കൊച്ചു കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന വ്യാപാരികളുടെ തൊഴില്‍സംരക്ഷണ കാര്യത്തില്‍ ഇനിയും അനുയോജ്യമായ നടപടികള്‍ ഉണ്ടാവാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. അടിക്കടിയെത്തുന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അക്രമിക്കപ്പെട്ടത് വ്യാപാരസ്ഥാപനങ്ങളായതിനാല്‍ ഏതൊരു പ്രതിഷേധത്തിനും ആദ്യം ഇരയാവുന്നതും ഇവരാണ്. ഉപജീവനത്തിന് സ്വന്തമായൊരു സംരംഭം എന്ന നിലയില്‍ പ്രാരാബ്ധങ്ങളും പ്രയാസങ്ങളും തരണം ചെയ്ത് നാടിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന ഈ കൂട്ടര്‍ക്ക് ഓരോ ഹര്‍ത്താലും നല്‍കുന്നത് നികത്താനാവാത്ത സാമ്പത്തിക നഷ്ടങ്ങളാണ് എന്നത് വസ്തുതയാണ്.
ശബരിമലയില്‍ യൂവതി പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലും നഷ്ടക്കണക്ക് നിരത്താനുള്ളത് വ്യാപാരികള്‍ക്കാണ്. ശബരിമലവിഷയത്തില്‍ തന്നെ സംസ്ഥാന പ്രാദേശിക ഹര്‍ത്താല്‍ അടക്കം ആറോളം ഹര്‍ത്താലുകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതിലുണ്ടായ സാമ്പത്തിക നഷ്ടം മാത്രം 6000 കോടി രൂപ വരുമെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് വ്യാപാര വ്യവസായ മേഖല. 10 ലക്ഷത്തിലധികം പേര്‍ നേരിട്ട് ജോലി ചെയ്യുന്ന ഈ മേഖലയില്‍ ഒരു ദിവസത്തെ വരുമാനം തന്നെ കോടികളാണ്. ഇത് മുടങ്ങുന്നുവെന്ന് മാത്രമല്ല സര്‍ക്കാറിലേക്ക് വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട കോടികളും നഷ്ടമാവുന്നു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തു വിട്ട കണക്കു പ്രകാരം ഹര്‍ത്താല്‍ മൂലം ഒരു ദിവസം 2000 കോടിയുടെ നഷ്ടമാണ് വ്യാപാര വ്യവസായ മേഖലയിലുണ്ടാവുന്നത്. സ്‌പെഷല്‍ ഇക്കണോമിക് സോണില്‍ ഒരു ദിവസത്തെ നഷ്ടം 100 കോടിയാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 900 കോടിയാണ് നഷ്ടമാവുന്നത്. ലക്ഷക്കണക്കിനു പേരുടെ ഉപജീവന ആശ്രയമായ ഭാഗ്യക്കുറി വില്‍പ്പനയില്‍ കണക്കു പ്രകാരം ഒരു ദിവസം 10 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. 3 ലക്ഷം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്. സാമ്പത്തിക വളര്‍ച്ചയില്‍ 1500 കോടി രൂപയുടെ കുറവ് വരുത്തുന്ന ഓരോ ഹര്‍ത്താലും വിനോദ സഞ്ചാര മേഖലയില്‍ 100 കോടിയുടെ നഷ്ടമാണുണ്ടാക്കുന്നത്. കേരളത്തില്‍ ദിവസവും രണ്ടായിരം വിദേശികള്‍ എത്തുന്നുവെന്ന കണക്കുപ്രകാരമാണിത്. സംസ്ഥാന ത്തിന്റെ മുഖ്യ വരുമാന സ്രോതസായ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ആയിരക്കണക്കിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കഴിയുന്നുണ്ട്.
സര്‍ക്കാറിനാവട്ടെ നികുതി വരുമാനത്തില്‍ മാത്രം 128 കോടിയുടെ കുറവാണുണ്ടാവുന്നത്. ഹര്‍ത്താല്‍ ദിനം ജോലിക്ക് ഹാജറാവുന്നില്ലെങ്കിലും ശമ്പളം നിഷേധിക്കാത്തതിനാല്‍ 84 കോടി രൂപ നല്‍കേണ്ടിവരുന്നു. ജി.എസ്.ടിയും പ്രളയവും മലബാറില്‍ നിപയും ഉണ്ടാക്കിയ വ്യാപാരമാന്ദ്യം മറികടക്കാന്‍ വഴികള്‍ തേടുന്ന വ്യാപാരികള്‍ക്ക് അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലുകള്‍ ഇരുട്ടടിയാവുക മാത്രമല്ല മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമാവുകയും ചെയ്യുകയാണ്. ഇതില്‍ നിന്നും മോചനം തേടി വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ സമാനമനസ്‌ക്കരായ സംഘടനകളെ യോജിപ്പിച്ച് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി രൂപീകരിച്ചെങ്കിലും ഉടനെയെത്തിയ ഹര്‍ത്താലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കടകള്‍ തുറക്കുമെന്ന പ്രസ്താവന പ്രകോപനമായി കണ്ട ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്കു നേരെ വ്യാപക അക്രമം അഴിച്ചുവിട്ടതോടെ സാധാരണത്തേതിലും വലിയ നഷ്ടമാണ് ഇത്തവണയുണ്ടായത്. കടകള്‍ അടച്ചിടുന്നതോടെ ബസ്സുകളും ഓട്ടംനിര്‍ത്തുന്നതിനാല്‍ ഹര്‍ത്താലില്‍ കേരളം സ്തംഭിക്കുന്ന അവസ്ഥയാണ്.
