Connect with us

Video Stories

പിന്‍വിളി വിളിക്കാതെ

Published

on

എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല.
സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്‍പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത ‘യാത്രാമൊഴി’. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്‍. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്‍ തീവ്രമായി അനുഭവിപ്പിച്ച കവിതകള്‍ അധികമില്ലെന്നതുകൊണ്ട് തന്നെ ആത്മാര്‍ഥമായി ജീവിതത്തെയും പ്രണയത്തെയും കണ്ട തലമുറ പാടി നടന്നത് താരുണ്യം വിട്ടിട്ടില്ലാത്ത പ്രായത്തില്‍ ബാലചന്ദ്രന്‍ എഴുതിയ കവിതകളായിരുന്നു. ചോര ചാറിച്ചുവപ്പിച്ച പനിനീര്‍ പൂക്കളും പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളും തുടിക്കുന്ന തന്ത്രികളും അറിയാതെ പോയ ലോകത്തെക്കുറിച്ച് ചുള്ളിക്കാട് നാടലഞ്ഞ് പാടിയപ്പോള്‍ വരവേറ്റ പലര്‍ക്കും പ്രൈംടൈം സീരിയലിലെയും മൂന്നാംകിട സിനിമകളിലെയും വേഷപ്പകര്‍ച്ചകളെ സ്വീകരിക്കാനായില്ല.
അച്ഛന്റെ കാര്‍ക്കശ്യത്തിന് സലാം പറഞ്ഞ് തെരുവില്‍ അലഞ്ഞപ്പോഴും ആഗ്നേയ ദ്യുതി സൂക്ഷിച്ച ബാലചന്ദ്രന്‍ തനിക്ക് ശരിയെന്ന് തോന്നിയ ജീവിതം ജീവിക്കുകയാണ്. രാഷ്ട്രീയവും കലയും കവിതയും മദ്യവുമെല്ലാം കലര്‍ന്ന മഹാരാജാസിലെ കട്ട പ്രണയ പരിസരത്തുനിന്ന് പി.എസ്.സി എഴുതി ജയിച്ച് ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനാകാനും വിജയ ലക്ഷ്മിയുടെ ഭര്‍ത്താവാകാനും അപ്പുവിന്റെ അച്ഛനാകാനും കഴിഞ്ഞു. മാധവിക്കുട്ടിയുടൈ മതംമാറ്റം വിവാദമായപ്പോള്‍ ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിച്ചു. മലയാള ഭാഷാപഠനത്തോട് കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയോട് ഇപ്പോള്‍ നടത്തിയ പ്രതികരണം വിവാദമാകാതിരുന്നില്ല. ചിലര്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതികരണമായെടുത്തു, ചിലര്‍ ഭാഷാപഠനത്തില്‍ അക്ഷരങ്ങള്‍ ഉറപ്പിക്കേണ്ടതില്ല എന്ന ശൈലിയോടുള്ള എതിര്‍പായി കണ്ടു, ചിലര്‍ അതിനെ അധ്യാപകരെ അപമാനിക്കലായി ഗണിച്ചു…
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം ഗവേഷണ വിദ്യാര്‍ഥി ‘ആനന്തധാര’ ചൊല്ലാമോ എന്ന് ചോദിച്ചിടത്തുനിന്നാണ് ചുള്ളിക്കാട് തുടങ്ങിയത്. മറ്റൊരു ഗവേഷക വിദ്യാര്‍ഥി അയച്ചുകൊടുത്ത അഭിമുഖ ചോദ്യങ്ങളിലെ അക്ഷരപ്പിശാചുക്കളും ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ അക്ഷരമുറപ്പിക്കാത്ത ഈ പഠന സമ്പ്രദായത്തില്‍ എന്റെ കവിതകള്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഗൗനിക്കേണ്ടതില്ലെന്ന വിധത്തിലൊരു പഠനരീതി തൊണ്ണൂറുകളില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്. വ്യാകരണവും അക്ഷരങ്ങളും പ്രയോഗ മധ്യേ ശരിയായിക്കൊള്ളുമെന്ന തത്വത്തെ പ്രതിയാണ് ഇത് വന്നത്. അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ട ആദ്യത്തെ തലമുറയായിരിക്കണം ഇപ്പോള്‍ ഗവേഷകരായി വന്നിട്ടുണ്ടാവുക. അങ്ങനെത്തന്നെയാണ് ഇംഗ്ലീഷ് പഠനവും നടത്തിയതെങ്കിലും മലയാളത്തിലാണ് ‘അക്ഷരത്തെറ്റുകള്‍’ ക്ഷന്തവ്യമല്ലാത്തവിധം വളര്‍ന്നുവന്നിരിക്കുന്നത്. സ്വന്തം ഭാഷയോട് മലയാളി പുലര്‍ത്തുന്ന ഉദാസീനത ഇതിന് കാരണമായിട്ടുണ്ട്. ഡി.