ലോകത്ത് എല്ലായിടത്തും ശാന്തിയുടെ പ്രതീകമാണ് പ്രാവ്. അതിനെ പച്ചക്ക് തീയിട്ട് കൊല്ലുന്നവര്‍ക്ക് ഏതുമൃഗത്തെയും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളെവരെയും കൊലപ്പെടുത്തല്‍ തുലോം നിസ്സാരം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സമകാല ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ നാട്ടിലെ പൗ•ാരെ പെട്രോള്‍ ബോംബുകളും തീപന്തങ്ങളും തോക്കുകളുമായി നേരിടുന്ന കാഴ്ച അവരുടെ മുന്‍കാല ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഒരു അല്‍ഭുതവുമുളവാക്കില്ല. മലപ്പുറത്തെ പിന്നാക്ക ,തീരപ്രദേശമായ താനൂരില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടുമുതല്‍ പുലര്‍ച്ചെവരെ നീണ്ട സി.പി.എം-പൊലീസ് നരനായാട്ടിനെ ഒരുസംഘം ആളുകളുടെ വെളിവുകെട്ട പേക്കൂത്തായി മാത്രം നോക്കിക്കാണാനാവില്ല. സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല, ക്രമസമാധാനം പരിപാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ്‌സേന തന്നെ അക്രമപരമ്പരകള്‍ക്ക് ചുക്കാനേന്തി എന്നത് നിസ്സാരമായി കാണാവതല്ല. ഒറ്റ രാത്രികൊണ്ട് വീടുകളും കടകളും ബസ്സും കാറും ഓട്ടോയുമടക്കം നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയ അക്രമികളെ പിടികൂടാന്‍ തയ്യാറാകാതിരുന്ന പൊലീസാകട്ടെ നിസ്സഹായരായ മനുഷ്യരോട് അതിക്രൂരമായാണ് പെരുമാറിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തേര്‍വാഴ്ചയാണ് ഭരണകൂടഭീകരതയായി താനൂരുകാരുടെ നെഞ്ചില്‍ താണ്ഡവനൃത്തമാടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്്മാനും സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ഇ. ജയനുമാണ് അക്രമങ്ങള്‍ക്ക് ചരടുവലിച്ചത്. ഏറെക്കാലമായി ശാന്തമായിരുന്ന പ്രദേശത്ത് കുറച്ചുകാലമായി ചിലരുണ്ടാക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ താല്‍പര്യം കാട്ടാതിരുന്ന പൊലീസ് ആഭ്യന്തരം ഭരിക്കുന്ന സി.പി.എമ്മിന്റെ ഇച്ഛക്കൊത്ത് തുള്ളുകയായിരുന്നു. ബാഫഖിതങ്ങളും സി.എച്ചും ഇ. അഹമ്മദും മുതല്‍ അബ്ദുറഹ്്മാന്‍ രണ്ടത്താണി വരെ വിജയിച്ച താനൂരില്‍ നിന്ന് പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് കഴിഞ്ഞ തവണനിയമസഭയിലെത്തിയ രാഷ്ട്രീയഭിംക്ഷാംദേഹിയാണ് ഇപ്പോഴത്തെ എം.എല്‍.എ. ഇനിയൊരിക്കലും മുസ്്‌ലിംലീഗിന് മണ്ഡലം തിരിച്ചുപിടിക്കാതിരിക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റുന്ന ചുവപ്പ•ാരുടെ പാഴ്ശ്രമം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ്. രാജാവിനെക്കാള്‍ രാജഭക്തികാട്ടുന്ന പൊലീസും പാര്‍ട്ടിയുടെ അക്രമപാരമ്പര്യവും പരമാവധി പരീക്ഷിക്കുകയായിരുന്നു ഇവിടെ ഇക്കൂട്ടരെന്നതിന് നിരവധി സംഭവങ്ങളും നിഷ്പക്ഷജനങ്ങളും പലതവണ സാക്ഷികളാണ്.
