എ.എ വഹാബ്

ജീവിതം ഒരു പാഴ് വേലയല്ല. സര്‍വജ്ഞനും മഹായുക്തിമാനുമായ സ്രഷ്ടാവിന്റെ സോദ്ദേശ പദ്ധതിയാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സര്‍വശക്തനായ അല്ലാഹുവാണ്. ഭൗതിക ലോക ജീവിതകാലം സമയ ബന്ധിതമാണ്. അനന്തമായ ഒരു പാരത്രികലോക ജീവിതം പിറകെ വരാനുണ്ട്. ഇരു ലോകത്തും ജീവിത വിജയം നേടാന്‍ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനോപദേശങ്ങള്‍ നല്‍കുന്നത് അല്ലാഹു സ്വന്തം ബാധ്യതയായി എടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വര്‍ഷത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടായി നിജപ്പെടുത്തിയത് അല്ലാഹുവാണ്. അതില്‍ മാര്‍ഗദര്‍ശനത്തിനായി തെരഞ്ഞെടുത്തത് റമസാന്‍ മാസത്തെയാണ്. അനുഗ്രഹീതമായ ആ മാസം സമാഗതമാവുകയാണ്. സല്‍കര്‍മ്മങ്ങള്‍ക്ക് വളരെയേറെ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസം. പാപക്കറകള്‍ കഴുകിക്കളയാനും ജീവിതം സംശുദ്ധമാക്കി വിജയവീഥിയിലെത്തിക്കാനും ഇത്രയേറെ സൗകര്യം നല്‍കപ്പെട്ടിട്ടുള്ള മറ്റൊരു മാസമില്ല. റമസാനില്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താത്തവന്‍ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനാണ്.
മനുഷ്യന് അല്ലാഹു നല്‍കിയ ധാരാളം ഉപദേശങ്ങളെ ചുരുക്കി മൂന്നാക്കി സൂറത്തുല്‍ ഹശ്‌റിലൂടെ അവതരിപ്പിക്കുന്നതാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ‘സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍. ഓരോരുത്തരും തങ്ങള്‍ നാളേക്കു വേണ്ടി ചെയ്തത് എന്താണെന്ന് നോക്കുക. അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവീന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹുവിനെ മറന്നതിനാല്‍ തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെ പോലെ നിങ്ങള്‍ ആകരുത്. അവരാണ് ധിക്കാരികള്‍. നരകവാസികളും സ്വര്‍ഗവാസികളും ഒരു പോലെയല്ല. സ്വര്‍ഗവാസികള്‍ തന്നെയാണ് വിജയികള്‍ (വിശുദ്ധ ഖുര്‍ആന്‍ 59:18-20)’ സ്‌നേഹമസൃണമായി സത്യവിശ്വാസികളെ എന്ന് വിളിച്ചുകൊണ്ട് അനുസരണയുള്ള അടിമകളോട് അല്ലാഹു പറയുന്നു, തഖ്‌വ ഉള്ളവരാകാന്‍. തഖ്‌വ എന്നത് ഒരു മാനസികാവസ്ഥയാണ്. മനസ്സിനെ സദാസമയവും അല്ലാഹുവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന അവസ്ഥ. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് തന്നില്‍ നിന്ന് സംഭവിക്കുന്നതിനെതിരെയുള്ള ജാഗ്രത. ഓരോ നിമിഷവും ഓരോ മനസ്സിലും അല്ലാഹുവിന്റെ ദൃഷ്ടി പതിയുന്നുണ്ടെന്നുള്ള ബോധം. അല്ലാഹുവിന് ഇഷ്ടപ്പെടാത്തത് സംഭവിച്ചാല്‍ ശിക്ഷ ലഭിക്കുമെന്ന ഭയവും ഇഷ്ടപ്പെട്ടതുണ്ടായാല്‍ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും. ഇവ രണ്ടിനുമിടയിലുള്ള മാനസികാവസ്ഥ. വാക്കുകള്‍ക്കപ്പുറം ജീവിതത്തിന്റെ എല്ലാ താളലയങ്ങളിലും മനസ്സ് ജാഗരൂകമായി നിലകൊള്ളുന്ന അവസ്ഥയെന്ന് ചുരുക്കം. വീഴ്ചകള്‍ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നൊരു മാനസിക നിലയാണിത്. പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു നന്നായി അറിയുമെന്ന ബോധം ഹൃദയത്തിന് ഉണര്‍വും ഉന്മേഷവും ഭീതിയും ലജ്ജയും വര്‍ധിപ്പിക്കും.