പി.ഇ.പി., ഗ്രേഡിങ് എന്നൊക്കെ പേരിട്ട പഠന രീതിക്ക് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. ഈയിടെ എന്‍. ശശിധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കളിയെഴുത്ത് എന്ന കഥ പ്രത്യക്ഷത്തില്‍ ഈ പഠനരീതിയോടുള്ള എതിര്‍പ്പായിരുന്നു.
ക്ഷരം ഇല്ലാത്തതെന്ന രീതിയിലാണ് അക്ഷരം എന്ന് പേരുണ്ടായതെങ്കിലും അക്ഷരത്തിന് ഇന്ന് പഴയ കാലത്തെ പ്രാധാന്യം അറിവിന്റെ ഉല്പാദനത്തിലില്ല. എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമാണ് അറിവിന് ആധാരമെന്ന സ്ഥിതി മാറി പകരം കാഴ്ച വന്നതുകൊണ്ടു തന്നെ അക്ഷരത്തിന് പഴയ ഗരിമ പുതിയ തലമുറക്ക് മുമ്പിലില്ല. അക്ഷരത്തിന് വിശുദ്ധി കല്പിക്കാത്തത് അതുകൊണ്ടാവണം. പണ്ടേ ശുദ്ധ ഉച്ചാരണവും എഴുത്തും വരേണ്യതയുടെ ഭാഗമായിരുന്നു. സംസ്‌കൃത പദ ബഹുലത കാവ്യശീലമാക്കിയ ചുള്ളിക്കാടിന് ‘ആനന്ദധാര’യെ ‘ആനന്തദാര’യാക്കാനാവില്ല. കാര്യം മനസ്സിലാകുന്നുണ്ടല്ലോ എന്ന് പുതുതലമുറ ന്യായീകരിക്കുമിവിടെ. ഭൂതായനം, ജീവിത തമോ വൃക്ഷം, ദിഗംബരജ്വലനം തുടങ്ങി അതുവരെയില്ലാത്ത പദച്ചേര്‍ച്ചകളുടെ ആഘോഷം കവിതയില്‍ കൊണ്ടുവന്ന ചുള്ളിക്കാട് പലപ്പോഴും ഭാഷയെ വരേണ്യമാക്കിത്തീര്‍ത്തിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ നന്ത്യാട്ട് കുന്നത്ത് ചുള്ളിക്കാട് കുടുംബത്തില്‍ കോള്‍കൊണ്ട കര്‍ക്കിടക രാത്രിയിലായിരുന്നു- 1957 ജൂലൈ 30- ബാലചന്ദ്രന്റെ ജനനം. മോഹന്‍ലാലും മമ്മൂട്ടിയും താരമാകുന്നതിന് മുമ്പ് താരമായ ചുള്ളിക്കാടിന് ഇപ്പോള്‍ ഷഷ്ഠിയായതേയുള്ളൂ. കുരുത്തക്കേട് കാട്ടി സ്‌കൂളില്‍നിന്ന് പുറത്തായി സ്‌കൂള്‍ മാറേണ്ടിവന്ന ബാലചന്ദ്രന്‍ മഹാരാജാസില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദമെടുത്തത്. അന്നേ കവിയായിരുന്നു. പത്രാധിപരായിരുന്ന സി.പി ശ്രീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീക്ഷണത്തില്‍ ജോലി നോക്കി. ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞ ആ ജീവിതം കുറേകാലം കവിതകള്‍ പാടി. സിനിമയില്‍ നടിച്ചു. കഥകള്‍ പറഞ്ഞു. അരവിന്ദന്റെ പോക്കുവെയിലിലെ നായകനായി. സിനിമയില്‍ പാട്ടുകാരനും ഗാനരചയിതാവും കഥാകാരനുമൊക്കെയായി. ജാലകം എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ബാലചന്ദ്രന്‍ ആണ്. എഴുതിയ കവിതയുടെ പേരില്‍ പുരസ്‌കാരം വാങ്ങില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ചുള്ളിക്കാടിന്റെ വാക്കുകള്‍ ‘വിദ്യാഭ്യാസ’ത്തിന് ശ്രദ്ധിക്കാതെ വയ്യ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending