വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ വ്യാകരണതെറ്റ്. ട്രംപിന്റെ ഭാഷയില്‍ ഈ വാര്‍ത്തയും വ്യാജമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഗതി സത്യമാണ്. വോണ്‍ മാസന്‍ എന്ന റിട്ടയേര്‍ഡ് ഇംഗ്ലീഷ് അധ്യാപികക്ക് വൈറ്റ്ഹൗസില്‍നിന്ന് കിട്ടിയ കത്തിലാണ് തെറ്റുകളുടെ പൂരം. വൈറ്റ്ഹൗസിന്റെ മേല്‍വിലാസവും പ്രസിഡന്റിന്റെ ഒപ്പുമുള്ള കത്തില്‍ ഇത്രയേറെ തെറ്റുകള്‍ കടന്നകൂടിയതില്‍ അവര്‍ അമ്പരന്നു. 17 വര്‍ഷത്തോളം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ച അനുഭവസമ്പത്തുള്ള മാസന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കത്തിലെ തെറ്റുകള്‍ മുഴുവന്‍ തിരുത്തി വൈറ്റ്ഹൗസിലേക്ക് തന്നെ തിരിച്ചയച്ചു. പ്രസിഡന്റില്‍നിന്ന് കിട്ടിയതല്ലേ എന്ന് കരുതി സൂക്ഷിക്കാനായിരിക്കും പലര്‍ക്കും താല്‍പര്യമെങ്കില്‍ അസാധാരണ നടപടിയിലൂടെ മാസന്‍ വൈറ്റ്ഹൗസിനെയും ഞെട്ടിച്ചു.