ചാമ്പലില്‍നിന്നുയര്‍ന്നു പറക്കുന്ന ഫീനിക്‌സ് പറവയെ അനുസ്മരിപ്പിക്കുകയാണ് കരിപ്പൂര്‍. പ്രതിവര്‍ഷം ലക്ഷംകോടി രൂപയുടെ വിദേശനാണ്യം കേരളത്തിലേക്ക് എത്തിച്ചുതരുന്ന മലയാളിയുടെ പ്രവാസവഴിയിലെ വര്‍ണച്ചിറകടി വീണ്ടും കരിപ്പൂരിന്റെ ആകാശത്ത് ഉയരുന്നു. ഇന്ന് രാവിലെ 11ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പച്ചക്കൊടി വീശുന്നതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വലിയ യാത്രാവിമാനങ്ങളുടെ പുനര്‍സേവനത്തിന് തുടക്കംകുറിക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിയുന്നത് കാണാം. മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന വലിയ വിമാന സര്‍വീസുകള്‍ക്ക് കരിപ്പൂര്‍ വീണ്ടും ആതിഥ്യമരുളുമ്പോള്‍ ദീര്‍ഘനിശ്വാസം വിടുകയാണ് പ്രവാസികളായ മലയാളികള്‍ ബഹുഭൂരിപക്ഷവും. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനവും ആശ്രയിച്ചുവന്നിരുന്ന സേവനമാണ് ഒറ്റയടിക്ക് റണ്‍വേ വികസനമെന്ന പേരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദു ചെയ്തത്. ദിനംപ്രതി ആയിരകണക്കിന് മലയാളികളെയും സഞ്ചാരികളെയും കേരളത്തിലേക്കും തിരിച്ച് ഗള്‍ഫ് ഉള്‍പ്പെടെയുള്ള നാടുകളിലേക്കും വഹിച്ചുകൊണ്ടുചെന്ന വിമാനങ്ങള്‍ തിരിച്ചുവരുന്നതിന് പങ്കുവഹിച്ച ജനപ്രതിനിധികളെയും പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളുമായി കാവല്‍നിന്ന മലയാളികളെയും ഇത്തരുണത്തില്‍ അകമഴിഞ്ഞ് പ്രശംസിക്കാം.
ബുധനാഴ്ച പുലര്‍ച്ചെ 3.10ന ്ജിദ്ദയില്‍നിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ 298 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 330-300 ബോയിങ് വിമാനമാണ് ആദ്യപടിയായി കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്നത്. ഇവര്‍ ജിദ്ദയിലേക്കും റിയാദിലേക്കും ഈ മാസം ആകെ ഏഴു സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയും എമിറേറ്റ്‌സും വലിയ വിമാനങ്ങളുടെ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ കരിപ്പൂരില്‍നിന്ന് സഊദിയിലെ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി പോയിരുന്ന ആയിരങ്ങള്‍ക്ക്കൂടി ആശ്വാസമായിരിക്കുകയാണ് പുതിയ തീരുമാനം. 1998 ഏപ്രില്‍ 13ന് വിഷുക്കണിയായി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന് ഏറെ സമ്മര്‍ദത്തെതുടര്‍ന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അതിന്റെ പഴയ പ്രൗഢി തിരിച്ചുതന്നിരിക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിലച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് ഒരു വര്‍ഷത്തിനകം തിരിച്ചുവരുമെന്ന് കരുതിയയിടത്ത് നാലുവര്‍ഷത്തോളമാണ് നീണ്ടുപോയത്. മുന്‍ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദിന്റെ പരിശ്രമത്താല്‍ അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ന്ന കരിപ്പൂരിന്റെ പ്രൗഢിയെ തകര്‍ക്കാന്‍ ദുരാരോപണങ്ങളായി ചില ലോബികള്‍ കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ മൂന്നു വര്‍ഷമാണ് കൊച്ചിയില്‍നിന്ന് ഹജ്ജ് സര്‍വീസ് നടത്തിയത്. കൂടുതല്‍ ഹജ്ജാജിമാരും ഉത്തര കേരളത്തില്‍നിന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കായില്ല. ഫലത്തില്‍ പ്രായമേറിയ നിരവധി തീര്‍ത്ഥാടകരും കുടുംബങ്ങളുമാണ് വലിയ ബുദ്ധിമുട്ട് അനുഭവിച്ചത്. മംഗലാപുരത്ത് വിമാനാപകടം ഉണ്ടായതിനെതുടര്‍ന്ന് അക്കാരണം പറഞ്ഞാണ് പഴയ മലബാര്‍ സംസ്ഥാനത്തിന്റെ ചിറകായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി അധികൃതര്‍ വലിയ വിമാനങ്ങള്‍ 2015 മെയ് ഒന്നിന് നിര്‍ത്തിവെച്ചത്. ഇതോടെ സഊദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ യാത്ര തടസ്സപ്പെട്ടു. കണ്ണൂര്‍ മുതല്‍ മലപ്പുറം വരെയുള്ള യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ക്കപ്പുറത്തെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിക്കേണ്ടിവന്നു. കോടിക്കണക്കിന് രൂപയുടെ വരുമാനം കരിപ്പൂരിന് നഷ്ടമായി. കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി തൊഴിലുകള്‍ നഷ്ടമായി. ചരക്കുകടത്ത് നിലച്ചതോടെ വ്യാപാരികള്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെയുള്ളവര്‍ക്ക് വലിയ വരുമാന നഷ്ടം നേരിട്ടു. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന വിമാനത്താവളത്തില്‍ ആഭ്യന്തരസര്‍വീസുകള്‍ക്ക് വരുന്നവരെമാത്രം കൊണ്ട് വിജനപ്രതീതിയുണ്ടായി. ഓട്ടോ,ടാക്‌സി, കയറ്റിറക്ക് തൊഴിലാളികളെയും അവരെ ആശ്രയിച്ചു കഴിയുന്ന അനേകായിരം കുടുംബങ്ങളെയും ഇത് ബാധിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍, ഈയിടെ അന്തരിച്ച എം.ഐ ഷാനവാസ് തുടങ്ങിയ എം.പിമാര്‍ നടത്തിയ അശ്രാന്തപരിശ്രമത്തിന്റെയും കേന്ദ്രമന്ത്രിമാര്‍, ഉന്നത വകുപ്പുദ്യോഗസ്ഥര്‍ അടക്കമുള്ളവരില്‍ നടത്തിയ സമ്മര്‍ദത്തിന്റെയും ഫലമായാണ് വൈകിയെങ്കിലും കരിപ്പൂരിന്റെ എന്നെന്നേക്കുമായി അറിയപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന ആകാശച്ചിറക് തിരിച്ചുപിടിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും കെ.എം.സി.സികളുടെയും പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും അഹോരാത്ര പരിദേവനങ്ങളും പ്രതിഷേധങ്ങളും ഈ പുനരുജ്ജീവനത്തിന് സഹായകമായിട്ടുണ്ട്. തൊട്ടടുത്ത കണ്ണൂരില്‍ മറ്റൊരു വിമാനത്താവളത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അതിനെതിരെ നിലകൊണ്ടവര്‍ കരിപ്പൂരിന്റെയും ചിറക് വിടരുതെന്ന് ആഗ്രഹിച്ചതും വൈകലിന് കാരണമായിട്ടുണ്ട്. കണ്ണൂരിന്റെ ചിറകിന്റെ അവകാശികളായി ഇപ്പോള്‍ മിനുങ്ങിയിറങ്ങിയവരെക്കുറിച്ച് ജനത്തിന് നല്ല ബോധ്യമുണ്ടുതാനും. ആഗസ്റ്റിലെ മഹാപ്രളയകാലത്ത് താഴ്ന്ന പ്രദേശത്തുള്ള കൊച്ചി വിമാനത്താവളം മൂന്നാഴ്ചയോളം അടച്ചിടേണ്ടിവന്നപ്പോള്‍ കരിപ്പൂരിനെയാണ് പലര്‍ക്കും ആശ്രയിക്കേണ്ടിവന്നത്.
വിദേശങ്ങളിലെ സ്വദേശീയതാവാദത്തെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ കൂലങ്കഷമായ വിചിന്തനങ്ങള്‍ക്ക് വേദിയാകുന്ന ഇക്കാലത്ത് മലബാര്‍ പോലെ ഇന്നും കേരളത്തില്‍ താരതമ്യേന വികസ്വരമായി കഴിയുന്ന പ്രദേശത്തെയും അവിടുത്തെ നിസ്വരായ ജനതയെയും ഇകഴ്ത്തുന്നതും അവരുടെ ജീവിതത്തെ പ്രയാസപ്പെടുത്തുന്നതുമായൊരു തീരുമാനവും കാലത്തിന്റെ കാരിരുമ്പഴിക്കുള്ളില്‍ ഒതുങ്ങില്ലെന്നുള്ള ഉറച്ച വിളംബരം കൂടിയാണ് കരിപ്പൂരിന്റെ തിരിച്ചുവരുന്ന പ്രതാപം. ഇവിടെ വന്നിറങ്ങുന്നത് രമ്യഹര്‍മങ്ങളില്‍ കഴിയുന്ന പ്രഭുക്കളല്ലെന്നും രാപകല്‍ ഭേദമന്യെമണലരണ്യത്തില്‍ കുടുംബത്തിനും നാടിനുംവേണ്ടി ഒഴുക്കുന്ന വിയര്‍പ്പുതുള്ളികള്‍ മണക്കുന്ന ബാഗുകളുമായി വരുന്ന സാധാരണക്കാരാണെന്നും തിരിച്ചറിയാന്‍ ഇനിയെങ്കിലും വൈകരുത്. 1970കള്‍ക്കുമുമ്പേ ഉരുവിലും കപ്പലിലും പിന്നീട് മുംബൈയില്‍നിന്ന് വിമാനത്തിലുമൊക്കെയായി ഗള്‍ഫ്‌നാടുകളില്‍ ചെന്ന ്എല്ലു നീരാക്കിയ മനുഷ്യരുടെ പുതുതലമറയാണ് ഇന്നും സ്വന്തം നാട്ടിലെ തൊഴിലവസരങ്ങളുടെ അഭാവത്താല്‍ വീണ്ടും വിമാനം കയറേണ്ടിവരുന്നത്. ഈ നാടിന്റെയും ജനങ്ങളുടെയും സ്വസ്ഥതാപൂര്‍ണവും ക്ഷേമൈശ്വര്യഭരിതവുമായ ജീവിതത്തിന് വെള്ളക്കോളര്‍ ജീവികളുടെ ഒരുവിധ ചുവപ്പുനാടകളും തടസ്സമായിക്കൂടാ. പ്രവാസത്തിന്റെ ചുമട് വഹിക്കുന്ന ആ സമൂഹമില്ലാതെ ഈ നാടുതന്നെയും ഉണ്ടാവില്ലെന്നോര്‍ക്കുക. കാരണം അതിജീവനശേഷിയുള്ള ഫീനിക്‌സ് പക്ഷികയാണ് ശരാശരി മലയാളി, വിശേഷിച്ചും അറബികള്‍ ‘മലബാറികള്‍’എന്നുവിളിക്കുന്ന ഉത്തരകേരള ജനത.