പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ വകവക്കാതെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയതിലൂടെ ഏകസിവില്‍കോഡിലേക്കുള്ള കുറുക്കുവഴിയിലെ കുരുക്കഴിച്ചു തുടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന വകവച്ചുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും വ്യക്തിനിയമ പരിരക്ഷയും തച്ചുടച്ച് ബഹുസ്വരതയെ റദ്ദാക്കി സംഘ് പരിവാറിന്റെ ഏകശിലാഘടനയില്‍ രാജ്യത്തെ പുനഃക്രമീകരിക്കാനുള്ള ഫാസിസ്റ്റു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ബില്ലിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തുവന്നെങ്കിലും ഇതിനു ചെവികൊടുക്കാതെ ബില്‍ പാസാക്കിയത് ലോക്‌സഭയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി രേഖപ്പെട്ടു കഴിഞ്ഞു. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ കഠാര കുത്തിയിറക്കും മുമ്പ് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നില്ല എന്നത് വേദനാജനകമായ യാഥാര്‍ത്ഥ്യമാണ്. കരട് തയാറാക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുമായോ മുസ്്‌ലിം വ്യക്തനിയമ ബോര്‍ഡുമായോ ചര്‍ച്ച ചെയ്യാതിരുന്നത് ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. രാജ്യത്തെ സര്‍വ ജനതയോടും നീതി പുലര്‍ത്തേണ്ട ഭരണകൂടം സ്വേച്ഛാധിപത്യത്തിലൂടെ തങ്ങളുടെ സങ്കുചിത തത്വങ്ങളെ അടിച്ചേല്‍പിക്കുന്നത് ഉദാത്തമായ ഇന്ത്യന്‍ ഭരണഘടനയോടുള്ള അങ്ങേയറ്റത്തെ അവഹേളനമാണ്.
ഓരോ പൗരനും അനുവദിച്ചു നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളെ ക്രിമിനല്‍ കുറ്റമായി നിയമവല്‍കരിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഗാന്ധിജിയുടെ ഇന്ത്യ ഗോഡ്‌സെയുടേതു മാത്രമായി പരിണമിക്കാന്‍ അധിക കാലം വേണ്ടിവരില്ല. പ്രതിഷേധങ്ങളെ ശബ്ദ വോട്ടോടെ മറികടന്ന് ലോക്‌സഭയില്‍ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ എല്ലാം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട എതിര്‍പ്പുകളേക്കാള്‍ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പാണ് അനിവാര്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. കരട് നിയമത്തെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ബില്ലിന്റെ മൗലികതയിലുള്ള അടിസ്ഥാന വിയോജിപ്പില്‍ എല്ലാവരും അഭിപ്രായ ഐക്യത്തോടെ അടിയുറച്ചുനിന്നാല്‍ ഫാസിസ്റ്റ് മേധാവിത്വത്തെ പിടിച്ചുകെട്ടാനാകും. മുത്തലാഖിനെ പ്രോത്സാഹിപ്പിക്കാനല്ല കോണ്‍ഗ്രസും മുസ്്‌ലിംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വീറോടെ വാദിക്കുന്നത്. കരടു ബില്ലിലെ മൗലികാവകാശ ലംഘനങ്ങളും അതുവഴിയുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അസ്തിത്വ പ്രതിസന്ധിയുടെ ആഴവും തിരിച്ചറിഞ്ഞതുകൊണ്ടാണ്. മുത്തലാഖ് നിയമത്തിലൂടെ നിരോധിക്കാനായാല്‍ ഏകസിവില്‍കോഡ് എത്രയും വേഗം നടപ്പാക്കാനുള്ള അവസരം പാര്‍ത്തിരിക്കുന്ന മോദി സര്‍ക്കാറിന് അത് വര്‍ധിത പ്രചോദനമാവുകയും പിന്നീടുള്ള നടപടികള്‍ക്ക് പിന്തുണയാവുകയും ചെയ്യുമെന്നുറപ്പ്. ഈ അപകടകരമായ അവസ്ഥയെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുമ്പിലുള്ള പ്രധാന കര്‍ത്തവ്യം.
ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകുന്ന ബില്ലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുസ്്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ ലോക്‌സഭ പാസാക്കിയതില്‍ പലതും ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. സിവില്‍ നിയമക്രമത്തില്‍ ഉള്‍പ്പെടുന്ന വിവാഹത്തില്‍ ക്രിമിനല്‍ ശിക്ഷ വിധിക്കുന്ന വൈരുദ്ധ്യവും ബില്ലില്‍ കാണാം. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയൊ നിയമസഹായം തേടുകയൊ ചെയ്യാമെന്നും പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിട്ടുകിട്ടണമെന്ന് കോടതിയോട് ആവശ്യപ്പെടാമെന്നും ബില്‍ പറയുന്നു.
ലോക്‌സഭയില്‍ ബില്‍ പാസാക്കിയ നിമിഷത്തെ ചരിത്ര ദിവസമായി പ്രഖ്യാപിച്ച നിയമമന്ത്രി, കേന്ദ്ര സര്‍ക്കാറിന്റെ ഉള്ളിലിരിപ്പാണ് പ്രകടമാക്കിയത്. മുസ്്‌ലിം സ്ത്രീയുടെ സുരക്ഷയേക്കാള്‍ ഭരണഘടനാ വിരുദ്ധതയും വര്‍ഗീയ ധ്രുവീകരണ സാധ്യതയും ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു വ്യക്തം. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുവരുത്തുന്ന പൗരസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും പൂര്‍ണമായും ഹനിക്കുന്നതാണ് മുത്തലാഖ് നിരോധന ബില്‍. വ്യക്തിനിയമത്തില്‍ ഏതെങ്കിലും തരത്തില്‍ കൈകടത്തുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വം ഇല്ലാതാക്കാനുള്ള ശ്രമമായും ഇതിനെ കാണണം. സുപ്രീംകോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഇക്കാര്യത്തില്‍ പലപ്പോഴും ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയതാണ്. ആറു മാസം മുത്തലാഖ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷവും രാജ്യത്ത് ഇതുസംബന്ധമായി നൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന ഊതിപ്പെരുപ്പിച്ച കണക്കുമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ ന്യായീകരിച്ച് നയം വ്യക്തമാക്കിയത്. ഇസ്്‌ലാമിക രാജ്യങ്ങളില്‍ ഇല്ലാത്ത ആചാരം എന്തിനാണ് മതേതര രാജ്യത്ത് നിലനില്‍ക്കുന്നത് എന്നും കേന്ദ്രസര്‍ക്കാര്‍ വാദം നിരത്തി. ശരീഅത്തില്‍ ഇടപെടില്ലെന്ന മധുരവര്‍ത്തമാനം പറഞ്ഞാണ് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ പാസാക്കിയത്. എന്നാല്‍ രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഭരണഘടനയുടെ പൊരുളറിയാത്തത് കൊണ്ടാണ് ഇസ്്‌ലാമിക രാജ്യങ്ങളെ മാതൃകയാക്കണമെന്ന് ബി.ജെ.പിക്കു പറയേണ്ടിവന്നത്. ശരീഅത്ത് നിയമത്തില്‍ ഇടപെടാനുള്ള കൃത്യമായ ഉദ്ദേശ്യമാണ് മുത്തലാഖില്‍ അജണ്ട തുടങ്ങാനുള്ള പ്രേരണ. ഏക സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് നിമിത്തമാകും എന്ന വരട്ടുവാദവും ബി.ജെ.പിക്കുണ്ട്. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ നിര്‍ബന്ധിത നിയമമായി നടപ്പാക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ ഇതേ ഗണത്തില്‍ രാജ്യം അവഗണിക്കുന്ന സാമൂഹിക വിഷയങ്ങളെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ ആരോഗ്യവുമെല്ലാം ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങളല്ലെ? എന്നാല്‍ ഇക്കാര്യങ്ങളില്‍ വേവലാതിപ്പെടാത്ത കേന്ദ്രസര്‍ക്കാറിന് മുത്തലാഖില്‍ മാത്രം വ്യഥയനുഭവപ്പെടുന്നതിന്റെ പൊരുള്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സാമുദായിക സൗഹാര്‍ദത്തെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള കുത്സിത നീക്കവും. ഇതിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടത്. വിശ്വാസ സ്വാതന്ത്ര്യസംരക്ഷണത്തിനായി വരും ദിനങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടട്ടെ എന്നു പ്രത്യാശിക്കാം.