ഞായറാഴ്ച രാത്രി കുഞ്ഞിച്ചന്റെ പുരക്കല്‍ സൈനയുടെ വീടിനുനേരെ സി.പി.എമ്മുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞത് പ്രദേശത്ത് വന്‍തീപിടുത്തത്തിന് കാരണമായി. പ്രായമേറിയ സ്ത്രീകളും കുട്ടികളുംവരെ ഇവരുടെ നായാട്ടിന് ഇരയായി. മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കാട്ടിക്കൊടുത്തത് സി.പി.എമ്മുകാരും തച്ചുതകര്‍ത്തത് പൊലീസുമായിരുന്നു. ഉറക്കത്തിനിടെ എണീറ്റവര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. താനൂര്‍, ചാപ്പപ്പടി, പണ്ടാരകടപ്പുറം, ആല്‍ബസാര്‍, ഫഖീര്‍പള്ളി ഭാഗത്തും ശാന്തമായിരുന്ന ഒട്ടുംപുറം, എറാളം കടപ്പുറത്തും പൊലീസ് നരാധമമായാണ് പെരുമാറിയത്. മുകളില്‍ നിന്നുള്ള കല്‍പനകള്‍ ശിരസാവഹിക്കുകയായിരുന്നു പൊലീസെന്ന് ഇരകളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ പറയുന്നു. സ്ഥലം കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചുകയറി. നിരവധിവീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പൊലീസ് ഭീകരതയുടെ തെളിവാണ് മമ്മിക്കല്‍വീട്ടില്‍ ഹംസക്കോയയുടെ വീട്ടുകോലായയില്‍ കിടന്ന ലാത്തിയുടെ കഷണം.രോഗികളെവരെ കേണുപറഞ്ഞിട്ടും വെറുതെ വിട്ടില്ല. പത്താംക്ലാസ് പരീക്ഷയെഴുതാന്‍പോലും കഴിയാത്തവിധം കൗമാരക്കാരെ വരെ ക്രൂരമായിമര്‍ദിക്കുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തതും ആറായിരംരൂപയോളം വിലവരുന്ന നിരവധി കൗതുകപ്രാവുകളെ ചുട്ടെരിച്ചതും കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന വിധമാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍ .എ വിശേഷിപ്പിച്ചത് സംഭവത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ്.
എന്നാല്‍ ഉത്തരവദിത്തപ്പെട്ട സ്ഥലം സാമാജികനായ അബ്ദുറഹ്്മാന്‍ ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടുന്ന പണിയാണ് സഭയില്‍ കാണിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ മുസ്്‌ലിംലീഗുകാര്‍ നടുറോഡില്‍ അപമാനിച്ചു എന്ന ശുദ്ധനുണ അദ്ദേഹം തട്ടിവിട്ടെങ്കിലും സ്പീക്കര്‍ ഇടപെട്ട് അത് രേഖയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇടക്ക് സി.പി.എം അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടിവന്നിട്ടും മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ച നിലപാട് അക്രമികളെ സഹായിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നും സ്വന്തംപാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം നിലനില്‍ക്കണമെന്നുമായിരുന്നോ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. അധികാരത്തണലില്‍ എന്തുമാകാമെന്നതിന് എണ്ണമറ്റ സംഭവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതുമാസത്തിനകം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ മാത്രം ഒന്‍പതുപേരാണ് മുഖ്യമന്ത്രിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ കശാപ്പുചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ നൂറോളം പേരും. സി. പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിനുള്ള മൗനപിന്തുണയാണ് പൊലീസ് നല്‍കിവരുന്നതെ്ന്ന് പതിവുപരാതിയാണ്.
തിരുവനന്തപുരത്ത് കാറ്റുകൊള്ളാനിരുന്ന യുവാക്കള്‍ക്കുനേരെ പിങ്ക്‌പൊലീസ് കയര്‍ത്തതും കൊല്ലത്ത് സദാചാരപൊലീസിംഗില്‍ ജിവന്‍ ത്യജിക്കേണ്ടിവന്ന അട്ടപ്പാടിയിലെ യുവാവും വാളയാറില്‍ കുട്ടികളുടെ പീഡനറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച പൊലീസും അരിയില്‍ ഷുക്കൂറിനെയും ടി.പി ചന്ദ്രശേഖരനെയും മറ്റും കൊലക്ക് കൊടുത്ത പാര്‍ട്ടിക്കാരുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി നാട്ടില്‍ വിലസുമ്പോള്‍ താനൂരിലെ നിസ്സഹായയായ തോടകത്ത് റഫീഖത്ത് പോലുള്ളവരുടെ ദീനരോദനം കേള്‍ക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്കാരും കാക്കിക്കാരും ഉണ്ടാകുമെന്ന് നിനക്കുക പ്രയാസമായിരിക്കും. ജനാധിപത്യവും നിയമക്രമവും പാലിച്ച് ജീവിക്കാനുള്ള പൗരന്റെയും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നാടിനെ അക്രമികള്‍ക്ക് ഒറ്റുകൊടുക്കുന്നതിന് സമാനമാണ്. എഴുപതാണ്ടിന്റെ മഹിതമായ പാരമ്പര്യമുള്ള ഒരുകക്ഷിക്ക് ഏതെങ്കിലും ബിനാമിരാഷ്ട്രീയക്കാരന്റെ ചെപ്പടിവിദ്യകണ്ട് പിരിഞ്ഞുപോകാന്‍ കഴിയില്ലെന്ന് സവിനയം ഓര്‍മിപ്പിക്കട്ടെ. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കുബുദ്ധി എളുപ്പം തിരിച്ചറിയാന്‍ ത്യാഗധനരായപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കഴിയും. ഉസ്താദിനെ ആരും ഓത്തുപഠിപ്പിക്കാന്‍ വരേണ്ട.