ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. എങ്ങനെയാണ് ശശികല നടരാജന്‍ അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായതെന്ന് ചോദിച്ച കമ്മീഷന്‍ പാര്‍ട്ടിയോട് ഇതേ സംബന്ധിച്ച് വിശദീകരണം തേടി. രാജ്യസഭ എം.പി ശശികല പുഷ്പ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.

നേരത്തേയും ചിന്നമ്മക്കെതിരെ ശശികല പുഷ്പ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ ചിന്നമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല എത്തുകയായിരുന്നു. അതിനുശേഷമാണ് ഫെബ്രുവരി 9ന് മുഖ്യമന്ത്രിയാവാന്‍ ചിന്നമ്മ രംഗത്തെത്തുന്നത്. എന്നാല്‍ ആ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ശശികല ജനറല്‍ സെക്രട്ടറിയായതെന്ന് വിശദീകരിക്കാന്‍ അണ്ണാഡിഎം.കെയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ശശികല മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് നാളെ എംഎല്‍എമാരുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഈ വിഷയവും ഇതോടെ ചര്‍ച്ചയാകും.

അണ്ണാഡി.എം.കെ പാര്‍ട്ടി ഘടനയും ചട്ടങ്ങളും പാലിക്കാതെയായിരുന്നു പെട്ടെന്നുള്ള ശശികലയുടെ അധികാരമേറ്റെടുക്കല്‍. പാര്‍ട്ടി ഭരണഘടന പ്രകാരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള യോഗ്യതകള്‍ ഇല്ലെന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു.