ഒരു ഇടവേളയിലൊഴികെ 1998 മുതല്‍ നാലുതവണ തുടര്‍ച്ചയായി ബി.ജെ.പി വിജയക്കൊടി നാട്ടിയ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന് സര്‍വകാലറെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയരഥത്തിലേറാനായത് രാജ്യത്തെ സമകാലിക രാഷ്ട്രീയസാമൂഹിക അവസ്ഥയിലേക്കുള്ള അതിശക്തമായ ചൂണ്ടുപലകയായിരിക്കുന്നു. ലോക്‌സഭയില്‍ 45 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഗുരുദാസ് ലോക്‌സഭാഉപതിരഞ്ഞെടുപ്പിലെ മിന്നുന്നവിജയം തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. രാജ്യം കണ്ട മികച്ച ഭൂരിപക്ഷങ്ങളിലൊന്നാണ് കോണ്‍ഗ്രസിന്റെ സുനില്‍ഝാക്കര്‍ ഇവിടെ നിന്ന് കരഗതമാക്കിയിരിക്കുന്നത്. കേരളത്തിലെ വേങ്ങര നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അതേദിവസം തന്നെയാണ് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ബി.ജെ.പി ഉരുക്കുകോട്ടയിലും വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞതവണ, 2014ല്‍ ബി.ജെ.പിയുടെ ഹാട്രിക്‌വിജയി ബോളിവുഡ് നടന്‍ വിനോദ്ഖന്നയാണ് 1,36,065 വോട്ടിന് വിജയിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 1,93,219 വോട്ടുകളാണ്. മൊത്തത്തില്‍ മൂന്നരലക്ഷത്തോളം വോട്ടുകളാണ് പുതുതായി ബി.ജെ.പിയില്‍ നിന്ന് നിലവിലെ പഞ്ചാബ് ഭരണകക്ഷിയായ കോണ്‍ഗ്രസ്് അധികം നേടിയിരിക്കുന്നത്. നോട്ടുനിരോധനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, ഇനി വോട്ട് നിഷേധത്തിന്റെ കാലമാണെന്നാണ് പ്രതീകാത്മകമായി ജനത ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭകളിലേക്കും 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കും രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ക്ക് ഈ വിജയം ഉത്തേജകൗഷധമായിരിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവ, അരുണാചല്‍, യു.പി തുടങ്ങിയവക്കൊപ്പം പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 46ല്‍ നിന്നാണ് 77 സീറ്റായി കോണ്‍ഗ്രസ് ഉയര്‍ന്നത്. ഭരണകക്ഷിയായ അകാലിദള്‍-ബി.ജെ.പി സഖ്യം 56ല്‍ നിന്ന് 15ലേക്ക് ചുരുങ്ങി. ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗും മുന്‍ഇന്ത്യന്‍ക്രിക്കറ്റ് താരം നവജ്യോത്സിംഗ് സിദ്ദുവുമടക്കമുള്ള നേതാക്കളുടെയും ആത്മാര്‍ത്ഥതയാര്‍ന്ന പ്രവര്‍ത്തനവും പ്രചാരണവുമാണ് സിക്ക് മുദായത്തിന് മഹാഭൂരിപക്ഷമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയത്. കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വിഷലിപ്തവും ന്യൂനപക്ഷവിരുദ്ധവുമായ വെറുപ്പിന്റെ രാഷ്ട്രീയവും സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമകരമായ നടപടികളുമായിരിക്കണം സുനില്‍ ഝാക്കറിന്റെ ഈ തട്ടുപൊളിപ്പന്‍ വിജയത്തിന് നിദാനം എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത രാജസ്ഥാനിലും ഹരിയാനയിലും ഡല്‍ഹിയിലുമൊക്കെ പശുവിന്റെയും മറ്റും പേരില്‍ മുസ്്‌ലിംകളെയുംദലിതുകളെയും കൊന്നടുക്കുമ്പോള്‍ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാനനില പുലരുന്ന സംസ്ഥാനമാണ് പഞ്ചാബ്.
പ്രമുഖരായ സാമ്പത്തികവിദഗ്ധര്‍ മുതല്‍ ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി പോലുള്ള സ്ഥാപനങ്ങളും ബി.ജെ.പിയുടെ തന്നെ മുന്‍കേന്ദ്രധനമന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ വരെ മോദിസര്‍ക്കാരിന്റെ കാടന്‍ നയപരിപാടികള്‍ക്കെതിരായി രംഗത്തുവന്നിരിക്കുന്ന സമയത്താണ് വേങ്ങരയും ഗുരുദാസ്പൂരും രാജ്യത്തിന് പുനര്‍മാതൃക സൃഷ്ടിക്കുന്നത്. വേങ്ങര യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്്‌ലിംലീഗിന്റെയും ഉരുക്കുകോട്ടയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അന്നുതന്നെ വോട്ടെടുപ്പ് നടന്ന ഗുരുദാസ്പൂരിനെസംബന്ധിച്ച് അത്തരമൊരു പ്രതീക്ഷയായിരുന്നില്ല രാഷ്ട്രീയനിരീക്ഷകര്‍ക്കുണ്ടായിരുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തികപരിപാടികളും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേടിക്കൊണ്ടിരിക്കുന്ന തുടര്‍വിജയങ്ങളുമൊക്കെ ബി.ജെ.പിയുടെ അവകാശവാദത്തിന് ബലമേകുന്നതും കോണ്‍ഗ്രസിന്റെ ഭാവിപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതുമായിരുന്നു. എന്നാല്‍ മറിച്ച് ,സകലകണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് ഗുരുദാസ്പൂര്‍ കോണ്‍ഗ്രസിനെയും മതേതരവിശ്വാസികളെയും രാഷ്ട്രീയപിന്തുണയുടെ ആട്ടുതൊട്ടിലിലിട്ട് അമ്മാനമാടിയിരിക്കുന്നത്. അവര്‍ക്ക് പുത്തന്‍ ഊര്‍ജമാണ് ദുരുദാസ്പൂരും വേങ്ങരയും പകര്‍ന്നുനല്‍കിയിരിക്കുന്നതെന്നത് നിസ്സംശയം പറയാം. മൂന്നരലക്ഷത്തിലധികം വോട്ടുകളാണ് ബി.ജെ.പിയുടെ സ്വരണ്‍ സരാലിയയേക്കാള്‍ സുനില്‍ഖന്ന ഗുരുദാസ്പൂരില്‍ പെട്ടിയിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്‌നേതാവും മുന്‍കേന്ദ്രആഭ്യന്തരമന്ത്രിയുമായിരുന്ന ബല്‍റാംഝാക്കറുടെ മകന്‍കൂടിയാണ് സുനില്‍ഝാക്കര്‍. വിനോദ്ഖന്നയുടെ മരണത്തെതുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പായിട്ടും ഇവിടെ സഹതാപതരംഗംപോലും വീശിയില്ല എന്നതും ബി.ജെ.പിയോടും മോദിസര്‍ക്കാരിനോടുമുള്ള ജനതയുടെ രോഷപ്രകടനം എത്രത്തോളമുണ്ടെന്നാണ് ഗുരുദാസ്പൂര്‍ ഫലം നമ്മോട് വിളിച്ചുപറയുന്നത്.
ജീവിക്കാന്‍ കൊള്ളില്ലെന്നുപറഞ്ഞ് അമിത്ഷാമുതല്‍ ബി.ജെ.പിയുടെ സകലമുഖ്യമന്ത്രിമാരും തേരാപാരാ പദയാത്ര നടത്തിയ കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പിയെ അമ്പരിപ്പിച്ചിരിക്കുന്ന ഫലമാണ് വേങ്ങരയിലും ആ വര്‍ഗീയപാര്‍ട്ടിയുടെ വോട്ടുകള്‍ കുത്തനെ ഇടിയാന്‍ ഇടയാക്കിയിരിക്കുന്നത്. ചുരുക്കം സംസ്ഥാനങ്ങളായ ഡല്‍ഹിയിലും കേരളത്തിലും പശ്ചിബംഗാളിലും കര്‍ണാടകയിലും മറ്റുമാണ് ബി.ജെ.പി ഭരണമുള്ളത്. നോട്ടുനിരോധനകാലത്ത് കള്ളപ്പണത്തെയും തീവ്രവാദത്തെയും മറ്റും നേരിടുമെന്ന് ആയിരം തവണ ആണയിട്ട മോദിയും അമിത്ഷായും കൂട്ടരും അതിന്റെയൊക്കെ തിക്തഫലം അനുഭവിച്ചുതുടങ്ങിയ ജനങ്ങള്‍ മറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്ന ് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. നോട്ടുനിരോധനവും തലതിരിഞ്ഞ പരോക്ഷനികുതിസമ്പ്രദായം രാജ്യത്തിന്റെ വളര്‍ച്ച രണ്ടുശതമാനത്തിലേറെ പിറകോട്ടുവലിച്ചുകൊണ്ടുപോകവെ അതിശക്തമായ കിഴുക്കാണ് മോദി-ഷാ പ്രഭൃതികള്‍ക്ക് ജനം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെയും വൈസ്പ്രസിഡണ്ട്് രാഹുല്‍ഗാന്ധിയുടെയും മുന്‍ ബി.ജെ.പി ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെയും അരുണ്‍ഷൂരിയുടെയും ശത്രുഖ്ന്‍സിന്‍ഹയുടെയും മറ്റും പ്രതിഷേധസ്വരങ്ങളാണ് സ്വമനസ്സാലെ ശിരസ്സാവഹിച്ചുകൊണ്ട് ജനം ബാലറ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷവും വ്യാപാരിസമൂഹമായ സിക്കുകാരടങ്ങുന്ന പഞ്ചാബില്‍ ചരക്കുസേവനനികുതിയുടെ തിക്തഫലം അവര്‍ നന്നായി മനസ്സിലാക്കിയിരിക്കണം.
ബി,ജെ.പിയേതര സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ സകലമാന കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുകയും ഫണ്ട് തടഞ്ഞുവെക്കുകയും ആ സംസ്ഥാനമുഖ്യമന്ത്രിമാരെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും മോദിക്കും ഇനിയെങ്കിലും തലയിലിത്തിരി വെളിപാടുണ്ടാകണം. ദേശീയതലത്തില്‍ വര്‍ഗീയശക്തികള്‍ക്കെതിരായ മതേതരസഖ്യമെന്ന ആശയത്തിന് ആശയക്കരുത്തും പ്രായോഗികതയും നല്‍കുന്നതിന് പഞ്ചാബും മറ്റ് ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമൊത്ത് മുന്നോട്ടുനീങ്ങുമെന്നാണ് ജനം പ്രതീക്ഷിക്കുന്നതും ആശിക്കുന്നതും. വരാനിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ നേതൃസ്ഥാനാരോഹണവും ഈ ദൗത്യത്തിന് ഉശിരുപകരുമെന്നാണ് രാജ്യം കാത്തിരിക്കുന്നത്. രാഹുല്‍ഗാന്ധി ഈയിടെ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നടത്തിയ യാത്രയുടെ വിജയവും അമിത്ഷായുടെ റാലിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. പട്ടീദാര്‍ സമുദായമടക്കമുള്ള ഗുജറാത്തിലെ ബി.ജെ.പിയുടെ അടിത്തറ ഇളകിത്തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിന്റെ രാജ്യസഭാവിജയവും കോണ്‍ഗ്രസിന്റെ പുരോപ്രയാണത്തിന് ഇന്ധനം പകരുന്നുണ്ട്.
അതേസമയം രാജ്യത്തെ മതേതരവിശ്വാസികളുടെ ആഹ്ലാദത്തിന് അവസരമേകുന്ന സംഭവവികാസങ്ങള്‍ നടന്നുകൊണ്ടിരിക്കെ സി.പി.എമ്മിനെപോലുള്ള പാര്‍ട്ടി കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയുടെ മഹാമാരിയെ നേരിടുന്നതിനുപകരം ഇക്കാര്യത്തില്‍ തൊഴുത്തില്‍ കുത്തുന്ന കാഴ്ച അതിദയനീയമായിരിക്കുന്നു.
പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും കോണ്‍ഗ്രസ് ബാന്ധവത്തെച്ചൊല്ലി ഉണ്ടായിരിക്കുന്ന വിഭാഗീയത മുയലിളകുമ്പോള്‍ വേട്ടനായ മറ്റെന്തിനോ പോയി എന്ന സ്ഥിതിയിലേക്കാണ് സി.പി.എമ്മിനെ എത്തിക്കുന്നത്. ഇത് രാജ്യത്തെ വേദയനുഭവിക്കുന്ന ഓരോ പൗരനോടും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന മതേതതരത്വജനാധിപത്യനയങ്ങളോടുമുള്ള തിരസ്‌കാരവുമായേ എണ്ണപ്പെടൂ.