ലക്ഷങ്ങള്‍ വായ്പയെടുത്തും മറ്റു രീതികളില്‍ സമാഹരിച്ചും ആരംഭിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുതന്നെ പ്രയാസപ്പെടുമ്പോള്‍ അവരെ സഹായിക്കാനുള്ള പദ്ധതികള്‍ തുലോം കുറവാണ്. ദിവസവും വന്‍തുക വായ്പാ തിരിച്ചടവിനും ശമ്പളത്തിനും ചരക്കുവിനിമയത്തിനും മാറ്റിവെക്കേണ്ട ഇക്കൂട്ടര്‍ ഹര്‍ത്താല്‍ മൂലം ഒരു ദിവസത്തെ തൊഴില്‍ദിനം നഷ്ടമാവുമ്പോള്‍ പാടെ താളംതെറ്റുകയാണ്. ആ നഷ്ടം നികത്താന്‍ മറ്റൊരു സമയം ലഭിക്കാത്തതിനാലും നശിച്ചുപോകുന്നവയുടെ ബാധ്യത നഷ്ടപ്പട്ടികയുടെ വലുപ്പം കൂട്ടുന്നതിനാലും പ്രതിസന്ധിയുടെ ആഴം കൂടുകയാണ്. ഇങ്ങനെയൊക്കെയായിട്ടും അതിജീവനത്തിന്റെ ശക്തിയില്‍ ഓരോ തവണയും ഇക്കൂട്ടര്‍ തിരിച്ചുവരുന്നത് അത്ഭുതമാണ്. അവരോട് വീണ്ടും അതിക്രമം കാണിക്കുന്നത് മനുഷ്യത്വപരമല്ല എന്ന് തിരിച്ചറിയണം. കച്ചവടവരുമാനത്തില്‍ നിന്ന് ഒരു വിഭാഗം സംഭാവനയായും ഒരു വിഭാഗം ജീവകാരുണ്യത്തിനും നല്‍കുന്ന ഇവര്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ മഹത്തായ ഇടപെടലാണ് നടത്തുന്നത് എന്ന സത്യം അംഗീകരിക്കപ്പെടണം. 18 മണിക്കൂറിലധികം ജോലിയില്‍ സജീവമായിരിക്കുന്ന ഇങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ ക്ഷേമത്തിനും സ്വതന്ത്രമായ വ്യാപാരത്തിനും അനുഗുണമാവുന്ന തരത്തില്‍ നിയമനിര്‍മാണം ഉണ്ടാക്കാന്‍ അടിയന്തര ശ്രദ്ധയുണ്ടാവേണ്ടതുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം പോലെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവും പൗരന് അനുവദിച്ചിട്ടുള്ളതാണെന്ന് തിരിച്ചറിയണം. കടതുറക്കാനും തുറക്കാതിരുക്കാനുമുള്ള അവകാശം കച്ചവടക്കാരന് നല്‍കണം. അതിന് നിയമസംവിധാനങ്ങളുടെ കാവലുണ്ടാവണം. തിരിച്ചു പിടിക്കാനാവാത്ത നഷ്ടങ്ങളെ ഇല്ലാതാക്കാനും സമൂഹത്തിലെ പ്രബല തൊഴില്‍ രംഗത്തെ രക്ഷിക്കാനും ഇനി നിയമവഴിയില്ലാതെ മാര്‍ഗമില്ലെന്ന് വരുന്നത് പരിഷ്‌കൃത സമൂഹത്തിന് അലങ്കാരമല്ല.
കടകള്‍ തുറക്കുന്നവര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നല്ലാതെ ഫലപ്രദമായി ഇടപെടാന്‍ സംവിധാനമൊരുക്കാത്തത് നഷ്ടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. ഹര്‍ത്താലിന്റെ പേരില്‍ വ്യാപാരമേഖല അടച്ചിടുന്നതിനെതിരെ വ്യാപാര വ്യവസായ സംഘടനകള്‍ രംഗത്തുവന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണയണ് വേണ്ടത്. നഷ്ടമല്ലാതെ ഒരു ലാഭവും ഉണ്ടാക്കാത്ത ഇത്തരം പ്രതിഷേധ രീതികളില്‍ നിന്ന് മാറി ജനാഭിമുഖ്യമുള്ള രീതികള്‍ പരീക്ഷിക്കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശവും ചര്‍ച്ചയാവണം. ഹര്‍ത്താലിലുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള കണക്കെടുപ്പുകള്‍ക്കുശേഷം നിയമനടപടി സ്വീകരിക്കാനും അതുവഴി നഷ്ടപരിഹാരം ലഭ്യമാക്കാനും സമൂഹത്തിന്റെ ഇടപെടലുണ്ടാവണം. ഹര്‍ത്താലിലുണ്ടാവുന്ന നഷ്ടത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടന ഉത്തരവാദിയാണെന്ന ഹൈക്കോടതി നിരീക്ഷണം പ്രാവര്‍ത്തികമാക്കുന്ന തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടം അക്രമികളില്‍നിന്ന് ഈടാക്കാന്‍ നടപടിയുണ്ടാവണം. പൊതുമുതല്‍ നശീകരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം വ്യാപാരികള്‍ക്ക് ലഭ്യമാക്കാന്‍ പറ്റുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാറാണ് തയ്യാറാവേണ്ടത്.