Video Stories
നാട്ടുകാരുടെ കഞ്ഞിയില്‍ മണ്ണിടരുത്
അഡ്വ. കെ.എന്‍.എ ഖാദര്‍
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഗ്രാമീണമാണ്. കര്‍ഷകരും കര്ഷകതൊഴിലാളികളും കൈവേലക്കാരും ചെറുകിട വ്യാപാരികളും വ്യവസായ മേഖലയിലെ തൊഴിലാളികളും ഉള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം സാധാരണക്കാരാണത് പടുത്തുയര്‍ത്തിയത്. ഏത് സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായി വര്‍ത്തിക്കുന്നത് ജനതയാണ്. ശക്തിയും സാന്ദ്രതയും നേടി സമ്പത്ത് വളരുമ്പോള്‍ അത് വലിച്ചൂറ്റിയെടുത്ത് സ്വയം വളരുകയും ജനങ്ങളെ തളര്‍ത്തുകയും ചെയ്യുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തക കമ്പനികളും അവയുടെ മുതലാളിമാരും. നാം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയും ലഭ്യമാക്കുന്ന കുടിവെള്ളവും പശ്ചാത്തല സൗകര്യങ്ങളും നഗരവാസികളില്‍ ഒരു ചെറിയ വിഭാഗം സമ്പന്നരാണ് ഉപയോഗിച്ച് തീര്‍ക്കുന്നത്. ലക്ഷോപലക്ഷം തേനീച്ചകള്‍ അത്രയും തന്നെ പൂക്കളില്‍ നിന്ന് നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഒരു ജന്മം മുഴുവന്‍ തീരെഴുതി ശേഖരിക്കുന്ന ധന്യമധുരമായ തേന്‍പോലെയാണ് ഒരു രാജ്യത്തിന്റെ സമ്പത്തും ജനങ്ങള്‍ ഒരുമിച്ച് കൂട്ടുന്നത്. സ്വന്തം മക്കള്‍ക്കാഹാരമായും ക്ഷാമകാലത്തേക്ക് വേണ്ടിയും ഇങ്ങിനെ അറകളില്‍ ശേഖരിച്ച് മുദ്രവെച്ച് സൂക്ഷിക്കുന്ന തേന്‍ വേടന്മാര് കൂടു തകര്‍ത്തും ഈച്ചകളെ ആട്ടിയോടിച്ചും കൊന്നും കവര്‍ന്ന് തേന്‍ ഫലകങ്ങള്‍ പിഴിഞ്ഞെടുത്ത് അങ്ങാടികളില്‍ കൊണ്ടുപോയി വില്‍ക്കുന്നു. ക്രയശേഷിയുള്ള പണക്കാര് അതുവാങ്ങി നുണയുന്നു. നൂറ്റാണ്ടുകളായി സാധാരണക്കാര്‍ വളര്‍ത്തിയ നമ്മുടെ സമ്പദ്വ്യവസ്ഥയെയും ഞെക്കിപ്പിഴിഞ്ഞു അതില്‍ നിന്ന് കിനിയുന്ന മാധുര്യം അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അവരുടെ മക്കള്‍ക്കും നുകരാനായി മറിച്ചുവില്‍ക്കുന്ന വേടനാണ് മോദി. ഈ സാമ്പത്തിക പരീക്ഷണവും ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള യാത്രയില്‍ ഒരു അനിവാര്യതയാണ്. കറന്‍സി പരിഷ്കരണവും കള്ളപ്പണം പിടിക്കാനെന്ന കുപ്രചരണവും പോയി കറന്‍സി രാഹിത്യത്തിലേക്കും പുത്തന്‍കോര്‍പ്പറേറ്റ് സാമ്പത്തിക വ്യവസ്ഥയിലേക്കുമുള്ള ചുവടുമാറ്റമാണിത്. ആദായനികുതിപോലും ഒരു പക്ഷേ മോദി നിര്‍ത്തലാക്കി. ക്രയവിക്രയ നികുതി അഥവാ ട്രാന്സാക്ഷന് ടാക്സ് നടപ്പിലാക്കിയേക്കാം. കറന്‍സിരഹിതമായി നടക്കുന്ന ഓരോ സാമ്പത്തിക ഇടപാടില്‍ നിന്നും അംബാനിമാരുടെ പെട്ടിയിലേക്ക് ഇടതടവില്ലാതെ ഈ നികുതിപ്പണം ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
എന്തായാലും ഏകാധിപത്യത്തിന്റെ ഒരു പരീക്ഷണശാലയായി ഇന്ത്യ മാറിക്കഴിഞ്ഞു. മതേതര ജനാധിപത്യകക്ഷികളും ബഹുസ്വരസമൂഹവും കണ്ണിലെണ്ണയൊഴിച്ചു സ്വതന്ത്രമായ ജനജീവിതത്തിന് കാവല്‍ നില്ക്കേണ്ടുന്ന കാലമാണിത്. അപ്പോഴും തമ്മിലടിച്ച് തകരാനാണ് ജനപക്ഷത്ത് നിലയുറിപ്പിച്ച് ജനവിരുദ്ധ ഭരണക്കാരെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ബാധ്യതയുള്ള മതേതരകക്ഷികളുടെ വിധിയെങ്കില്‍ പുതുവര്‍ഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുക തന്നെ ചെയ്യും. അത് വരുത്തിവെക്കാന്‍ പോകുന്ന മഹാനഷ്ടം പുതിയ തലമുറകളെ നിരാശരാക്കും. അര നൂറ്റാണ്ടുകാലമെങ്കിലും ഈ മണ്ണില്‍ ജീവിച്ചു തീര്‍ന്നവര്‍ പിറകേവരുന്നവരെപ്പറ്റി വേവലാതിപ്പെടാതിരിക്കുന്നത് കഷ്ടമാണ്. ഓരോ നിമിഷവും ഇവിടെ പുതിയ മനുഷ്യര്‍ ജനിച്ച് കൊണ്ടേയിരിക്കുന്നു. അമ്മയുടെ മുലപ്പാല്‍ നുകര്‍ന്നും തൊട്ടിലുകളിലാടിയും ജീവിതത്തിലേക്ക് പിച്ചവെക്കുവാന്‍ ഒരുങ്ങുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയാണിത്.
