ഉദരനിമിത്തം ബഹുകൃതവേഷം എന്നാണ് കവിമൊഴി. അധികാരത്തിന്റെ അപ്പക്കഷണത്തിന് ആര്‍ത്തിയുള്ളവര്‍ ആവുംപോലെ അത് വാരിത്തിന്നോട്ടെ. പക്ഷേ അത് സ്വച്ഛന്ദമായി ഒഴുകുന്ന കേരളീയ സമൂഹത്തിലെ ഒരു സമുദായത്തിന്റെ അന്നത്തിനുമേല്‍ പൂഴിവാരിയെറിഞ്ഞും സമൂഹത്തെയാകെ സംശയത്തിന്റെയും ഭിന്നതയുടെയും മുള്‍മുനയില്‍ നിര്‍ത്തിയും വേണ്ടിയിരുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നത്, കഴിഞ്ഞ ദിവസം കേരളത്തിന്റെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ ഒരു മലയാളവാരികയിലെ അഭിമുഖം വായിച്ചപ്പോഴാണ്.
കേരളത്തിലെ മുസ്‌ലിംകളില്‍ ജനനനിരക്ക് ഭയാനകമാംവിധം വര്‍ധിക്കുന്നുവെന്നും ഇവിടെ ലൗജിഹാദ് നിലവിലുണ്ടെന്നും ഐ.എസ്.ഐ.എസും ആര്‍.എസ്.എസും ഒരേ വിധത്തില്‍ എതിര്‍ക്കപ്പെടേണ്ടവരല്ലെന്നുമൊക്കെയാണ് ടിയാന്‍ അഭിമുഖത്തില്‍ തട്ടിവിട്ടിരിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 26.56 ശതമാനമാണ്. ഹിന്ദുക്കളുടേത് 54.73 ശതമാനവും ക്രിസ്ത്യാനികളുടേത് 18.38 ശതമാനവും. ഇന്നത്തെ കണക്കനുസരിച്ച് ഈ അനുപാതത്തില്‍ ഒരുനിലക്കും കാര്യമായ വ്യത്യാസം വരേണ്ടുന്ന പഠനങ്ങളൊന്നും ഇതുവരെയും ലഭ്യമല്ല. ചരിത്രപരമായി ഇവിടുത്തെ ഹൈന്ദവ ജനതക്കിടയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ കാരണം കീഴേതട്ടിലുണ്ടായിരുന്ന കുടുംബങ്ങളില്‍ ചിലര്‍ ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. സാമൂഹികമായ തൊട്ടുകൂടായ്മ തല്‍കാലത്തേക്ക് നീങ്ങിക്കിട്ടിയെങ്കിലും പിന്നെയും ഏറെ നൂറ്റാണ്ടുകള്‍ ഇവരുടെ ദാരിദ്ര്യവും സഹനവും തീരാശാപമായി തുടര്‍ന്നുപോന്നു. വെറും മൂന്നു പതിറ്റാണ്ട് മാത്രം മുമ്പാണ് ഗള്‍ഫ് എണ്ണയുടെയും മറ്റും ഫലമായി മുസ്‌ലിംകളില്‍ നല്ലൊരു പങ്കും, കേരളമാകെയും മുഴുപ്പട്ടിണിയില്‍ നിന്ന് അരപ്പട്ടിണിയിലേക്കും സാധാരണ ജീവിതത്തിലേക്കും എത്തിപ്പെട്ടത്. ഇവരുടെ അവസര നിഷേധങ്ങളെക്കുറിച്ച് നിരവധി ഔദ്യോഗിക കണക്കുകള്‍തന്നെ തെളിവാണ്. എന്നിട്ടും ചിലരുടെ കുപ്രചാരണങ്ങള്‍ക്കു വശംവദരായവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങളും കൊലപാതകങ്ങളും വരെ നടത്തിക്കൊണ്ടിരിക്കുന്നു.
ജൂണ്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിച്ചയുടന്‍ അഭിമുഖങ്ങളുടെ പരമ്പരകളാണ് സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയിലെല്ലാം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ചേരാത്ത വിധത്തില്‍ സ്വന്തം സേനക്ക് നേരെയും അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെയെല്ലാം അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയത്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സെന്‍കുമാര്‍ ബി.ജെ.പി പാളയത്തിലേക്ക് പോയെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഐ.പി.എസുകാരി കിരണ്‍ ബേദിയെ പോലുള്ള മുമ്പേ ഗമിച്ചവര്‍ മാതൃകയായിട്ടുണ്ടാവണം. സെന്‍കുമാറിന്റെ പല സമീപനങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ ആരോപണത്തെ ശരിവെക്കുന്നതായിരിക്കുന്നു വാരികയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെന്ന് വ്യക്തം. സെന്‍കുമാര്‍ പൊലീസ് മേധാവിയായിരുന്ന കാലത്തെ നിരവധിയായ മനുഷ്യാവകാശ ധ്വംസനക്കേസുകളും യു.എ.പി.എ കേസുകളും അന്നത്തെ സര്‍ക്കാരിനുതന്നെ തലവേദനയുണ്ടാക്കിയിരുന്നുവെന്നതാണ് നേര്. ഇദ്ദേഹത്തിന്റെ കാലത്ത് ചില മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയ ലൗജിഹാദ് കേരള പൊലീസിന്റെ അന്വേഷണത്തെതുടര്‍ന്ന് അശേഷമില്ലെന്ന് വ്യക്തമാക്കിയത് ബഹുമാനപ്പെട്ട ഹൈക്കോടതിയായിരുന്നു. ഇദ്ദേഹം അന്വേഷിച്ച മുസ്‌ലിംകളുമായി ബന്ധപ്പെട്ട കേസുകളില്‍ പുന:പരിശോധന നടത്തണം.
2011ലെ കാനേഷുമാരി അനുസരിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൗലാനാആസാദ് എജുക്കേഷണല്‍ ഫൗണ്ടേഷനാണ് കഴിഞ്ഞദിവസം പഠനത്തിലൂടെ വെളിപ്പെടുത്തിയത്. ദേശീയ ശരാശരി 72 ആണെങ്കില്‍ മുസ്‌ലിംകളിലേത് 68.53. ഇതിനുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷനും ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിത നിലവാരം രാജ്യത്തെ പട്ടിക ജാതി വര്‍ഗക്കാരിലും താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ മൂന്നിലൊന്നുപേരും (31 ശതമാനം) ദരിദ്രരാണെന്ന് വെളിപ്പെടുത്തിയതും ഇതേ കമ്മീഷനാണ്. ഈ കണക്കുകളോ റിപ്പോര്‍ട്ടുകളോ ഒന്നും വായിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മുസ്‌ലിംകളുടെ സമാധാനപരമായ സഹവര്‍ത്തിത്വവും മതസൗഹാര്‍ദ മനോഭാവവും ദേശീയ തലത്തില്‍തന്നെ അത്യുത്തരം പ്രശംസിക്കപ്പെട്ടിട്ടുള്ളതാണെന്ന് സെന്‍കുമാറിന് അറിയാതിരിക്കില്ല. ബാബരി മസ്ജിദ് തകര്‍ച്ചക്കു ശേഷമോ പിന്നീട് നിരവധി മുസ്‌ലിംകള്‍ സംഘ്പരിവാറുകാരാല്‍ കൊലചെയ്യപ്പെട്ടപ്പോഴോ പോലുമോ കേരള മുസ്‌ലിംകള്‍ വടിവാളുകളോ ബോംബുകളോ ആയി നിരത്തിലിറങ്ങിയിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ പൊലീസ് സേനയിലുള്ളവര്‍ക്ക് അറിയാവുന്നതാണ്. ഐ.എസിലേക്ക് കേരളത്തില്‍ നിന്ന് പോയെന്നു പറയപ്പെടുന്നവരാകട്ടെ വിരലിലെണ്ണാവുന്നവരും. കേരളത്തില്‍ അടുത്തിടെ നടന്ന ചില സ്‌ഫോടനങ്ങളിലും മലയാളികള്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയിട്ടുള്ളതുമാണ്. എന്നിട്ടും സെന്‍കുമാറിന്റെ വാല് പൊങ്ങുന്നത് എന്തിനുവേണ്ടിയാണെന്നതിനുള്ള ഒന്നാംതരം തെളിവായി ഇന്നലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നടത്തിയ സന്ദര്‍ശനവും. തങ്ങള്‍ കിണ്ണം കട്ടിട്ടില്ലെന്നു പറഞ്ഞ് കൈമലര്‍ത്തിക്കാണിക്കുകയാണ് മുസ്‌ലിം വിരുദ്ധതയിലൂടെ സെന്‍കുമാറും ബി.ജെ.പി നേതൃത്വവും.
പ്രാദേശികവും അധിനിവേശിതവുമായ ഭരണകൂട സൈന്യങ്ങള്‍ക്കെതിരെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനായി സിറിയയിലും ഇറാഖിലും മറ്റും പാവപ്പെട്ട മുസ്‌ലിംകളെ ബോംബിട്ടുകൊല്ലുന്ന ഐ.എസിനെയും മതേതര ഇന്ത്യയെ കാവിപുതപ്പിക്കാനായി നടുറോഡിലും വാഹനങ്ങളിലും വെച്ച് പച്ചയ്ക്ക് ആളുകളെ കൊല്ലുന്ന ആര്‍.എസ്.എസ്, സംഘ്പ്രഭൃതികളെയും ഒരേ നുകത്തില്‍ കെട്ടരുതെന്ന ‘സെന്‍സിദ്ധാന്തം’ ഒരുകണക്കിന് ശരിയാണ്. ഗോമാതാവിന്റെ പേരില്‍ നാഴികക്കെന്നോണം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെടുമ്പോഴും കേരളത്തില്‍പോലും ഒരു കാരണവുമില്ലാതെ പത്തുകൊല്ലത്തിനിടെ കൊല്ലചെയ്യപ്പെട്ട ഒരു ഡസനിലധികം ആളുകള്‍ക്കുവേണ്ടിയും ഒരൊറ്റ കലാപത്തിനുപോലും മുതിരാത്ത ന്യൂനപക്ഷത്തെക്കുറിച്ച് സെന്‍കുമാര്‍ എന്ന സര്‍ക്കാര്‍ ശമ്പളക്കാരന്‍ നടത്തിയ ആക്ഷേപം പൊറുക്കാത്ത അപരാധമായിപ്പോയി. സര്‍ക്കാര്‍ ആനുകൂല്യം പരമാവധി വാങ്ങിയശേഷം ഇനി കേന്ദ്രത്തിലെ ഭരണത്തണലില്‍ വാഴാമെന്ന മോഹമാണ് പലരെയുംപോലെ ഇയാളെയും അലട്ടിയിട്ടുണ്ടാവുക. പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് ഓസില്‍ ജീവിതം ആസ്വദിച്ചശേഷം അതേ സംവിധാനത്തിന് നേര്‍ക്ക് കാര്‍ക്കിച്ചുതുപ്പിയ ഇപ്പണി മുലപ്പാല്‍തന്ന് വളര്‍ത്തിയ മാതാവിന്റെ നെറുകയിലുള്ള ചവിട്ടാണ്.