ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം.

ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്‍ ഇതിനകം 203 പേര്‍ മരിച്ചതായി എഐഎഡിഎംകെയാണ് പാര്‍ട്ട് ഹെഡികോര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയലളിത മരിച്ച ഡിസംബര്‍ 4ന് തൊട്ടടുത്ത ദിവസങ്ങളിലായി 77 പേര്‍ മരിച്ചെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. തലൈവിയുടെ വിയോഗത്തില്‍ തമിഴ്‌നാട്ടില്‍ ആകെ 280 മരണമാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ജയലളിതയുടെ മരണത്തില്‍ മനംനനൊന്ത് മരിച്ചവരുടെ കുടുംബത്തിന് സഹായമായി മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും എഐഎഡിഎംകെ പ്രഖ്യാപിച്ചു.

എന്നാല്‍ പ്രവര്‍ത്തകരുടെ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരം കുറിപ്പിലില്ല. ജയലളിത ആസ്പത്രിയില്‍ അഡ്മിറ്റായ സെപ്തംബര്‍ 22ന് ശേഷമാണോ അതോ പിന്നീട് ഹൃദയാഘാതമുണ്ടായതിന് ശേഷമാണോ പ്രവര്‍ത്തകര്‍ മരിച്ചതെന്നും പാര്‍ട്ടി കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം 33 പേര്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കുന്നുണ്ട്.