ടി.എച്ച് ദാരിമി

നബി (സ) പറഞ്ഞു: ‘അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ നിന്റെ സഹോദരനെ സഹായിക്കുക’. അതുകേട്ടതും സ്വഹാബിമാരില്‍ ചിലര്‍ ആരാഞ്ഞു: ‘അക്രമിക്കപ്പെട്ടവനെ ഞങ്ങള്‍ സഹായിക്കും. എന്നാല്‍ അക്രമിയെ എങ്ങനെയാണ് സഹായിക്കുക?’. നബി (സ) പറഞ്ഞു: ‘അവന്റെ കൈക്ക് കടന്നുപിടിച്ചുകൊണ്ട് അവനെ തെറ്റില്‍ നിന്നും തടഞ്ഞു നിറുത്തലാണത്’ (ബുഖാരി). അക്രമം വ്യാപകമാകുന്നത് സമൂഹത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കും. അക്രമങ്ങള്‍ വ്യാപകമാവുന്നതിനനുസരിച്ച് മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോവുകയും ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം സംജാതമാവുകയും ചെയ്യും. ഹത്യകളും ഹനിക്കലുകളും വ്യാപകമായി മനുഷ്യകുലം ഒരു സജീവ യുദ്ധക്കളം തന്നെയായി മാറും. ഇത്തരം ദുരന്തങ്ങളെ ഒഴിവാക്കാന്‍ ഒരു ഉത്തമമായ ഉപദേശമാണ് മേല്‍ ഹദീസില്‍ പറഞ്ഞത്. തെറ്റു ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടത് ചെയ്യുക എന്നതാണത്. അതിന് പല മര്‍ഗങ്ങളുമുണ്ട്. കൈകൊണ്ടോ നാവുകൊണ്ടോ ആ തിന്മയെ തടയുക, ഉപദേശിക്കുക, ഗുണദോഷിക്കുക തുടങ്ങിയവയെല്ലാം അതിനുള്ള മാര്‍ഗങ്ങളാണ്. ഇവ കൊണ്ടൊക്കെ താല്‍ക്കാലികമായി ഒരു തെറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞു എന്നുവരാം. എന്നാല്‍ ആത്യന്തികമായ ഒരു പ്രതിരോധം സാധിക്കണമെന്നില്ല. അതുണ്ടാവണമെങ്കില്‍ കുറ്റം ചെയ്യുന്നവനില്‍ മാനസാന്തരമുണ്ടാകും വിധത്തിലുള്ള ഇടപെടലുകള്‍ തന്നെ ഉണ്ടാവണം. കുറ്റവാളിയോട് തികച്ചും മാന്യമായ സമീപനം പുലര്‍ത്തുക, അവനെ ശപിച്ച് അകറ്റാതിരിക്കുക തുടങ്ങിയവയാണ് ഇസ്‌ലാം അതിനായി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍.
ഒരാളെയും ശപിച്ച് അകറ്റരുത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പാഠം. അവര്‍ ചെയ്യുന്ന അക്രമത്തിന്റെയും അനീതിയുടെയും പേരില്‍ അവരെ ശകാരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് അവരെ കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് പ്രചോദിപ്പിക്കും. എന്നാല്‍ പരതിനോക്കിയാല്‍ അവരിലും ഉണ്ടാകും നന്മകള്‍. ഈ നന്മകളെ എടുത്തുപറഞ്ഞുകൊണ്ടും അതിന്റെ പേരില്‍ അവരെ പ്രകീര്‍ത്തിച്ചുകൊണ്ടും അവരെ പരിഗണിക്കുകയാണ് എങ്കില്‍ അവരെ അവരുടെ തെറ്റുകളില്‍ നിന്നും തിരിച്ചുകൊണ്ടു വരാന്‍ കഴിയും. അതുകൊണ്ടാണ് ഒരാളെയും ശപിച്ചകറ്റരുത് എന്ന് ഇസ്‌ലാം പറയുന്നത്. നബിയെയും ഇസ്‌ലാമിനെയും അനുയായികളെയും നിരന്തരമായി ശല്യം ചെയ്തിരുന്ന ചില സജീവ ശത്രുക്കള്‍ മദീനയിലുണ്ടായിരുന്നു. അവര്‍ക്കെതിരെ ശാപപ്രാര്‍ഥന ചെയ്യാന്‍ ചിലര്‍ നബിയോട് ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു: ‘ജനങ്ങളെ ശപിക്കുന്നവനായിട്ടല്ല, അവര്‍ക്ക് കാരുണ്യമായിട്ടാണ് എന്റെ നിയോഗം’ (മുസ്‌ലിം). അക്രമം കാണിക്കുന്നവരെ അവരുടെ നന്മകള്‍ മാത്രം കണ്ടും എടുത്തുപറഞ്ഞുമായിരുന്നു നബി (സ) പരിഗണിച്ചിരുന്നത്.
