ഡോ. ഹുസൈന്‍ മടവൂര്‍

വിശ്വാസികളുടെ മനസ്സില്‍ പുണ്യപ്രതീക്ഷയുടെ പുതുവസന്തമായി വിശുദ്ധ റമസാന്‍ വീണ്ടുമെത്തുന്നു. ചെറു നന്മകള്‍ക്ക് പോലും അതീവ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചും നിസ്സാര വീഴ്ചകളില്‍ നിന്ന് പോലും ജാഗ്രത പുലര്‍ത്തിയും മുസ്‌ലിംകള്‍ ഈ പുണ്യ ദിനങ്ങളെ ധന്യമാക്കുന്നു. നോമ്പനുഷ്ഠാനം പോലെ തന്നെ പ്രധാനമാണ് നോമ്പനുഷ്ഠിച്ചവരെ നോമ്പ് തുറപ്പിക്കലും. പരസപര സ്‌നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കലും അകല്‍ച്ചകള്‍ക്കും വിദ്വേഷങ്ങള്‍ക്കുമുള്ള പഴുതടക്കലുമെല്ലാം വലിയ നന്മ തന്നെ. ഇഫ്താര്‍ സംഗമങ്ങള്‍ സമൂഹത്തില്‍ ഇത്രയേറേ വ്യാപകമായതിനു പിന്നിലെ പ്രചോദനവും ഈ വസ്തുതകളാണ്.
എന്നാല്‍, ഇയ്യിടെയായി ഇഫ്താര്‍ സംഗമങ്ങള്‍ ലക്ഷ്യം വിടുന്നോ എന്ന് സഗൗരവം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. റമസാനിന്റെ ചൈതന്യത്തിന് പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള ഒരു കേവലാഘോഷ ചടങ്ങായി ഇത്തരം സംഗമങ്ങള്‍ മാറുന്നുണ്ടോ എന്ന് പഠന വിധേയമാക്കേണ്ടതുണ്ട്. പാരിസ്ഥിതിക ഭീഷണികളും ആരോഗ്യ പ്രശ്‌നങ്ങളും ധൂര്‍ത്തും ആരാധനകള്‍ക്കുള്ള സമയ നഷ്ടവും പൊങ്ങച്ച മത്സരങ്ങളുമൊക്കെയായി മഹത്തായ ഇഫ്താര്‍ സംഗമങ്ങള്‍ അധ:പതിച്ചു കൂട.
ഇഫ്താര്‍ സംഗമങ്ങളുടെ ഭാഗമായി ഉണ്ടാവാറുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക യോഗം ചര്‍ച്ച ചെയ്തിരുന്നു. മുസ്‌ലിം സംഘടനാ പ്രതിനിധികളും മഹല്ല് ഭാരവാഹികളുമായിരുന്നു അതിലെ ക്ഷണിതാക്കള്‍. ശുചിത്വ മിഷന്‍, ഹരിത കേരളം പദ്ധതികളുടെ പ്രധാന ഉേദ്യാഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഇത്തവണ മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ ജൈവ സൗഹൃദങ്ങളായ പാത്രങ്ങളും മറ്റും ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഡിസ്‌പോസിബ്ള്‍ പാത്രങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണമെന്നുമായിരുന്നു ആ കൂട്ടായ്മയുടെ മുഖ്യ നിര്‍ദ്ദേശം. മണ്ണ് കൊണ്ടും ഇലകളും പാളകളും കൊണ്ടുമുള്ള പാത്രങ്ങളും സ്റ്റീല്‍ പാത്രങ്ങളുമൊക്കെ ഉപയോഗിക്കുക. വളരെ നല്ലൊരു തീരുമാനമായിരുന്നുഇത്. ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയകരമായി നടത്തിയ ആഹ്വാനം ഏറെ ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണ്.