തൊട്ടുടനെ വരുന്നത് ഓരോ മനുഷ്യനും നാളേക്ക് എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കാനുള്ള ആഹ്വാനമാണ്. മനുഷ്യന്റെ മനോനിലയും പ്രവര്‍ത്തനങ്ങളും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങളോടൊപ്പം അതിന്റെ അനന്തര ഫലങ്ങളും കൃത്യമായി തിട്ടപ്പെടുത്തി വ്യക്തമായ രേഖയില്‍ ഉള്‍പ്പെടുത്തുന്നു (36:12)
ഉദാഹരണത്തിന്, ഒരാള്‍ ഒരു പള്ളി ഉണ്ടാക്കിയാല്‍ അവിടെ വന്ന് അത് പ്രയോജനപ്പെടുത്തുന്നവരുടെയെല്ലാം നന്മയില്‍, അവര്‍ക്ക് ഒട്ടും കുറയാതെ തന്നെ ഒരോഹരി ഉണ്ടാക്കിയ ആളിന്റെ കര്‍മപുസ്തകത്തില്‍ രേഖപ്പെടുത്തും. കള്ളു ഷാപ്പുണ്ടാക്കിയവന് അതു പടര്‍ത്തുന്ന തിന്മയുടെ ഓഹരിയും ഉണ്ടാകും എന്നര്‍ത്ഥം. നന്മകള്‍ തല്‍ക്ഷണം അല്ലാഹുവിലേക്കാണ് എത്തിപ്പെടുക. ‘ഉത്തമ വചനങ്ങള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുന്നു. സല്‍കര്‍മ്മത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരാരോ അവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും (35:10)’ ഒരാള്‍ ഒരു പ്രവൃത്തി ചെയ്താല്‍ അതിന് അനന്തര ഫലമുണ്ടാകും. പ്രവര്‍ത്തിക്കും അനന്തര ഫലത്തിനും പരലോകത്ത് പ്രതിഫലമുണ്ടാവും. നന്മയായാലും തിന്മയായാലും ഒരണുത്തൂക്കം ആണെങ്കില്‍ പോലും അത് അവരവര്‍ കാണും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അണുത്തൂക്കം എന്നത് മനുഷ്യമനസ്സിന്റെ സങ്കല്‍പ്പത്തിന് തന്നെ അതീതമാണ്. അത്രയേറെ ചെറുതാണ് ഒരു ഗ്രാമിനെ പതിനായിരം ലക്ഷം കോടിയായി ഭാഗിച്ചാല്‍ അതിന്റെ ഒരു ഭാഗം എന്ന് പറയുംപോലെയാണത്. നന്മയും തിന്മയും എത്ര ചെറുതായാലും രേഖപ്പെടുത്തും എന്ന് സാരം. ഈ ബോധം മനുഷ്യനെ നന്മയിലേക്ക് ശക്തമായ പ്രേരണ നല്‍കുന്നതാണ്. ‘ഓരോരുത്തരുടെയും കണക്ക് അല്ലാഹു നോക്കുന്നതിന് മുമ്പ് അവരവര്‍ സ്വയം കണക്ക് നോക്കണം’ എന്ന് ഉമര്‍ (റ) സാധാരണ പറയാറുണ്ടായിരുന്നു. നാളെ പരലോകത്തേക്കുണ്ടാക്കുന്ന സമ്പാദ്യത്തെക്കുറിച്ച് ബോധവാനായിരിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്.
മൂന്നാമത്തെ ഉപദേശം, അല്ലാഹുവിനെ മറന്നതിനാല്‍ തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെപ്പോലെ നിങ്ങളാകരുത് എന്നാണ്. സ്വന്തത്തെ മറക്കുക എന്നാല്‍ തിന്നാനും കുടിക്കാനും മറ്റു ഭൗതിക ജീവിത വ്യവഹാരങ്ങള്‍ക്കും മറന്നു പോവുക എന്നല്ല. യഥാര്‍ത്ഥത്തില്‍ താനാരാണോ എന്തിന് നിയോഗിക്കപ്പെട്ടുവെന്നോ ഓര്‍ക്കാനാവാതെ ഭൗതിക ജീവിതത്തില്‍ മാത്രം കണ്ണുനട്ട് ജീവിക്കുന്ന ഒരവസ്ഥയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കരുണാമയന്റെ സ്മരണ വിട്ടാല്‍ പിന്നെ അവന് അടുത്ത കൂട്ടാളിയായി പിശാചിനെ നിയമിച്ചു കൊടുക്കും എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്. ആ പിശാചുക്കള്‍ മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്മാര്‍ഗത്തിലാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും (48:36-37). അതാണ് ഏറ്റവും വിഷമകരമായ അവസ്ഥ. പിശാചുക്കള്‍ മനുഷ്യരെ ഭൗതിക ജീവിത ലഹരിയില്‍ ആമഗ്നമാക്കും. ആസ്വാദനത്തോടെ അതില്‍ വിഹരിക്കുമ്പോള്‍ അവരുടെ മനസ്സ് പരലോക ജീവിത ചിന്തയില്‍ നിന്ന് ഏറെ വിദൂരത്താവും. ഒടുവില്‍ അക്കാര്യം തന്നെ വിസ്മരിക്കും. മനുഷ്യരിലധികം ആളുകളും അക്കൂട്ടത്തിലാണ്. അവര്‍ ധര്‍മധിക്കാരികള്‍ ആണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. നരകവാസികളും സ്വര്‍ഗവാസികളും സമമല്ല. സ്വര്‍ഗവാസികള്‍ തന്നെയാണ് വിജയികള്‍ എന്ന പിന്‍കുറിയും ഒപ്പമുണ്ട്. സ്വര്‍ഗകവാടം മലര്‍ക്കെ തുറക്കപ്പെടുന്ന അനുഗ്രഹീത റമസാന്‍ പാപമോചനാഭ്യര്‍ത്ഥനയും പശ്ചാത്താപവുമായി പ്രപഞ്ചത്തിന്റെ പ്രവിശാലതയുള്ള സ്വര്‍ഗത്തിലേക്ക് ധൃതിയില്‍ മുന്നേറാന്‍ ഏറ്റവും പറ്റിയ അവസരമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.