ഒരു വലിയ ജനസഞ്ചയം നമ്മുടെ പിറകില്‍ നടന്നുവരുന്നുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. അവസാനമില്ലാത്തതും പട്ടടയോളം നീണ്ടുനില്ക്കുന്നതുമായ വ്യാമോഹങ്ങള്‍ക്ക് അടിമകളായി തങ്ങളുടെ വിറയാര്‍ന്ന കരങ്ങളില്‍ നിന്ന് അധികാരം അടര്‍ന്ന് മാറ്റാതിരിക്കുവാന്‍ മാത്രം അടവുകള്‍ ആവിഷ്കരിച്ച് സമയംപോക്കുന്നത് നല്ലതാണോ? അധികം വയസ്സുചെന്നിട്ടില്ലാത്ത ഇന്ത്യന്‍ ഫാസിസം സര്‍വ്വശക്തിയും സമാഹരിച്ച് മതേതര ജനാധിപത്യ ബഹുസ്വര ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിക്കുവാന്‍ ഒരുമ്പെട്ട് നടക്കുന്നത് ഇവര്‍ അറിയുന്നില്ലേ?
ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കേറെ പ്രതീക്ഷകള്‍ നല്കിയ നാളുകളാണ് കടന്നുപോയത്. ഒരുമിച്ച് നിന്നാല്‍ ഇരുട്ടിന്റെ ശക്തികളെ തകര്‍ക്കാമെന്നും വെളിച്ചത്തിലേക്ക് ജനങ്ങളെ നയിക്കാമെന്നും ഏറെക്കുറെ എല്ലാവര്ക്കും ബോധ്യമായത് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തോടെയാണ്. അല്‍പ്പസ്വല്‍പ്പം കല്ലുകടികള്‍ നേരിട്ടുവെങ്കിലും ശരിയായ ദിശാബോധം നല്കുന്ന സന്ദേശമായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ മാറി. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉള്‍പ്പെടെ ദേശവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്കരിക്കുന്നത് പ്രതീക്ഷ നല്കുന്നു. പ്രതിപക്ഷത്തുള്ള ഓരോ പാര്‍ട്ടിയും തങ്ങളുടെ നിലനില്പ്പിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ബോധമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു. ഒരു സംസ്ഥാനത്തിനും പാര്‍ട്ടിക്കും ഒറ്റക്കുനിന്ന് സ്വയം സംരക്ഷണവലയം തീര്‍ക്കാനാവില്ലെന്ന് ഏറെക്കുറെ ബോധ്യമായി. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഒന്നുചേരുകയാണ് പ്രതിപക്ഷം വേണ്ടത്. അതിന് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണം. അഭ്യന്തരമായ തര്‍ക്കങ്ങളും ഭിന്നതകളും വിഴുപ്പലക്കും മോദിയെയും കൂട്ടരേയും ആഹ്ലാദഭരിതരാക്കുക മാത്രമേയുള്ളൂ. ദേശീയതലത്തില്‍ തന്നെ ഇടതുപക്ഷമുള്‍പ്പെടെയുള്ള കക്ഷികള്‍ മുഖ്യശത്രുവിനെതിരെ പടയണി ചേരണം. ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ദേശീയസഖ്യ സാധ്യതകളെ തളര്‍ത്തുന്ന തരത്തിലാവരുത്.