ഇഫ്താറുകളിലെ ധൂര്‍ത്താണ് മറ്റൊരു വിഷയം. മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ വക്താക്കള്‍ മിതത്വവും സംയമനവും പരിശീലിക്കപ്പെടുകകൂടി ചെയ്യുന്ന അവരുടെ ഒരു മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ് ധൂര്‍ത്തിന്റെയും അമിതച്ചിലവിന്റെയും പൊങ്ങച്ചത്തിന്റെയും മേളകളാവുന്നത് മതത്തെ തെറ്റിധരിക്കാന്‍ വരെ കാരണമാവുമെന്ന് ഗൗരവത്തോടെ മനസ്സിലാക്കണം.
ഒരു പ്രദേശത്ത് തന്നെ വിവിധ സംഘടനകള്‍ വിവിധ ദിവസങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് മൂലം സംഘടനാ ഭാരവാഹികളും നേതൃത്വത്തിലുള്ളവരും മിക്കവാറും ദിവസം വീട്ടില്‍ അവരുടെ മക്കളോടൊപ്പം നോമ്പ് തുറക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ആരാധനകള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട ധാരാളം സമയങ്ങളും ഇതുവഴി പാഴായിപ്പോവുന്നു. ഇത് പരിഹരിക്കാവുന്നതേയുള്ളൂ. ഒരു പ്രദേശത്ത് വിവിധ സംഘടനകള്‍ വേറെവേറെ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നതിനു പകരം എല്ലാവരും കൂടി ഒരൊറ്റ പാര്‍ട്ടി നടത്തുക. ഇനി, ഇഫ്താര്‍ സംഗമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകേളെതെന്ന് ആളുകളറിയണമെങ്കില്‍ അത്തരം കാര്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചാലും മതി. സാമ്പത്തിക ചിലവും ശാരീരികാധ്വാനവും സമയ നഷ്ടവും എല്ലാം ഇതുവഴി ഏറെ ലാഭിക്കാനാവും. ഈ ആശയത്തിന്റെ പ്രയോഗവത്കരണത്തിന്റെ ഒരു പ്രാഥമിക ചുവടുവെപ്പെങ്കിലും ഇത്തവണത്തെ റമസാനില്‍ ആരംഭിക്കാനാവുമോ എന്ന ആലോചനയുണ്ടാവണം. നോമ്പ് തുറക്കും അത്താഴത്തിനുമൊക്കെ അനാരോഗ്യകരവും അശാസ്ത്രീയവുമായ ആഹാരങ്ങളുപേക്ഷിച്ച്, നോമ്പെടുത്ത മനുഷ്യന് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണ സംസ്‌കാരം ശീലിക്കണം. വിശന്ന വയറ്റില്‍ ബിരിയാണിയും നെയ്‌ച്ചോറും കരിച്ചതും ഒക്കെ ദോഷമുണ്ടാക്കുമെന്ന് എല്ലാ വൈദ്യ ശാസ്ത്ര ശാഖകളിലുള്ളവരും പറയുന്നു. പഴങ്ങളും ദോഷമില്ലാത്ത പാനീയങ്ങളും വളരെ ലളിതമായ ആഹാരങ്ങളുമാണ് അത്യുത്തമം.
നോമ്പ് സംസ്‌കരണത്തിനുള്ളതാണ്, സദ്ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ളതാണ്, സഹനവും ക്ഷമയും സഹിഷ്ണുതയും അഭ്യസിക്കാനുള്ളതാണ്, സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് നേരെ മനസ്സിനെ ആര്‍ദ്രമാക്കാനുള്ളതാണ്. സര്‍വോപരി ജീവിത വിജയത്തിലേക്കുള്ള റയ്യാന്‍ കവാടമാണ്. അര്‍ത്ഥത്തിലും ആശയത്തിലും നോമ്പിന്റെ ഗുണാംശങ്ങള്‍ ആത്മാവിനെയും ജീവിതത്തെയും സംസ്‌കാരത്തെയും ശൈലികളെയും സമീപനങ്ങളെയും ആരോഗ്യത്തെയും സ്വഭാവത്തെയും സംസ്‌കരിക്കുന്നതാവട്ടെ. അതിനായി നിഷ്‌കളങ്ക മനസ്സോടെ ഒരുങ്ങിയിറങ്ങാം. നാഥന്‍ അനുഗ്രഹിക്കട്ടെ.