ജറുസലേം: ഫലസ്തീന്‍ ജനതക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്‍ സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്‍ ഫലസ്തീനിലെ ഹാറ്റ്‌സര്‍ സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്. ജീവനൊടുക്കിയ എട്ടു പേരും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സൈനികര്‍ പറയുന്നു. ഹീബ്രൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. ഇസ്രാഈലി പ്രതിരോധ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 15 സൈനികര്‍ സ്വയം ജീവനൊടുക്കിയിട്ടുണ്ട്. ഗസ്സ ആക്രമണത്തില്‍ പങ്കെടുത്ത സൈനികരാണ് ഇത്തരത്തില്‍ മരിക്കുന്നതെന്നാണ് പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പറയുന്നത്. മനോനില തകര്‍ന്നോ ഫലസ്തീനികളെ ക്രൂശിച്ചതില്‍ കുറ്റബോധം കൊണ്ടോ ആണ് പലരും ജീവനൊടുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സൈനികര്‍ക്കിടയിലെ ആത്മഹത്യ ഉയരുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇസ്രാഈലി പൊലീസ്.