‍ അസരമൊരുങ്ങിയത്. അതും ഇന്നത്തേതിന് ഏതാണ്ട് സമാനമായ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍. കേരളത്തിലെ കോട്ടയം ഉഴവൂര്‍ ഗ്രാമക്കാരന്‍ കോച്ചേരില്‍ രാമന്‍ നാരായണന്‍ 90 ശതമാനം വോട്ട് നേടി പത്താമത് ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തുമ്പോള്‍ പരാജയപ്പെടേണ്ടിവന്നത് സ്വയമ്പന്‍ ബ്രാഹ്മണനായ ടി.എന്‍ ശേഷനായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.
ഇപ്പോള്‍ മറ്റൊരു ദലിതന്‍ രാഷ്ട്രപതി ഭവന്‍ കയറുന്നത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലെ ചില കുറുക്കന്‍ കരുനീക്കങ്ങളുടെ ഫലമായി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശി രാംനാഥ് കോവിന്ദ് എന്ന അഗ്മാര്‍ക്ക് സംഘ്പരിവാറുകാരന്‍ ബീഹാറിന്റെ പുത്രനായി പ്രസിഡന്റ് പദവി ഉറപ്പാക്കുമ്പോള്‍ സാക്ഷാല്‍ ബീഹാറിന്റെ പുത്രി പാറ്റ്‌നക്കാരിയെയാണ് നേരിടേണ്ടിവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത കോര്‍പറേറ്റ് രാഷ്ട്രീയ ചുരിക വീശലുകള്‍ക്ക് ഇരയാകുന്ന വേളയില്‍ ദലിത് മുഖത്തിന് താല്‍ക്കാലികമായെങ്കിലും പ്രാധാന്യം കൈവരികയാണ്.
കെ.ആര്‍ നാരായണനുമായി രാംനാഥ് കോവിന്ദിന് താരതമ്യങ്ങള്‍ വളരെ കുറയും. കേരള സര്‍വകലാശാലയിലെ റാങ്കോടെയുള്ള വിജയത്തിന് ശേഷം ഡല്‍ഹിയിലെത്തി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേരുകയും ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞന്‍ എന്ന ഖ്യാതി നേടുകയും ചെയ്ത നാരായണന്‍ എവിടെ? 1984ലെ തെരഞ്ഞെടുപ്പിലേക്ക് ഇന്ദിരാഗാന്ധി കണ്ടെത്തി ലോക്‌സഭയിലേക്ക് അയച്ച കേന്ദ്രമന്ത്രിയായ നാരായണന്‍. ഉപരാഷ്ട്രപതി സ്ഥാനവും കടന്ന് രാഷ്ട്രപതിപദവിയെ റബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ച നാരായണന്‍. രണ്ട് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് വഴങ്ങാതിരുന്ന, കേരളത്തിലെ മുന്നണികള്‍ ഐകകണ്‌ഠ്യേന പാസാക്കിയ ആദിവാസി ഭൂ നിയമ ബില്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ ദലിത് സ്വത്വത്തിന്റെ വീറ് കാണിച്ച നാരായണന്‍.
