കഴിഞ്ഞ ഫെബ്രുവരിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരിയെയും സ്വരാജ്അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെയും കേസില്‍ കുടുക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയുടെ ഫലമാണ്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരു നേതാക്കളുടെയും പേരുകള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന അനീതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാക്കളുടെ നേരെ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അതിസങ്കുചിതവും വിഷലിപ്തവുമായ നടപടികളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളിലൊന്നായ സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവിനെയും പൗരാവകാശ നേതാവിനെയും കലാപക്കേസില്‍ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ പ്രതിപക്ഷത്തോടുള്ള വൈരനിര്യാതന ബുദ്ധിയാണ്്. സത്യം വിളിച്ചുപറഞ്ഞ സഞ്ജീവ് ഭട്ടിനെയും ഡോ. കഫീല്‍ഖാനെയും മറ്റും ജയിലിലിടച്ച പച്ചയായ ഭരണകൂട ഭീകരത തന്നെയാണിതും.
കലാപം സംബന്ധിച്ച കേസില്‍ ചിലരെകൊണ്ട് കൊടുപ്പിച്ച മൊഴിയിലാണ് യെച്ചൂരിയുടെയും യാദവിന്റെയും പേരുകള്‍ പൊലീസ് പരാമര്‍ശിച്ചിട്ടുള്ളത്. കലാപത്തിനുശേഷം ഇരുവരും സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തുവെന്നത് നേരാണ്. അതിനെയാണ് കലാപത്തിന് കാരണക്കാരെന്ന തരത്തില്‍ കേസിലുള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. പ്രതി ചേര്‍ത്തിട്ടില്ല എന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയും പൊലീസിന്റെയും മനസ്സിലുള്ളത് നേതാക്കളെ തുറുങ്കിലടക്കുകയും പ്രതിപക്ഷത്തിന്റെ ആത്മവീര്യം തകര്‍ക്കുകയും അവരെ ഭയപ്പെടുത്തുകയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ് ഡല്‍ഹി പൊലീസ് എന്നതുകൊണ്ട് തങ്ങളുടെ ഇംഗിതത്തിനൊത്ത് കാര്യങ്ങള്‍ നീക്കാമെന്ന സൗകര്യം തന്ത്രപൂര്‍വം പ്രയോഗിക്കുകയാണ് മോദി സര്‍ക്കാരും ബി.ജെ.പിയും. യഥാര്‍ത്ഥത്തില്‍ കലാപത്തിന് ഉത്തരവാദികളായവരും കൊല്ലും കൊലയും നടത്തിയവരും മുഖ്യമായും ബി.ജെ.പിക്കാരും അവരുടെ കീഴിലെ സംഘ്പരിവാര്‍ വര്‍ഗീയവാദികളുമായിരിക്കെ എന്തിനാണ് പ്രതിപക്ഷ നേതാക്കളെ കേസില്‍ പെടുത്തുന്നതെന്നത് ജനങ്ങളുടെ മനസ്സിലെ ചോദ്യചിഹ്നമാണ്. ഇതിനുപിന്നില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനും ബി.ജെ.പിയെ വെള്ളപൂശാനും പ്രതിപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയുംമേല്‍ കുറ്റംചാര്‍ത്തി ജയിലിലിടാനുമാണ് മോദി സര്‍ക്കാരിന്റെ ശ്രമം. അതിന് ഒത്താശ ചെയ്തുകൊടുക്കുക മാത്രമാണ് ഡല്‍ഹി പൊലീസെന്ന അനുസരണയുള്ള സേന ചെയ്യുന്നത്. രാഷ്ട്രീയമായി വഴങ്ങുന്നുവെന്ന് ഒട്ടേറെ തവണ ആരോപണം കേട്ടിട്ടുള്ളതാണ് ഡല്‍ഹി പൊലീസ്. തങ്ങളുടെ മൂക്കിന്‍തുമ്പത്ത് കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് അവര്‍ക്കിഷ്ടമല്ല. കാല്‍ നൂറ്റാണ്ടോളമായി ഡല്‍ഹിസംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിക്ക് ലഭിക്കുന്നില്ല. നീണ്ട 15 വര്‍ഷമാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചത്. ശേഷം അരവിന്ദ് കെജ്്‌രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടിയാണ് തുടര്‍ച്ചയായി ഡല്‍ഹി ഭരിക്കുന്നത്. കലാപത്തിന് തൊട്ടുമുമ്പുള്ള ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയേറ്റു. ഇതിലുള്ള ഈര്‍ഷ്യകൂടിയാണ് കലാപമായി മാറിയത്. 2019 ഡിസംബറില്‍ മുസ്്‌ലിംകള്‍ക്കെതിരായി പൗരത്വ ഭേദഗതിനിയമം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുന്നതും ഡല്‍ഹിയിലുള്‍പ്പെടെ ഈ കരിനിയമത്തിനെതിരെ വന്‍പ്രക്ഷോഭം ആരംഭിക്കുന്നതും ഇതേ ഘട്ടത്തിലാണ്.
പൗരത്വ സമരത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അനുരാഗ്‌സിങ് താക്കൂറും ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ കപില്‍മിശ്രയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം രംഗത്തുവന്നത് അസാധാരണമായ സംഭവമായിരുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അവസരമുണ്ടായിട്ടും സമരക്കാരെ വെടിവെച്ചുകൊല്ലൂ (ഗോലിമാരോ സാലോംകോ) എന്നാണ് കേന്ദ്ര മന്ത്രി പരസ്യമായി ആഹ്വാനം ചെയ്തത്. ഇതിന് അദ്ദേഹത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന കേള്‍ക്കേണ്ടിവന്നു. ഈ ആഹ്വാനമാണ് ഡല്‍ഹിയില്‍ അഞ്ചുദിവസം നീണ്ട മുസ്്‌ലിം നരവേട്ടക്ക് സംഘ്പരിവാറുകാരെ പ്രേരിപ്പിച്ചത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍നിന്ന് ഇരുട്ടിന്റെ മറവില്‍ കയറ്റിവിട്ട സായുധരായ അക്രമിക്കൂട്ടങ്ങളാണ് വംശീയാക്രമണം എന്ന് വിശേഷിപ്പിക്കാവുന്ന കലാപം അഴിച്ചുവിട്ടത്. നിരവധി വാസയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പള്ളികളുംവരെ അവര്‍ അഗ്നിക്കിരയാക്കി. എന്നാല്‍ കേസില്‍ അനുരാഗിനെപോലുള്ളവരുടെ പേരുപോലും പരാമര്‍ശിക്കപ്പെടുന്നില്ല. കലാപം നിന്ന ശേഷം ഡല്‍ഹി പൊലീസ് കാണിച്ചത് യഥാര്‍ത്ഥ പ്രതികളായ സംഘ്പരിവാറുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കുമെതിരെ കേസെടുക്കാനല്ല, മറിച്ച് ഇരകളായ മുസ്്‌ലിംകള്‍ക്കും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമൊക്കെ എതിരെ നീങ്ങുകയായിരുന്നു.
കോവിഡിന്റെ പേരു പറഞ്ഞ് ഡല്‍ഹിയിലെ തബ്്‌ലീഗ് സമ്മേളനത്തിനായി വിദേശങ്ങളില്‍നിന്നെത്തിയവരെയെല്ലാം ജയിലിലിടുകയും കേസെടുക്കുകയുംചെയ്തു. കലാപത്തിന്റെ പേരുപറഞ്ഞ് ജെ.എന്‍.യു സമര നായകരിലൊരാളായ ഉമര്‍ഖാലിദിനെയും പൊലീസ് കേസെടുത്ത് ജയിലിലിട്ടിരിക്കുകയാണ്. ഗര്‍ഭിണിയായ സഫൂറസര്‍ഗാര്‍ എന്ന വിദ്യാര്‍ത്ഥിനിയെ പോലും വെറുതെ വിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ഇച്ഛക്കൊത്ത് തുള്ളുന്ന ഐ.പി.എസുകാരെ മാത്രമേ ഡല്‍ഹി പൊലീസിന്റെ തലപ്പത്തിരുത്തുകയുള്ളൂ എന്നതിനാല്‍ മറിച്ചൊരു നീതിയും ന്യായവും അക്കൂട്ടത്തില്‍നിന്ന് ജനങ്ങള്‍ക്കും പ്രതിപക്ഷകക്ഷികള്‍ക്കും പ്രതീക്ഷിക്കേണ്ടതില്ല. പൗരത്വനിയമം മുസ്്‌ലിം വിരുദ്ധമാണെന്ന് പറഞ്ഞ് മുസ്്‌ലിംകളെ ഇളക്കിവിട്ടുവെന്നാണ് നേതാക്കള്‍ക്കെതിരായ പൊലീസിന്റെ ആരോപണം. മൊഴിയിലുള്ളതെന്ന് പറഞ്ഞാലും ആരാണ് ഇത്തരമൊരു മൊഴി നല്‍കിയതെന്നോ അതപ്പടി വിഴുങ്ങുകയാണോ പൊലീസിന്റെ ജോലിയെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. കലാപബാധിതമായ ജാഫറാബാദില്‍ താന്‍ കലാപസമയത്ത് പോയിട്ടില്ലെന്നാണ് യെച്ചൂരി പറയുന്നത്. അത് മുഖവിലക്കെടുക്കാന്‍ പൊലീസിന് അവരുടെ രേഖകള്‍ നോക്കിയാല്‍മാത്രം മതി. എന്നാല്‍ പൊലീസിന്റെ ഉന്നം കുറ്റപത്രത്തില്‍ പറയപ്പെടുന്നവരിലേക്ക് കോടതിയുടെ ശ്രദ്ധ തിരിക്കുകയും അവരെ അറസ്റ്റുചെയ്യിക്കുകയുമാണ്. ജനങ്ങള്‍ കോവിഡിലും സാമ്പത്തിക പരാധീനതയിലും ഉഴലുമ്പോള്‍ നടക്കുന്ന പാര്‍ലമെന്റ്‌സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ചര്‍ച്ചാവിഷയം മറ്റൊന്നിലേക്ക് ചുരുക്കിക്കെട്ടാനുള്ള ഹീനമായ കുതന്ത്രമാണിത്. ഇതിലവര്‍ വീഴില്ലെന്നുമാത്രമല്ല, പൗരാവകാശങ്ങളും പ്രതിപക്ഷ ധര്‍മവും നിഷേധിക്കാനുള്ള നീക്കം ജനങ്ങള്‍ ജാഗ്രതയോടെ കാണുന്നുണ്ടെന്ന് മോദിയും കൂട്ടരും ഓര്‍ക്കുന്നത് നന്ന്.