ലഖ്‌നൗ: രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്ന് പറഞ്ഞ മന്ത്രിയുടെ വീടിന് നേരെ യു.പിയില്‍ ചീമുട്ടയേറ്. പിന്നോക്ക ക്ഷേമകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭറിന് നേരെയാണ് നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞത്. വാരണാസിയില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

താനുള്‍പ്പെടുന്ന രാജ്ഭര്‍ വിഭാഗക്കാരാണ് മദ്യാസക്തി കൂടിയവരെന്നാണ് സമൂഹം മനസിലാക്കുന്നത്. എന്നാല്‍ യാദവും രജപുത്രരുമാണ് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. ഇത് അവരുടെ പാരമ്പര്യ വ്യവസായമാണ്. ഏതെങ്കിലും അമ്മയോടോ ഭാര്യയോടോ ചോദിക്കൂ- മന്ത്രി പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ രജപുത്രരും യാദവും മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ അവര്‍ മന്ത്രിയുടെ വീടിന് നേരെ ചീമുട്ടയും തക്കാളിയും വലിച്ചെറിഞ്ഞു. സംഭവത്തോട് പ്രതികരിക്കാന്‍ ഇതുവരെ മന്ത്രി തയ്യാറായിട്ടില്ല.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്ന നിരവധിപേര്‍ സമൂഹത്തിലുണ്ട്. ലഹരിക്കെതിരായാണ് പ്രതികരിക്കേണ്ടത്. ഏതെങ്കിലും ജാതിക്ക് എതിരായല്ല-അഖിലേഷ് ട്വീറ്റ് ചെയ്തു.