കോവിന്ദ് ലക്ഷണമൊത്ത ബി.ജെ.പിക്കാരന്‍. ഉത്തര്‍ പ്രദേശിലെ സാധാരണ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ലഖ്‌നോവിലെ ഡി.എ.വി കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും തുടര്‍ന്ന് നിയമബിരുദവും നേടി സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് ഡല്‍ഹിയിലെത്തിയ കോവിന്ദ് അനുബന്ധ തസ്തികകളേ കിട്ടൂവെന്നായപ്പോള്‍ അഭിഭാഷക ജോലിയിലേക്ക് തിരിയുകയായിരുന്നു. അത് ജനതാപാര്‍ട്ടിക്കാലം. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകനായി. ബി.ജെ.പി രൂപവത്കരിച്ചപ്പോള്‍ മുതല്‍ അവിടെയുണ്ട്. ഒരിക്കല്‍ പോലും ശ്രദ്ധാകേന്ദ്രമായില്ലെങ്കിലും അച്ചടക്കമുള്ള സംഘിയായി അദ്ദേഹം നിലകൊണ്ടിട്ടുണ്ട്- ആപത്ത് കാലത്ത് എടുത്തു വീശാവുന്ന ഒരു ദലിത് ഉറുമിയായി. ദലിതര്‍ക്കു നേരെയുള്ള വിവേചനവും ആക്രമണവും നിത്യേന വാര്‍ത്തയാവുകയും എവിടെയും സംഘ്പരിവാറിലെ സവര്‍ണര്‍ പ്രതികളാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ബി.ജെ.പിക്ക് ദലിതനെ ആവശ്യമായിരുന്നു. ബി.ജെ.പി മാത്രം വിചാരിച്ചാല്‍ രാഷ്ട്രപതിക്കസേരയില്‍ ഒരാളെ ഇരുത്താന്‍ കഴിയില്ലെന്നിരിക്കെ വിശേഷിച്ചും. ബി.ജെ.പിയിലെ ആവനാഴിയിലെ അമ്പ് ഏതെന്ന് തിരിച്ചറിഞ്ഞ് ചെറുക്കാന്‍ കാത്തിരുന്ന പ്രതിപക്ഷ നിരയെ അസ്തപ്രജ്ഞരാക്കിയാണ് കോവിന്ദ് പാറ്റ്‌നയിലെ രാജ്ഭവനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത്. കോവിന്ദിന്റെ ദലിതത്വത്തേക്കാള്‍ പ്രതിപക്ഷ നിരയെ കുഴക്കിയത് ബീഹാറിലെ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ചുവടു മാറ്റമായിരുന്നു. ആസന്നമായ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ദലിതരെ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ 2015ല്‍ കോവിന്ദയെ ബീഹാറിലേക്ക് ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ എതിര്‍ത്തത് മുഖ്യന്‍ നിധീഷ് തന്നെയാണ്. കോവിന്ദയുടെ നിയോഗം സഫലമായില്ല. ഒരു കാലത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യു. മോദി വിരുദ്ധനാകുന്നതും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് – ജെ.ഡി.(യു.)- ആര്‍.ജെ.ഡി വിശാല സഖ്യം രൂപപ്പെട്ടതും പൊടുന്നനെയായിരുന്നല്ലോ. കോവിന്ദിനെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തുകയും ബീഹാറിന്റെ പുത്രനെന്ന് വിശേഷിപ്പിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത് പ്രതിപക്ഷ നിരയെ ഞെട്ടിച്ച നിധീഷിന് അതേ നാണയത്തില്‍ മറുപടി കൊടുത്തുവെന്ന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ആശ്വസിക്കാം. മീരാകുമാര്‍ ദലിതയാണ്, ബീഹാറിന്റെ ഒന്നാം തരം മകളുമാണ്.
ബി.ജെ.പിയുടെ വക്താവായും പ്രവര്‍ത്തിച്ച കോവിന്ദിനെ 1990ല്‍ യു.പിയിലെ ഗതംപൂറില്‍ നിന്ന് ലോക്‌സഭയിലേക്കും 2007ല്‍ ഭോഗ്നിപൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിപ്പിച്ചു. രണ്ടിടത്തും തോറ്റപ്പോള്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യസഭയിലേക്ക് അയച്ചതും യു.പിയില്‍ നിന്ന്. രാജ്യസഭ ഹൗസിങ് കമ്മിറ്റി ചെയര്‍മാന്‍, പാര്‍ലിമെന്റിന്റെ പെട്രോളിയം നാച്വറല്‍ ഗ്യാസ്, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങിയ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. കല്‍ക്കത്ത ഐ.ഐ.എം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം, ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരുന്ന കോവിന്ദ് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. പ്രധാനമന്ത്രി പദം കൊതിച്ച അദ്വാനിക്ക് രാഷ്ട്രപതിയെങ്കിലും ആവാമെന്നോര്‍ത്തതാണ്. അതും ഇപ്പോള്‍ കോവിന്ദ.