Video Stories
മലയാള ഭാഷയോട് അയിത്തമോ
‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കുഞരമ്പുകളില്‍’ എന്നാണ് മഹാകവി വള്ളത്തോളിന്റെ വരികള്‍. ജന്മം നല്‍കാത്ത അമ്മയാണ് ഭാഷ. ഭാഷയെ മാതാവ് എന്ന പദവുമായി ചേര്‍ത്ത് മാതൃഭാഷ എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട് 63 വര്‍ഷം പിന്നിടുകയാണ് ഇന്ത്യ. ഇതിനിടയില്‍ വലിയ പ്രക്ഷോഭങ്ങളാണ് മാതൃഭാഷാസംരക്ഷണത്തിനുവേണ്ടി രാജ്യത്തിന്റെ പലയിടങ്ങളിലുമുണ്ടായത്. ദേശീയഭാഷ പ്രാദേശിക ഭാഷകളെ വിഴുങ്ങുന്നുവെന്നായിരുന്നു പ്രധാന പരാതി. ഇതിന് പരിഹാരമായാണ് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ത്രിഭാഷാപദ്ധതിക്ക് രാഷ്ട്രത്തിന്റെ പൂര്‍വപിതാക്കള്‍ രൂപംനല്കിയത്. എന്നിട്ടും മലയാളംപോലെ രണ്ടായിരമാണ്ടിന്റെ പൈതൃകമുള്ള, ശ്രേഷ്ഠഭാഷാപദവി ലഭിച്ചൊരു ഭാഷക്ക് ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് വരുന്നത് കഷ്ടംതന്നെ. മലയാളികള്‍തന്നെ തങ്ങളുടെ സ്വന്തംഭാഷയെ തമസ്കരിക്കുന്നുവെന്ന് വരുമ്പോള്‍ വിശേഷിച്ചും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്ലാപരീക്ഷകളും മലയാളത്തില്‍കൂടി ആക്കണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം എന്ന സംഘടനയുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരുവനന്തപുരത്തെ കെ.പി.എസ്.സി ആസ്ഥാനത്തിനുമുമ്പാകെ നിരാഹാരം കിടക്കേണ്ടിവന്നിരിക്കുന്നുവെന്നത് ഈയവസരത്തില്‍ ഞെട്ടലോടെയല്ലാതെ കേള്‍ക്കാനും കാണാനുമാവില്ല. ആത്മനിന്ദയാണ് മലയാളത്തോട് പി.എസ്.സിക്ക് ഉള്ളതെന്ന് തോന്നുന്നു.
സംസ്ഥാനസര്‍ക്കാര്‍ മലയാള ഭാഷയെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ട് വര്‍ഷം രണ്ടായി. 2017 മെയ് ഒന്നുമുതല്‍ ഭരണഭാഷ മലയാളമായിരിക്കണമെന്നത് നിയമമാണ്. മലയാളം മാത്രമറിയാവുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എളുപ്പത്തിലും സുതാര്യതയോടെയും സര്‍ക്കാര്‍ സേവനങ്ങള്‍ അവരുടെ കരതലങ്ങളിലെത്തിക്കുക എന്നതാണ് ‘ഭരണഭാഷ മലയാളം’ എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടുപോലും സര്‍ക്കാര്‍ തൊഴിലുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഭരണഘടനാസ്ഥാപനത്തിന് മലയാളത്തോട് അയിത്തം നിലനില്ക്കുന്നു എന്നത് വലിയ വിരോധാഭാസം മാത്രമല്ല, മലയാളിയുടെ സ്വത്വബോധത്തെ വല്ലാതെ ഉലയ്ക്കുന്നതുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഷാനയം അംഗീകരിക്കുക, തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍കൂടിയാക്കുക, വരാനിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷകളില്‍ മലയാളം മാധ്യമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പി.എസ്.സിക്കുമുമ്പാകെ സമരക്കാര്‍ ഉന്നയിക്കുന്നത്. നിരാഹാരസമരം പന്ത്രണ്ടാം ദിവസത്തേക്ക് കടന്നിട്ടും പി.എസ്.സിയോ സര്‍ക്കാരോ യാതൊരുവിധ നടപടിയും സ്വീകരിച്ചുകാണുന്നില്ല എന്നത് വലിയ നൊമ്പരമുളവാക്കുന്നു. 2017 ആഗസ്തില്‍ ഡിഗ്രിക്കും അതിനുമുകളിലും യോഗ്യത വേണ്ട പരീക്ഷകളില്‍ പത്തു ശതമാനംചോദ്യങ്ങള്‍ മലയാളത്തിലാക്കുമെന്ന പി.എസ്.സിയുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. പ്ലസ്ടു യോഗ്യതയാക്കിയ സിവില്‍ പൊലീസ് തസ്തികക്ക്പോലും മലയാളം ഉപയോഗിക്കുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍മാത്രം വിദ്യാഭ്യാസം നേടിയ സി.ബി.എസ്.ഇ പോലുള്ള യോഗ്യതയുള്ളവര്‍ക്ക് മലയാളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയില്ലെന്ന വാദമാണ് പി.എസ്.സിയുമായി ബന്ധപ്പെട്ടവര്‍ ഉയര്‍ത്തുന്നത്.
എല്ലാ വിദ്യാഭ്യാസ സമ്പ്രദായത്തിലും മലയാളം നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന നിര്‍ദേശമുള്ള സംസ്ഥാനത്താണ് ഇത്തരം വിതണ്ഡവാദം ചിലര്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെ യു.പി.എസ്.സി നടത്തുന്ന പരീക്ഷകളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് )കളിലുമൊക്കെ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സുപ്രീംകോടതി പോലും അനുവദിച്ചിട്ടുള്ളതാണ്. നീറ്റ് പരീക്ഷ മാതൃഭാഷയിലെഴുതാന്‍ ഇത്തവണ നിരവധി തമിഴ് വിദ്യാര്‍ത്ഥികള്‍ തയ്യാറായി. ഐ.എ.എസ്, ഐ.പി.എസ് തസ്തികളിലേക്കുള്ള അഭിമുഖങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ മാതൃഭാഷക്ക് അയിത്തമില്ല. തമിഴ്നാട്ടില്‍ എല്ലാ ഇംഗ്ലീഷ് പദങ്ങള്‍ക്കും തമിഴ് വാക്കുകള്‍ കണ്ടുപിടിച്ച് പ്രചാരത്തിലെത്തിക്കുമ്പോഴാണ് കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, സാഹിത്യഅക്കാദമി പോലുള്ള പദങ്ങള്‍ ഇന്നും ഇംഗ്ലീഷ് കലര്‍ത്തി നാം ഉപയോഗിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിനെ പൂര്‍ണമായും തഴയണമെന്നല്ല മലയാള പ്രേമികള്‍ ആവശ്യപ്പെടുന്നത്.
പക്ഷേ കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള രൂപീകരണ കാലത്തുതന്നെയാണ് കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷനെ സംസ്ഥാനാടിസ്ഥാനത്തില്‍ വിഭജിച്ചത്. 1956ല്‍ നിലവില്‍വന്ന കേരള പബ്ലിക്സര്‍വീസ് കമ്മീഷന്റെ അമരത്തിരിക്കുന്നവര്‍ക്ക് രാജ്യത്തിന്റെയും കേരളത്തിന്റെയും ഭാഷാനയത്തോട് മുഖം തിരിഞ്ഞുനില്‍ക്കേണ്ടിവരുന്നതില്‍ എന്തോ പന്തികേട് തോന്നുന്നു.സംസ്ഥാന സര്‍ക്കാരും ഭരണമുന്നണിയും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുന്നു. അറബിഭാഷക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ മൂന്ന് യുവനേതാക്കളെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണെന്നതും മറക്കാനാവില്ല.
പി.എസ്.സിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും പശ്ചാത്തലത്തില്‍ പി.എസ്.സിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലികള്‍ക്കുകൂടി മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്. പി.എസ്.സിയുടെ തലപ്പത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് വര്‍ഷങ്ങളായി തുടരുന്ന ചില ഉദ്യോഗസ്ഥരാണ് ചോദ്യചോര്‍ച്ചക്കും മറ്റും പിന്നിലെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയുമാണിപ്പോള്‍. സിവില്‍ പൊലീസ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയില്‍ ഒന്നാമത്തേതടക്കമുള്ള ഉന്നത റാങ്കുകള്‍ നേടിയത് കോപ്പിയടിച്ചാണെന്ന് ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനക്കാര്ക്ക് തുറന്നുസമ്മതിക്കേണ്ടിവന്നത് പൊതുസമൂഹം ജാഗ്രതയോടെ ഉണര്‍ന്നെണീറ്റതുകൊണ്ടുമാത്രമാണ്.
പി.എസ്.സിയിലെ ചെയര്‍മാനടക്കമുള്ള ഉന്നതര്‍ പ്രതികള്‍ക്കനുകൂലമായി ഫോണ്‍ നമ്പറുകള്‍ പുറത്തുവിട്ടതും ഞെട്ടിപ്പിക്കുന്നു. സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തെയാണ് ദേശഭക്തിയെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യപോലെ അയ്യായിരത്തോളം ഭാഷകളും 22 ഷെഡ്യൂള്‍ഡ് ഭാഷകളുമുള്ള ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ജനസേവകരുടെ കാര്യത്തില്‍ പി.എസ്.സിയുടെ നിലപാടിനെ നെറികേടെന്നേ വിശേഷിപ്പിക്കേണ്ടൂ. സമരക്കാരുന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കുകയാണ് പി.എസ്.സിയുടെയും ഭരണത്തിന്റെയും തലപ്പത്തുള്ളവര്‍ ഓണത്തിനുമുമ്പെങ്കിലും ചെയ്യേണ്ടത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News13 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