കേരളത്തിലെ ഭരണരംഗത്തും സംഘ്പരിവാരത്തിന്റെ നിഴലുകള്‍ ദൃശ്യമായി വന്നത് അമ്പരപ്പുളവാക്കിയിട്ടുണ്ട്. പ്രധാനമായും പോലീസിലാണത് ആദ്യം പ്രത്യക്ഷപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ മേധാവിത്വം രാഷ്ട്രീയമായും നയപരമായും ഭരണനടപടികളായും എല്ലാ സംസ്ഥാനങ്ങളുടെ മേലും അതിന്റെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങി ബിജെപിയല്ലാത്ത പാര്‍ട്ടികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അത് വ്യക്തമാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലായതിനാല്‍ ഇവിടെ കേന്ദ്രത്തിന്റെ കുതന്ത്രങ്ങളൊന്നും ഫലിക്കുകയില്ലെന്ന തോന്നലുണ്ടായിരുന്നു. അത് തീര്‍ത്തും അസ്ഥാനത്താണെന്നും വളരെ വേഗം ഭയപ്പെടുന്നുവരും ഫാസിസ്റ്റ് സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നവരുമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെന്ന് ഓരോ ദിവസവും വ്യക്തമായി വരുന്നു. ഉത്കണ്ഠാജനകമായ ഒരു സാഹചര്യമാണിത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടമാകുകയും ഏതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയുടെയും നിലവാരത്തിലേക്ക് ഇടതുപക്ഷവും തരംതാഴുകയും ചെയ്തുപോയത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുടെ തന്റേടവും ഫാസിസ്റ്റ് വിരുദ്ധതയുടെ മൂര്‍ച്ചയും അവര്‍ക്കും നഷ്ടമായത്. മറ്റു പാര്‍ട്ടികളുടെ കഥ പറയുകയും വേണ്ടല്ലോ. മൂല്യനിരാസം സംഭവിക്കുമ്പോള്‍ ആത്മവിശ്വാസവും പ്രഹരശേഷിയും ആര്‍ക്കായാലും നഷ്ടമാകും. അതു വീണ്ടെടുക്കുവാനുള്ള യത്നമാണ് വേണ്ടത്. കേരളത്തിലെ ഭരണപക്ഷത്ത് നടക്കുന്ന തമ്മില്‍തല്ലും അഭിപ്രായ ഭിന്നതകളും തുടക്കം മുതലേ പ്രകടമാണല്ലോ. ആഭ്യന്തര സംഘര്‍ഷങ്ങളും കലഹങ്ങളും പ്രതിപക്ഷത്ത് മാത്രമാണെന്ന പ്രചരണം തെറ്റാണ്. കേന്ദ്രസര്‍ക്കാരിന്റെ വിഷയം വരുമ്പോള്‍ കേരളം മുഴുവന്‍ പ്രതിപക്ഷത്താണല്ലോ. ഭരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് – വര്‍ഗ്ഗീയ ജനവിരുദ്ധ നടപടികളെ നേരിടേണ്ടത്. കേരളത്തിലെ ഭരണക്കാരില്‍ നിന്നുണ്ടാകുന്ന ജനവിരുദ്ധ സമീപനങ്ങളെ നേരിട്ടുകൊണ്ടും ആവശ്യമായ പ്രക്ഷോഭങ്ങളിലേര്‍പ്പെട്ട് കൊണ്ടും തന്നെ കേന്ദ്രത്തിനെതിരായ സമരങ്ങളില്‍ യോജിച്ച് നില്‍ക്കുകയെന്ന കര്‍ത്തവ്യം ഭംഗിയായി നിറവേറുവാന്‍ രാഷ്ട്രീയ വൈദഗ്ദ്യവും തന്ത്രപരമായ സമീപനങ്ങളും വേണം. അതിന് വെറും സാധാരണമായ കഴിവ് മാത്രമുള്ള നേതൃത്വത്തിന് സാധിക്കുകയില്ല.
അസാധാരണമായ ചില സവിശേഷതകള്‍ യു.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇടതുപക്ഷക്കാര്‍ക്കും ഈ ദൗത്യം ശ്രമകരമാണ്. വേറിട്ട് അവരവര്‍ക്ക് തോന്നിയ മട്ടില്‍ സമരം നടത്താന്‍ വലിയ ബുദ്ധി ആര്‍ക്കും ആവശ്യമില്ല. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ നടക്കുന്നത് അതാണ്. ദയവായി എല്ലാവരുംകൂടി പരസ്പരം മത്സരിച്ചും വെല്ലുവിളിച്ചും അവരവരുടെ കേമത്തരം വിളിച്ച് പറഞ്ഞും നാട്ടുകാരുടെ കഞ്ഞിയില്‍ മണ്ണിടാതിരുന്നാല്‍ മതി. അവര്‍ക്ക് എല്ലാ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും വലിയ മതിപ്പാണെന്ന് കരുതി സന്തോഷിച്ച് കൊള്ളുക. ഇപ്പോള്‍ അവര്‍ ഓരോ പാര്‍ട്ടിക്കും നല്കുന്ന ബഹുമാനം ധാരാളമാണ്. ഇനി അത് വര്‍ദ്ധിക്കാതെ നോക്കൂ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