ഉമര്‍(റ)വിനെ തൊട്ട് ഇമാം ബുഖാരി ഉദ്ധരിച്ച ഒരു പ്രബലമായ ഹദീസില്‍ നബി (സ)യുടെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന അബ്ദുല്ല എന്നു പേരായ ഒരു സ്വഹാബിയെ കുറിച്ച് പറയുന്നുണ്ട്. നബി (സ)യോട് വലിയ സ്‌നേഹവും സാമീപ്യവുമെല്ലാം ഉണ്ടായിരുന്ന ഒരാളായിരുന്നു അയാള്‍. ഇടക്കിടക്ക് നബി (സ)യുടെ അടുത്തുവരികയും തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കുകയും ഒക്കെ ചെയ്യാറുള്ള ആളുമായിരുന്നു അബ്ദുല്ല. ഇതേ ആളെ കുറിച്ച് തന്നെ അദ്ദേഹം ഇടക്കിടക്ക് നബി തങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു എന്ന് മറ്റു ചില ഹദീസുകളിലും കാണാം. ഇദ്ദേഹം അവസാനം മദ്യത്തിന്റെ പിടിയില്‍ പെട്ടു. മദ്യപിച്ചതിന്റെ പേരില്‍ അയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. മദ്യപാനം ഒരു ആസ്‌കതിയാണല്ലോ. ശിക്ഷകള്‍ക്കൊന്നും ആ ആസക്തിയെ തടയാന്‍ കഴിഞ്ഞില്ല. വീണ്ടും അയാള്‍ മദ്യപാനം ചെയ്തു. പിടിക്കപ്പെടുകയും ശിക്ഷക്കു വിധേയനാവുകയും ചെയ്തു. പല തവണ ഇങ്ങനെ ശിക്ഷിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവേ, ഇയാളെ ശപിക്കേണമേ, എത്ര തവണയായി ഇയാള്‍ ഈ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നു..’. അതുകേട്ടതും നബി (സ) പറഞ്ഞു: ‘നിങ്ങള്‍ അയാളെ ശപിക്കരുത്, അല്ലാഹുവാണ് സത്യം. എനിക്കറിയാം, അയാള്‍ അല്ലാഹുവിനേയും റസൂലിനേയും സ്‌നേഹിക്കുന്നുണ്ട് എന്ന്’ (ബുഖാരി). മദ്യപാനം എന്ന വലിയ ഒരു തെറ്റിന്റെ മുമ്പിലും അയാളിലെ ദൈവ സ്‌നേഹം എന്ന ഗുണത്തെ നബി തങ്ങള്‍ എടുത്തു പറയുകയാണ്. അങ്ങനെ പറയുമ്പോഴായിരിക്കും അയാള്‍ക്ക് തെറ്റില്‍ നിന്നും പിന്നോട്ടു മാറുവാനുള്ള പ്രചോദനം ലഭിക്കുന്നത് എന്നാണ് നബി (സ)യുടെ കാഴ്ചപ്പാട്.
ജനങ്ങളുടെ ന്യൂനതകള്‍ ഇത്തരത്തില്‍ പറഞ്ഞുനടക്കുന്നതിനെ പ്രവാചകന്‍ (സ) ശക്തമായി അപലപിച്ചിട്ടുണ്ട്. മാഇസ് ബിന്‍ മാലിക് (റ) വിന്റെ സംഭവത്തില്‍ ഈ ഗൗരവം കാണാം. വ്യഭിചാരത്തില്‍ പെട്ടുപോയ ഒരു സ്വഹാബിയായിരുന്നു മാഇസ്. അദ്ദേഹം സ്വയം വന്ന് നബിയുടെ മുമ്പില്‍ വെച്ച് കുറ്റം ഏറ്റുപറയുകയായിരുന്നു. നബി(സ) അത് അവഗണിക്കാന്‍ ആദ്യമാദ്യമൊക്കെ ശ്രമിക്കുകയുണ്ടായി. ആര്‍ക്കും ഒരു കുറ്റമോ കുറവോ പറയാനില്ലാത്ത ഒരു സ്വഹാബിയായിരുന്നു മാഇസ്. പാരത്രികമായ ശിക്ഷയെ ഭയന്ന് മാഇസ് കുറ്റസമ്മതം നടത്തിയതോടെ അദ്ദേഹത്തെ ശിക്ഷിക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ കഴിയാത്ത സാഹചര്യം വന്നു. അങ്ങനെ അദ്ദേഹം എറിഞ്ഞുകൊല്ലപ്പെട്ടു. പിന്നീടൊരിക്കല്‍ മാഇസ് കൊല്ലപ്പെട്ട സ്ഥലത്തുകൂടി നബിയും ഏതാനും അനുയായികളും പോകാനിടയായി. മാഇസിന്റെ ഖബറിനടുത്തെത്തിയതും ഒരാള്‍ പറഞ്ഞു: ‘ഇയാള്‍ എന്തൊരു വിഡ്ഢിയാണ്, പല പ്രാവശ്യം അയാള്‍ നബിയുടെ അടുക്കല്‍ വന്നപ്പോഴെല്ലാം നബി അയാളെ തിരിച്ചയച്ചു. എന്നിട്ടും അയാള്‍ ഒരു നായ കൊല്ലപ്പെടും പോലെ കൊല്ലപ്പെട്ടു..’ അതുകേട്ടപ്പോള്‍ അപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കുറച്ചകലത്തെത്തിയപ്പോള്‍ അവിടെ ഒരു കഴുത ചത്തുമലച്ച് കാലുകള്‍ എഴുന്നു നില്‍ക്കുന്നതായി നബി (സ) കണ്ടു. അതു ചൂണ്ടിക്കാണിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ഇതു തിന്നുകൊള്ളുക’. അവര്‍ ആരാഞ്ഞു: ‘ഈ കഴുതയുടെ ശവമോ?’. നബി (സ) പറഞ്ഞു: ‘അതെ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ സഹോദരന്റെ അഭിമാനം ക്ഷതപ്പെടുത്തി പറഞ്ഞ വാക്കുകള്‍ ഈ കഴുതയുടെ ശവം തിന്നുന്നതിനേക്കാള്‍ ഗുരുതരമാണ്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം, നിശ്ചയം മാഇസ് ഇപ്പോള്‍ സ്വര്‍ഗത്തിന്റെ അരുവികളില്‍ നീന്തിത്തുടിക്കുകയാവും’ (ബുഖാരി, അദബുല്‍ മുഫ്‌റദ്)
പരദൂഷണം പറയുക, ഏഷണി പറയുക, അപവാദം പറയുക, കള്ളം പറയുക തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അതിന്റെ യുക്തികളിലൊന്ന് മറ്റുള്ളവരുടെ തിന്മകളില്‍ ഇടപെടുന്നു എന്നതാണ്. അവ വഴി മറ്റുള്ളവരെ മാനസികമായി ഇടിച്ചുതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നു എന്നതുമാണ്. എന്നാല്‍ ഈ പറഞ്ഞതിന്റെ അര്‍ഥം ജനങ്ങളുടെ കുറ്റങ്ങള്‍ പറയരുത് എന്നോ അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളരുത് എന്നോ അല്ല. തിന്മകളെ മാത്രം കാണുകയും നന്മകളെ കാണാതിരിക്കുകയും ചെയ്യരുത് എന്നു മാത്രമാണ്. വളരെ ഗുരുതരമല്ലാത്ത വിധത്തിലുള്ള തെറ്റുകളെ മറച്ചുപിടിക്കണം എന്നുവരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ‘ഒരു മുസ്‌ലിമിന്റെ കുറവ് ഒരാള്‍ മറച്ചുവെക്കുകയാണ് എങ്കില്‍ അല്ലാഹു ദുനിയാവിലും ആഖിറത്തിലും അവന്റെ കുറവുകള്‍ മറച്ചുവെക്കും’ എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം, അബൂ ദാവൂദ്) വ്യഭിചാരത്തിനു ഇസ്‌ലാമിക ശിക്ഷാനിയമം നല്‍കുന്ന ശിക്ഷ കടുത്തതാണ്. പക്ഷെ, അതിനു വ്യഭിചാരം നാലു സാക്ഷികള്‍ മുഖാന്തിരം കോടതിയില്‍ സ്ഥാപിക്കപ്പെടണം. ഇതു പറയുന്നതില്‍ നിന്നു തന്നെ നമുക്ക് ഗ്രഹിക്കാം, ഒരാളെ ശിക്ഷിക്കാനുള്ള വ്യഗ്രതയേക്കാള്‍ ഇസ്‌ലാമിന്റേത് ഒരാളെ ശിക്ഷിക്കാതിരിക്കാനാണ് എന്ന്. എന്നാല്‍ കോടതിയില്‍ നേരിട്ടു വന്ന് സത്യവാങ്മൂലം നല്‍കുമ്പോള്‍ ഇങ്ങനെ സാക്ഷികള്‍ വേണ്ടിവരില്ല. കാരണം ശിക്ഷ ഏറ്റുവാങ്ങാന്‍ അയാള്‍ മാനസികമായും ശാരീരികമായും തയ്യാറാണല്ലോ.
ഉദാത്തമായ സമീപനങ്ങള്‍ പിന്തുണ നേടിത്തരുന്നു. നബി(സ)യുടെ സമീപനങ്ങളുടെ വശ്യത കാരണം മാത്രം ഇസ്‌ലാമിലേക്ക് വന്ന പലരുടെയും ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. യമാമയിലെ ഭൂവുടമയായിരുന്ന സുമാമ അവരിലൊരാളായിരുന്നു. തടവുമുറിയുടെ ഉള്ളില്‍ വെച്ചായിരുന്നു അദ്ദേഹം ആ സൗന്ദര്യം കണ്ടത്.