ഇപ്പോഴത്തെ കേരള നിയമസഭാസ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷാംഗങ്ങളോട് ആജ്ഞാപിക്കുന്നത് കേട്ടു: ചെയറിന്റെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്പീക്കറോടുള്ള അനാദരവായി കണക്കാക്കും. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മെയ് 13ലെ ബജറ്റ് അവതരണ ദിനം. ബജറ്റവതരിപ്പിക്കാന്‍ മന്ത്രി മാണിയെയും സ്പീക്കറെയും കടന്നുവരാന്‍ അനുവദിക്കാതെ സ്പീക്കറുടെ കസേരയും മേശയും ആലക്തിക സംവിധാനങ്ങളും കമ്പ്യൂട്ടറുമടക്കം തല്ലിത്തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍നിന്ന വ്യക്തിയാണ് നടേ കല്‍പന പുറപ്പെടുവിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍! ഇതുകേട്ട് പലരും തലതല്ലിച്ചിരിച്ചുകാണണം. നിയമനിര്‍മാണത്തിനും ഭരണത്തിനുമായി തങ്ങളുടെ പ്രതിനിധികളായി ജനം തെരഞ്ഞെടുത്തയച്ചവര്‍ നിയമനിര്‍മാണ സഭകളില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ഏതു പരിധിവരെ പോകാമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രസ്തുത സംഭവം. മദ്യ ബാറുകള്‍ അനുവദിച്ചതില്‍ കോഴ ആരോപിച്ച് ധനമന്ത്രി കെ.എം മാണിക്കെതിരെ ഇടതുപക്ഷത്തെ പത്തോളം എം.എല്‍.എമാര്‍ സഭയുടെ അധ്യക്ഷ വേദിയിലും അകത്തുമായി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍കണ്ട് ജനം മൂക്കത്തുവിരല്‍വെച്ചെന്നുമാത്രമല്ല, പലരെയും അവര്‍ അടുത്തുകിട്ടിയ തെരഞ്ഞെടുപ്പില്‍ കണക്കിന് പ്രഹരിക്കുകയും ചെയ്തു.
ഏതു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നെന്നാലും നിയമനിര്‍മാണ സഭകളില്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ശാക്തര്‍ ആന്റ് കൗള്‍ എന്ന പേരില്‍ പ്രത്യേക പെരുമാറ്റസംഹിത അംഗങ്ങള്‍ക്കായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതൊന്നും പക്ഷേ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ തെരുവു രീതിയിലായിരുന്നു മാണി വിരുദ്ധ പ്രതിഷേധം അന്ന് ഇടതുപക്ഷം കാഴ്ചവെച്ചത്. സ്വാഭാവികമായും സഭക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ സ്പീക്കര്‍ക്കാണ് ഉത്തരവാദിത്തമെന്നിരിക്കവെയാണ് അത്യപൂര്‍വ സംഭവമെന്ന നിലക്ക് കേസെടുക്കാന്‍ പൊതു താല്‍പര്യ പ്രകാരം അന്നത്തെ സര്‍ക്കാര്‍ തയ്യാറായത്. സി.പി.എമ്മിലെ വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി ജയരാജന്‍, സി.പി.എം സ്വതന്ത്രനും ഇപ്പോള്‍ മന്ത്രിയുമായ കെ.ടി ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നീ ആറു പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഏപ്രിലില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം 2016 മേയില്‍ അധികാരത്തിലെത്തിയശേഷം കേസില്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴാകട്ടെ കേസ് തന്നെ എഴുതിത്തള്ളാനുള്ള തീരുമാനത്തിലാണ് സര്‍ക്കാരെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. അഞ്ചു ലക്ഷം രൂപയുടെ പൊതു മുതലാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും വിവരാവകാശ കൂട്ടായ്മ നേതാവ് പീറ്റര്‍ ഞാലിപ്പറമ്പിലും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതി പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ബുധനാഴ്ച ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാനിരിക്കെ, സര്‍ക്കാര്‍ അഭിഭാഷക കേസ് പിന്‍വലിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും അത് വെറും സാങ്കേതികം മാത്രമാണെന്ന് വ്യക്തമാണ്. പ്രതികളിലൊരാളായ വി. ശിവന്‍കുട്ടി നല്‍കിയ കത്തു പ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ഒന്‍പതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ കോടതിയുടെ അനുമതി പ്രകാരം കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്. സി.ആര്‍.പി.സി 321-ാം വകുപ്പനുസരിച്ച് ഇതിനായി കോടതിയില്‍ സര്‍ക്കാര്‍ കത്ത് നല്‍കണം. ഏപ്രില്‍ 21നാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് സര്‍ക്കാരിനുവേണ്ടി കേസ് പിന്‍വലിക്കുന്നതായ ഉത്തരവ് ഹാജരാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാംവെച്ച് നോക്കുമ്പോള്‍ നിയമസഭക്കകത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ, ഏതാനും പേരെ പരിക്കേല്‍പിച്ച, അതിലുമെത്രയോ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ കേസ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വജനപക്ഷപാതത്താല്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കേരളവും രാജ്യത്തെ നീതിയും സമാധാനവും, സൈ്വര്യവും മാന്യതയുള്ളതുമായ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായവും നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരായ നിലപാടാവും സ്വീകരിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. കേസില്‍ പിഴയടക്കുകയോ തെറ്റുസമ്മതിച്ച് മാപ്പുപറയുകയോ പ്രതികള്‍ ഇതുവരെയും ചെയ്തിട്ടില്ല. പ്രതികളിലൊരാള്‍ ഇപ്പോള്‍ മന്ത്രിയാണെന്നത് കേസില്‍ അവിഹിത ഇടപെടലിനുള്ള സാധ്യതയും ആശങ്കപ്പെടുന്നുണ്ട്. മാത്രമല്ല, അന്ന് ആര്‍ക്കെതിരെയാണോ കോലാഹലമുണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെതന്നെ സ്വന്തം മുന്നണിയിലെടുക്കാന്‍ പിറകെ നടക്കുകയാണിന്ന് സി.പി.എം.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ജനാധിപത്യത്തില്‍ കടന്നുകൂടിയിരിക്കുന്നതുതന്നെ തല്‍ക്കാലത്തേക്കുള്ള അധികാരാരോഹണ മാര്‍ഗമെന്ന നിലക്കാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കപ്പെടുന്ന ജനപ്രതിനിധി സഭകളില്‍ ഏതറ്റംവരെയും പോകുമെന്ന് ഇവര്‍ ഇതിനകം പലതവണയായി തെളിയിച്ചിട്ടുമുണ്ട്. പ്രതിപക്ഷത്തിന് ക്രിയാത്മകമായ വിമര്‍ശനത്തിനുള്ള ഇടമായാണ് ജനപ്രതിനിധി സഭകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. അവിടെ നടക്കുന്ന വ്യവഹാരങ്ങളില്‍ സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനും ഭൂരിപക്ഷ പ്രകാരം അതംഗീകരിപ്പിക്കാനും നാനാവിധമുള്ള നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടായിരിക്കവെയാണ് സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള പേക്കൂത്ത് സഭയില്‍ അരങ്ങേറിയത്. ലോക്‌സഭയിലേതടക്കം രാജ്യത്തെ നിലവിലെ ജനപ്രതിനിധികളില്‍ 1581 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കായി പ്രത്യേക കോടതികള്‍ തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെ, അതുപോലുമില്ലാതെ കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ജനം സഹിക്കുമെന്ന് കരുതുക വയ്യ. അങ്ങനെ വന്നാലത് നമ്മുടെ മഹത്തായ ജനാധിപത്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനംകുത്തലാകും. ജനങ്ങളുടെ ജനാധിപത്യത്തിന്മേലുള്ള വിശ്വാസം തകരാനത് കാരണമാകും.