Connect with us

Video Stories

ജനങ്ങളെ വീണ്ടും ബന്ദിയാക്കണോ

Published

on

ഏകീകൃതനികുതി എന്ന ആശയം പ്രാവര്‍ത്തികമായതോടെ രാജ്യത്താകമാനം ഒരൊറ്റവിപണി സാധ്യമാകുകയും ചരക്കുകടത്ത് സുഗമമാകുകയും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയുകവഴി ഒരു പരിധിവരെ വിലകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചരക്കുസേവനനികുതി (ജി.എസ്.ടി ) കൗണ്‍സില്‍യോഗം വിവിധവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുംമേല്‍ അഞ്ചുതട്ടിലുള്ള നികുതിചുമത്തിയത്. ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ പ്രത്യേകയോഗം വിളിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനംചെയ്ത ജി.എസ്.ടി സമ്പ്രദായം പക്ഷേ നിലവില്‍വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പ്രധാനഗുണഫലങ്ങള്‍ പൊതുജനങ്ങളിലെത്തുന്നില്ലെന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 1200 ഓളം സാധനങ്ങളുടെമേല്‍ ചെലുത്തിയ ജി.എസ്.ടി പ്രകാരം ഏഴുശതമാനം നിത്യോപയോഗവസ്തുക്കളുടെ മേലുണ്ടായിരുന്ന നികുതി അവശ്യസാധനങ്ങളെന്ന നിലയില്‍ ഒഴിവാക്കിയിരുന്നു. പക്ഷേ ഇതിന്റെ ഗുണം ഇതുവരെയും പൊതുജനങ്ങളില്‍ എത്തുന്നില്ല എന്നത് പദ്ധതിയുടെ നടത്തിപ്പിലെ പരാജയത്തെയാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ തികഞ്ഞ കെടുകാര്യസ്ഥതയും അനവധാനതയുമാണ് ഇത്തരമൊരു അരാജകത്വത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ക്കിടെ എല്ലാം വരുന്നിടത്തുവെച്ചുകാണാമെന്ന അലസനിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.
വിലകുറയുന്ന നൂറ്റൊന്നുസാധനങ്ങളുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഇതി•േ-ലൊന്നിലും വില കുറഞ്ഞിട്ടില്ലെന്നതാണ് ശരാശരിമലയാളിയുടെ അനുഭവം. പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, കോഴി പോലുള്ളവയ്ക്ക് വില കുറയുമെന്നായിരുന്നു കണക്കുകള്‍ നിരത്തി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും അവകാശപ്പെട്ടിരുന്നത്. നിത്യോപയോഗവസതുക്കള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒറ്റയടിക്ക്പൂജ്യത്തിലേക്ക് കുറഞ്ഞതാണ് പ്രതീക്ഷക്ക് വകനല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുദിവസമായിട്ടും ഒരു വസ്തുക്കള്‍ക്കും വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പഴയ നികുതിയുടെമേല്‍ ജി.എസ്.ടി കൂടി ചേര്‍ത്താണ് വിലകൂട്ടി വ്യാപാരികള്‍ വില്‍പനനടത്തുന്നത്.സിമെന്റ് തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ നികുതി കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികള്‍ അവസരം മുതലാക്കി വിലകയറ്റിയിരിക്കുകയുമാണ്. പാക്കറ്റിലെ പരമാവധി വില (എം.ആര്‍.പി )യില്‍ കൂടുതല്‍ വാങ്ങരുതെന്ന ഉത്തരവിന് പുല്ലുവില. പലപാക്കറ്റുകളിലും വില ചുരണ്ടിമാറ്റി പുതിയ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പ്രവണതയുണ്ട്. പരാതികളെ തുടര്‍ന്ന് കടകളില്‍ സംസ്ഥാനത്തെ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെതുടര്‍ന്ന് വ്യാപാരികളുടെ തട്ടിപ്പ് പിടികൂടപ്പെട്ടിട്ടുണ്ടെങ്കിലും മഞ്ഞുമലയുടെ ഒരുഅരിക് മാത്രമാണ് തൊടാനായിട്ടുള്ളത്. സാദാഹോട്ടലുകളില്‍ ഭക്ഷണത്തിന് വില കുറയുമെന്ന പ്രചാരണവും മിഥ്യയായിരിക്കയാണ്. 14 ശതമാനത്തില്‍ നിന്ന് എ.സി ഇല്ലാത്ത ഹോട്ടലുകളിലെ നികുതി എട്ടുശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാര്‍ വില കുറക്കാതിരിക്കുന്നത്. ചായക്കും വടയ്ക്കും വരെ വില കൂട്ടിയവരുണ്ട്. ഭക്ഷണത്തിനായി വാങ്ങുന്ന വസ്തുക്കള്‍ക്ക് നികുതി വര്‍ധിച്ചതാണ് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.
ഇക്കാര്യത്തിലെല്ലാം കാര്യക്ഷമമായി ഇടപെടുന്നതിന് പകരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവ്യക്തതയും ആലസ്യവും കെടുകാര്യസ്ഥതയുമാണ് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ജി.എസ്.ടി അനുസരിച്ച് ദേശീയലാഭവിരുദ്ധഅതോറിറ്റി ( നാപ) രൂപീകരിക്കുമെന്ന ഉത്തരവും ഇപ്പോഴും ഏട്ടിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനത്തിലേക്കും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുകയുണ്ടായെങ്കിലും മൂന്നും നാലും ജില്ലകളിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് നിയമനം. ഇവര്‍ എന്നു ചുമതലഏറ്റെടുക്കുമെന്ന് പറയാറായിട്ടുമില്ല. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന തോന്നലാണ് സര്‍ക്കാര്‍ ഉദ്യോഗസഥരിലും ജനങ്ങളില്‍ പൊതുവെയും ഉണ്ടായിരിക്കുന്ന തോന്നല്‍. ഉത്തരേന്ത്യയിലാകെ പച്ചക്കറി വിലയിടിയുകയും കര്‍ഷകആത്മഹത്യകള്‍ പെരുകുകയും ചെയ്യുമ്പോഴാണ് ഇവിടെ അവയ്ക്ക് കുത്തനെ വിലഉയര്‍ന്നിരിക്കുന്നത് എന്നതുമതി നികുതിയും സര്‍ക്കാരുകളുമൊന്നുമല്ല കേരളത്തിലെ വിലകള്‍ തീരുമാനിക്കുന്നതെന്നതിനുള്ള സൂചിക. ആകെയുണ്ടായിട്ടുള്ള സൗകര്യം സംസ്ഥാനാന്തര ചെക്‌പോസ്റ്റുകളില്‍ നിലവിലുണ്ടായിരുന്ന വാഹനസ്തംഭനം ഇല്ലാതായത് മാത്രമാണ്. ചെക്ക്‌പോസ്റ്റുകളില്‍ വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് ഡികഌറേഷന്‍ഫോം വാങ്ങിവെക്കുന്ന ജോലി മാത്രമാണിപ്പോള്‍ ചെയ്യുന്നത്. ഇതിന് ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് വേണമെന്നിരിക്കെ വാളയാറിലടക്കം നൂറിലധികം ഉദ്യോഗസ്ഥര്‍ ജോലിയില്ലാതെ ശമ്പളംപറ്റുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇത് കള്ളക്കടത്തിനും നികുതിവെട്ടിപ്പിനും കാരണമാകുന്നുവെന്ന പരാതിയുമുണ്ട്. ചരക്കുനീക്കം മന്ദഗതിയിലാകുന്നത് വീണ്ടും വിലയുയരാന്‍ ഇടയാക്കും.
മോദിസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് നോട്ടുനിരോധനവും ജി.എസ്,ടിയും കള്ളപ്പണത്തിനെതിരായ നടപടികളുമൊക്കെ എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നതെങ്കിലും ഇവയിലൊന്നും സുതാര്യതയും ലാളിത്യവും ജനതാല്‍പര്യവും ഇല്ലെന്നുതന്നെയാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പൊടുന്നനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനനടപടി മൂലം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവിതം വഴിമുട്ടിയത്. തല്‍കാലം സഹിക്കൂ എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് ജപ്പാനില്‍പോയി പീപ്പി ഊതിക്കളിച്ച മോദി ചരക്കുസേവനനികുതി കൊണ്ട് രാജ്യം വീണ്ടുമൊരു ഊരാക്കുരുക്കിലകപ്പെട്ടിരിക്കുമ്പോള്‍ ഇസ്രാഈലില്‍ പോയി പൂപറിച്ചുകളിക്കുകയാണെന്നത് തീര്‍ത്തും ആഭാസമായിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തം വേണ്ട സര്‍ക്കാരുകള്‍ കാട്ടുന്ന വിപ്ലവപരമെന്ന് അവകാശപ്പെടുന്ന നടപടികള്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വയറ്റത്തടിയാകുന്നതിനെ എന്തുപേരിട്ട് വിളിച്ചാലും ന്യായീകരിക്കാനാവില്ല. വേണ്ടത്ര അവധാനതയോടെ വേണ്ടിയിരുന്നു പദ്ധതി നടപ്പാക്കാനെന്ന പ്രതിപക്ഷകക്ഷികളുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് കേന്ദ്രം ഉണ്ടാക്കിവെച്ച ഇപ്പോഴത്തെ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കെ കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളുടെ അധികവരുമാനത്തിനുവേണ്ടി ഇടതുപക്ഷം ആചരിക്കുന്ന മൗനസമ്മതം അധികാരികള്‍ക്ക് ഭൂഷണമല്ല. ഈ വിലക്കയറ്റത്തെ കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതുകയും വേണ്ട.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending